Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:08 AM GMT Updated On
date_range 2018-04-14T10:38:59+05:30വേനല്‍ കനക്കുന്നു; വേങ്ങരയിലെ പദ്ധതികള്‍ പലതും വെള്ളത്തിൽ
text_fieldsവേങ്ങര: വേനൽച്ചൂട് കനക്കുമ്പോഴും വേങ്ങരയിലെ ജലസംരക്ഷണ പദ്ധതികൾ പലതും നിഷ്ഫലം. രണ്ടുവര്‍ഷം മുമ്പ് കടലുണ്ടിപ്പുഴക്ക് കുറുകെ നിര്‍മാണം പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്ത തടയണ തീരെ പ്രയോജനം ചെയ്യില്ലെന്നുറപ്പായി. കല്ലക്കയം തടയണയാണ് ചോര്‍ച്ച കാരണം വെള്ളം തടഞ്ഞുനിര്‍ത്താനാവാതെ നോക്കുകുത്തിയായത്. വിവിധ കുടിവെള്ള പദ്ധതികള്‍ക്കും ജലസേചന പദ്ധതികള്‍ക്കും ജലം സുലഭമായി ലഭിക്കുമെന്ന ധാരണയിൽ ഏകദേശം അഞ്ചുകോടി രൂപ ചെലവിലാണ് തടയണ നിർമാണം പൂര്‍ത്തിയാക്കിയത്. നിർമാണത്തിലെ അശാസ്ത്രീയതയും സ്ഥാനനിർണയത്തിലെ അപാകതകളും കാരണമാണ് തടയണക്ക് വെള്ളം താങ്ങിനിര്‍ത്താന്‍ കഴിയാത്തതെന്ന് വിലയിരുത്തപ്പെടുന്നു. കടലുണ്ടിപ്പുഴയില്‍ നേരത്തെ വിദഗ്ധാഭിപ്രായപ്രകാരം നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സ്ഥലത്ത് പിന്നീട് അകാരണമായി പണി നിര്‍ത്തിവെക്കുകയും കല്ലക്കയത്ത് പണി തുടങ്ങുകയുമായിരുന്നു. പദ്ധതിയില്‍ വരുത്തിയ മാറ്റം അന്നേ വിവാദമാവുകയും ചെയ്തു. ഏറ്റവും താഴ്ചയുള്ള ഭാഗത്തുമാത്രം ഏകദേശം ഒന്നര മീറ്ററോളം വെള്ളം മാത്രമാണ് തടയണയില്‍ ഇപ്പോഴുള്ളത്. ഇതുതന്നെ വളരെ കുറഞ്ഞ സ്ഥലത്ത് മാത്രം. പമ്പ് ഹൗസുകളിലേക്ക് വെള്ളം ശേഖരിക്കാൻ പൈപ്പുകള്‍ ഇറക്കിയിടത്തെല്ലാം വെള്ളം താഴ്ന്ന് മണല്‍പരപ്പ് പൊങ്ങിയ സ്ഥിതിയിലാണ് തടയണയുടെ ഇപ്പോഴത്തെ കിടപ്പ്. ഈ വര്‍ഷവും ഏപ്രില്‍, മേയ് മാസങ്ങളില്‍ കുടിവെള്ളം ലഭിക്കാന്‍ നന്നേ പ്രയാസപ്പെടുമെന്ന് പുഴയോരവാസികള്‍ ആശങ്കപ്പെടുന്നു. കഴിഞ്ഞ വേനലില്‍ തടയണയുടെ ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പദ്ധതിയെ കുറിച്ച് വ്യാപകമായി അഴിമതി ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് വിജിലന്‍സിന് പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. ചെറുതും വലുതുമായ ഡസനോളം കുടിവെള്ള പദ്ധതികൾക്കും മൈനർ ഇറിഗേഷൻ പദ്ധതികൾക്കും വേണ്ട ജലം ലഭ്യമല്ലാത്തതിനാല്‍ കല്ലക്കയത്ത് തടയണ നിർമിക്കണമെന്നുള്ള നാട്ടുകാരുടെ വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് തടയണ നിർമിച്ചത്. വടക്കുമുറി ജുമാമസ്ജിദ് കടവിനു സമീപം വെള്ളമുള്ള ഭാഗത്താണ് ആദ്യഘട്ടത്തിൽ തടയണക്ക് പദ്ധതിയിട്ടത്. ഇതിനായി ഈ ഭാഗത്ത് പൈലിങ് നടത്തി പാറയുടെ കാഠിന്യം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, തടയണ നിർമിച്ചത് കല്ലക്കയത്ത് നേരത്തെ വർഷംതോറും താൽക്കാലിക തടയണ നിർമിച്ചിരുന്ന ഭാഗത്താണ്. കടവിന് താഴ്ഭാഗത്ത് തടയണ നിർമിച്ചാൽ കടവ് നഷ്ടമാവുമെന്നതിനാൽ ബാഹ്യശക്തികളുടെ ഇടപെടലാണ് സ്ഥാനമാറ്റത്തിനിടയാക്കിയതെന്ന് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു. 4,40,86,156 രൂപ ചെലവിട്ടാണ് കല്ലക്കയത്ത് തടയണ നിർമാണം പൂർത്തീകരിച്ചത്. കേരള വാട്ടർ അതോറിറ്റി പ്രവൃത്തി ടെൻഡർ വിളിച്ച് നിർമാണമാരംഭിച്ച ശേഷം കോൺക്രീറ്റിലുള്ള ഡിസൈൻ പ്രകാരം പ്രവൃത്തി തുടരാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെ തുടർന്ന് ഷീറ്റ് അടിച്ചിറക്കിയുള്ള പുതിയ ഡിസൈനിലേക്ക് മാറ്റി റീടെൻഡർ വിളിക്കുകയായിരുന്നു. ചുമതല വാട്ടർ അതോറിറ്റിയില്‍നിന്ന് മാറ്റി മൈനർ ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ വകുപ്പിന് നൽകിയിരുന്നു. ഈ നടപടിയിലും ദുരൂഹതയുള്ളതായി ആക്ഷേപമുണ്ട്. കല്ലക്കയത്തെ വിവിധ പദ്ധതികള്‍ക്ക് വെള്ളം ലഭ്യമാവുന്നതോടൊപ്പം ഒന്നര കിലോ മീറ്ററോളം ഭാഗത്ത് വെള്ളത്തിെൻര ഉയര്‍ച്ച ഉണ്ടാവുമെന്നുമായിരുന്നു അധികൃതരുടെ അവകാശവാദം. പണി പൂർത്തിയായി ആദ്യ വേനലിൽതന്നെ വെള്ളം തടഞ്ഞുനിർത്താൻ തടയണക്കായിട്ടില്ല. വെള്ളം കെട്ടിനിന്ന സമയത്ത് നിരവധി ഭാഗങ്ങളിൽ കാര്യമായ ചോർച്ചയുമുണ്ടായി. ഗ്രാമപഞ്ചായത്ത് അധികൃതര്‍, തടയണ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എന്നിവരില്‍നിന്ന് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടർ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്തുതന്നെ തുടര്‍ നടപടികളുണ്ടാവുമെന്നാണ് സൂചന.
Next Story