Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:27 AM GMT Updated On
date_range 2018-04-14T10:57:00+05:30നെല്ലുസംഭരണം: പൊതുമേഖല ബാങ്കുകൾ കനിയുന്നില്ല, കർഷകർക്ക് 'കണ്ണീർക്കണി'
text_fieldsകുഴൽമന്ദം: സപ്ലൈകോക്ക് നെല്ല് അളന്ന് രണ്ടര മാസം കഴിഞ്ഞിട്ടും പണം കിട്ടാതെ കർഷകർ. സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകൾ കനിയാത്തതാണ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ജനുവരി 31 വരെ നെല്ല് അളന്നവർക്ക് മാത്രമാണ് പണം ലഭിച്ചിട്ടുള്ളത്. സംഭരിച്ച നെല്ലിന് സമയബന്ധിതമായി പണം ലഭിക്കുന്നതിന് വേണ്ടിയാണ് ആറ് സഹകരണ ബാങ്കുകളും ഒമ്പത് പൊതുമേഖല ബാങ്കുകളുമായി സപ്ലൈകോ ധാരണയിൽ എത്തിയത്. ഇതിൽ പൊതുമേഖല ബാങ്കുകളിൽ അക്കൗണ്ടുള്ള കർഷകരാണ് സംഖ്യ ലഭിക്കാതെ വലയുന്നത്. സപ്ലൈകോയിൽനിന്ന് നെല്ല് അളന്ന് പണം ലഭിക്കാനുള്ള കാലതാമസത്തിെൻറ പേരിൽ സർക്കാറിന് മുൻവർഷങ്ങളിൽ ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു. ഇതേതുടർന്നാണ് നെല്ല് അളന്ന കർഷകന് ഒരാഴ്ചക്കുള്ളിൽ പണം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സർക്കാർ ജാമ്യവ്യവസ്ഥയിൽ സഹകരണ-പൊതുമേഖല ധനകാര്യസ്ഥാപനങ്ങളുമായി കരാറിൽ എത്തിയത്. സപ്ലൈകോയിലെ പാഡി മാർക്കറ്റിങ് ഒാഫിസറിൽനിന്ന് ലഭിക്കുന്ന പി.ആർ.എസ് ബാങ്കുകളിൽ ഹാജരാക്കിയാൽ ഒരാഴ്ചക്കുള്ളിൽ അളന്ന നെല്ലിെൻറ പണം കർഷകരുടെ അക്കൗണ്ടിലേക്ക് വായ്പയായി നൽകുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്. ഈ സംഖ്യ പിന്നീട് സർക്കാർ പലിശ ഉൾെപ്പടെ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകും. പദ്ധതിയുടെ തുടക്കത്തിൽ പല സ്ഥാപനങ്ങളും സമയബന്ധിതമായി നൽകിയെങ്കിലും പിന്നീട് ശുഷ്കാന്തി കാണിച്ചില്ല. പൊതുമേഖല ബാങ്കുകളിലും മതിയായ ജീവനക്കാർ ഇല്ലാത്തതും ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ സാമ്പത്തിക വർഷാവസാന തിരക്കുമാണ് പണം കൊടുക്കൽ വൈകാൻ കാരണമായത് എന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. ഇതുവരെ സംസ്ഥാനത്ത് ഒന്ന്, രണ്ട് സീസണുകളിലായി സപ്ലൈകോ 3.64 ലക്ഷം മെട്രിക് ടൺ സംഭരിച്ചിട്ടുണ്ട്. ജൂൺ 30 വരെയാണ് ഈ സീസണിലെ സംഭരണ കാലയളവ്. 23.30 രൂപയാണ് സർക്കാർ താങ്ങുവില. ഇതിൽ 15.50 രൂപ കേന്ദ്ര സർക്കാറിെൻറ അടിസ്ഥാന താങ്ങുവിലയും, 7.80 രൂപ സംസ്ഥാന സർക്കാറിെൻറ ഇൻസെൻറീവുമാണ്. 1,66,356 കർഷകരാണ് സപ്ലൈകോയിൽ ഈ പ്രാവശ്യം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Next Story