Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 10:59 AM IST Updated On
date_range 19 April 2018 10:59 AM ISTജില്ല ആശുപത്രിയിൽ ചികിത്സ കിട്ടാതെ മധ്യവയസ്കൻ മരിച്ചുവെന്ന് ആരോപണം
text_fieldsbookmark_border
പാലക്കാട്: ജില്ല ആശുപത്രിയിൽ രോഗി മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ആരോപണം. കിണാശേരി പട്ടിക്കാട് ഹൗസ് ധർമെൻറ മകൻ പരമേശ്വരനാണ് (56) ബുധനാഴ്ച പകൽ മൂന്നോടെ മരിച്ചത്. ഏപ്രിൽ 13നാണ് കടുത്ത തലവേദനയെ തുടർന്ന് പരമേശ്വരനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 16ന് ഐ.സി.യുവിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഐ.സി.യുവിൽ അത്യാസന്നനിലയിൽ എത്തിയ മറ്റൊരു രോഗിയെ പ്രവേശിപ്പിച്ചതിനാൽ പരമേശ്വരനെ വാർഡിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്ന പരമേശ്വരനെ വാർഡിലേക്ക് മാറ്റിയതും പരിചരണത്തിലുണ്ടായ വീഴ്ചയുമാണ് മരണകാരണമെന്ന് ഭാര്യയും മക്കളും ആരോപിച്ചു. ഭക്ഷണം നല്‍കാനായി മൂക്കില്‍ ഘടിപ്പിച്ച ട്യൂബ് വിട്ടുപോയതായും ഇത് ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പരിശോധനക്ക് എത്തിയ ഡോക്ടറാണ് ട്യൂബിെൻറ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചാലേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്ന് ബന്ധുക്കൾ നിലപാടെടുത്തതോടെ ചർച്ചയെ തുടർന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് ഡി.എം.ഒ ഡോ. കെ.പി. റീത്ത ഉറപ്പുനൽകി. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഭാര്യ: പാർവതി. മക്കൾ: അപർണ, ഐശ്വര്യ. തുടർക്കഥയാകുന്ന വീഴ്ചകൾ പാലക്കാട്: ജില്ല ആശുപത്രിയിൽ വീഴ്ചകൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചികിത്സപിഴവും പരിചരണത്തിലെ പ്രശ്നങ്ങളുമുന്നയിച്ച് ഉണ്ടായത് അഞ്ചോളം പരാതികൾ. കാലൊടിഞ്ഞ് ചികിത്സ തേടിയ അകത്തേത്തറ സ്വദേശിയായ മുത്തു എന്ന വയോധികന് കൈയുടെ എക്സ്റേ എടുത്തത് വിമർശനത്തിനിടയാക്കിയിരുന്നു. പൊള്ളലേറ്റ കൊല്ലങ്കോട് ചെമ്മണാമ്പതി സ്വദേശി വിജയമ്മ എന്ന സ്ത്രീക്ക് ചിക്കൻപോക്സ് പിടിപെട്ടതിനാൽ മടക്കി അയച്ചതും വിവാദമായിരുന്നു. കെ. ബാബു എം.എൽ.എ അടക്കമുള്ളവർ ഇടപെട്ടാണ് ഇവർക്ക് ചികിത്സ ഉറപ്പാക്കിയത്. ജില്ല ആശുപത്രിയിൽനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ രോഗിയെ ആംബുലൻസിൽനിന്ന് തലകീഴായി ഇറക്കിയതും രോഗി മരിച്ചതുമായിരുന്നു മറ്റൊരു വിവാദം. ഈ രോഗിക്ക് പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് പ്രാഥമിക ചികിത്സ ലഭ്യമായില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. മതിയായ ചികിത്സ ലഭിച്ചിരുന്നുവെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിെൻറ റിപ്പോർട്ട്. സഹായികളില്ലാത്ത രണ്ട് വയോധികരെ പരിചരിക്കുന്നതിൽ വീഴ്ചപറ്റിയതും മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ചികിത്സയിൽ വീഴ്ചവന്നുവെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കൾ നഴ്സിനെ മർദിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ സമരം നടത്തിയതും കഴിഞ്ഞ മാസങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story