Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:21 AM GMT Updated On
date_range 2018-04-23T10:51:00+05:30തെയ്യക്കോലങ്ങളില്‍ ചുവടുറപ്പിക്കാന്‍ ഹരിദാസന്‍
text_fieldsമങ്കട: നാടന്‍പാട്ടിലൂടെ ഉള്ളിലുള്ള കലാകാരനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച ഹരിദാസെൻറ നിയോഗം തെയ്യക്കോലങ്ങളുടെ ഉപാസകനാകാനായിരുന്നു. കലയിലെ കഴിവ് തെളിയിക്കാനും ഈ രംഗത്ത് കൂടുതല്‍ ഉയരങ്ങളിലെത്താനുമുള്ള ശ്രമത്തിലാണ് ഞാറക്കാട്ടില്‍ ഹരിദാസന്‍. തെയ്യംകെട്ടിെൻറ വിവിധ രൂപങ്ങളായ കുണ്ഡാര ചാമുണ്ടി, വട്ടമുടി, നാഗതെയ്യം, പൊട്ടൻ തെയ്യം, നാഗക്കളി തുടങ്ങിയ ഇനങ്ങള്‍ക്കൊപ്പം നാടന്‍പാട്ടിലും ചവിട്ടുകളിയിലും ഇതിനകം പ്രാഗല്ഭ്യം തെളിയിച്ച കലാകാരനാണ് ഇദ്ദേഹം. എന്നാല്‍, കലാരംഗത്ത് കൂടുതല്‍ വളരാൻ വേണ്ടത്ര പ്രോത്സാഹനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഹരിദാസന്‍ പറയുന്നു. തെൻറ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനും ആഗ്രഹമുണ്ടെങ്കിലും കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന് ഇതിന് സാധിക്കുന്നില്ല. നാടന്‍പാട്ടില്‍ തുടങ്ങിയ താല്‍പര്യം ഹരിദാസനെ മധു കോട്ടക്കല്‍ എന്ന കലാകാരനിലേക്കെത്തിച്ചു. ശബ്ദസൗന്ദര്യത്തില്‍ മികവുതെളിയിച്ച ഹരിദാസനെ മധുവാണ് തെയ്യംകെട്ടിലേക്ക് തിരിച്ചുവിട്ടത്. എന്നാല്‍, വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള തെയ്യം കളിയില്‍ മികവ് നേടിയെങ്കിലും നാട്ടിൽ ഹരിദാസന്‍ അറിയപ്പെടാതെ പോയി. ഏഴുവര്‍ഷമായി ഈരംഗത്ത് സജീവമായുണ്ട്. കൂട്ടില്‍ ശിവക്ഷേത്രത്തിലും ഏതാനും രാഷ്ട്രീയപരിപാടികളിലും അവസരം ലഭിച്ചതൊഴിച്ചാല്‍ നാട്ടില്‍ ഇദ്ദേഹം അന്യനാണ്. 'നന്തുണി' നാടന്‍പാട്ട് കലാസംഘം എന്ന പേരില്‍ നാട്ടില്‍ ഒരു കലാസംഘത്തിന് തുടക്കം കുറിച്ചെങ്കിലും രണ്ടുവര്‍ഷക്കാലത്തെ ആയുസ്സേ അതിനുണ്ടായുള്ളൂ. കണ്ണൂര്‍ കഴിഞ്ഞാല്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാമമാത്രമായേ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ളൂ. ഭാര്യ: സുനിത. അര്‍ച്ചന, കീര്‍ത്തന എന്നിവർ മക്കളാണ്.
Next Story