Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 11:05 AM IST Updated On
date_range 9 April 2018 11:05 AM ISTപുഴയിൽ കോഴിമാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി
text_fieldsbookmark_border
പിരായിരി: അനേകം കുടിവെള്ളപദ്ധതികൾ പ്രവർത്തിക്കുന്ന പുഴയിൽ ലോഡുകണക്കിന് കോഴിമാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി. പിരായിരി പഞ്ചായത്തിലെ 20ാം വാർഡിൽ പൂടൂർ പുഴ പാലത്തിനുതാഴെ കണ്ണാടി പുഴയരികിലൂടെ പുതുതായി നിർമിച്ച പൂടൂർ അഞ്ചാംമൈൽ റോഡിെൻറ അരികിലാണ് പുഴയിൽ നൂറുകണക്കിന് ചാക്ക് കോഴിമാലിന്യം തള്ളിയത്. പൊലീസ് സാന്നിധ്യത്തിൽ മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ നാട്ടുകാർ തിരിച്ചെടുപ്പിച്ചു. സംഘത്തെ നാട്ടുകാർ പതിയിരുന്നാണ് പിടികൂടിയത്. സംഭവത്തിൽ പാലക്കാട് ചക്കാന്തറ സ്വദേശികളായ ജാവേദ് (32), നിസാർ (30) എന്നിവർ പിടിയിലായി. കോഴിക്കടയിലെ നാല് തൊഴിലാളികളും പിടിയിലായിട്ടുണ്ട്. റോഡ് നിർമിച്ചത് മുതൽ ഈ ഭാഗത്ത് കോഴിമാലിന്യം തള്ളൽ പതിവായിരുന്നു. റോഡിെൻറ പരിസരത്തെ വീട്ടുകാർ ദുർഗന്ധം കാരണം വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കാൻ പോലുമാകാതെ ദുരിതത്തിലായിരുന്നു. മാലിന്യം തള്ളുന്നത് പതിവായതോടെ ഇവരെ പിടികൂടാൻ ജനം തീരുമാനിച്ചു. ഞായറാഴ്ച പുലർച്ച മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് പുഴയിൽ തള്ളുമ്പോഴാണ് നാട്ടുകാർ കൈയോടെ പിടികൂടിയത്. മാത്തൂർ പഞ്ചായത്തിലെ പാലപ്പൊറ്റയിൽ പ്രവർത്തിക്കുന്ന കോഴിക്കടക്കാരായിരുന്നു മാലിന്യം തള്ളാനെത്തിയത്. നാട്ടുകാർ ഉടനെ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. എസ്.ഐ രഞ്ജിത്തും പൊലീസുകാരും സ്ഥലത്തെത്തി. മാലിന്യം തള്ളിയവരെയും വാഹനവും കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് പിരായിരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഇസ്മയിൽ, വാർഡ് അംഗം അജിത എന്നിവരുൾപ്പെടെ നാട്ടുകാർ സ്ഥലത്തെത്തി. മാലിന്യം തിരികെ കയറ്റാൻ തുടങ്ങിയതോടെ ദുർഗന്ധം മൂലം അഞ്ചോളം പേർക്ക് തലകറക്കമുണ്ടായി. മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മാലിന്യം തള്ളിയ ഭാഗം മാത്തൂർ, പിരായിരി, പറളി പഞ്ചായത്തുകളുടെ പ്രധാന കുടിവെള്ള വിതരണ പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. മലയാളം ഭാഷ പാഠ്യപദ്ധതി കാര്യക്ഷമമാക്കണം പാലക്കാട്: വിക്ടോറിയ കോളജിൽ എം.എ മലയാളം കോഴ്സ് ആരംഭിക്കണമെന്ന് സൗഹൃദം ദേശീയവേദി ആവശ്യപ്പെട്ടു. മലയാളം ഭാഷ പാഠ്യപദ്ധതി കാര്യക്ഷമമാക്കുകയും ഭരണത്തിൽ മലയാള ഭാഷാവത്കരണം സമ്പൂർണമാക്കുകയും കവി ബാലചന്ദ്രൻ ചുള്ളിക്കാടിെൻറ വിമർശനം ഉൾക്കൊണ്ട് ഭാഷാപഠനം കുറ്റമറ്റതാക്കുകയും വേണമെന്നും ഇവർ ആവശ്യപ്പെട്ടു. സുൽത്താൻപേട്ടയിലെ പബ്ലിക് ലൈബ്രറിയിൽ മലയാള ഭാഷയുടെ വളർച്ചയും തളർച്ചയും എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ഉയർന്നത്. മലയാള സമ്മേളനവും മലയാള ഭാഷ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. പ്രസിഡൻറ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. 'അഞ്ചുവിളക്ക് പറയുന്ന കഥ' നാടകത്തിനുള്ള പുരസ്കാരം സംവിധായകൻ രവി തൈക്കാടിന് മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ സമ്മാനിച്ചു. നടൻ ശിവശങ്കരനെ ആദരിച്ചു. 'മലയാളഭാഷയും ഒ.വി. വിജയനും' വിഷയത്തിൽ ഡോ. പി. മുരളി സംസാരിച്ചു. അവാർഡ് ജേതാക്കൾക്കുള്ള കീർത്തിപത്രം വായന ദാസ് മാട്ടുമന്ത നിർവഹിച്ചു. രവീന്ദ്രൻ മലയങ്കാവ്, പ്രഫ. ലത നായർ, ഡേവിഡ് മാത്യു, ടി.എസ്. പീറ്റർ, രാധാകൃഷ്ണൻ രാമശ്ശേരി, കെ. മണികണ്ഠൻ, വിപിൻ ചന്ദ്രൻ, എസ്. കരുണാകരൻ, വി.ആർ. കുട്ടൻ, മുല്ലക്കൽ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. കുടുംബസംഗമം പിരായിരി: എൻ.എസ്.എസ് വനിത സമാജത്തിെൻറ കുടുംബസംഗമം എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് അഡ്വ. കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബിജി മനോജ് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ സെക്രട്ടറി സി. ഗോപീകൃഷ്ണൻ, ജെ. ബേബി ശ്രീകല, യു. ശിവശങ്കരൻ നായർ, ഗീത ശങ്കർ, ബി. വിശ്വംഭരൻ പിള്ള, വി. നളിനി, ഗോവിന്ദൻകുട്ടി, വി. ഗോപിനാഥൻ, വി. രാഘവനുണ്ണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജി മനോജ് (പ്രസി.), ജയഭാരതി (വൈ. പ്രസി.), ഗീത ശങ്കർ (സെക്ര.), സിന്ധു മോഹൻ (ജോ. സെക്ര.), രമ്യ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story