Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:40 AM IST Updated On
date_range 21 Oct 2017 10:40 AM ISTകൂട്ടസ്ഥലം മാറ്റം; പൊന്നാനി നഗരസഭ പ്രവർത്തനം മന്ദഗതിയിലേക്ക്
text_fieldsbookmark_border
പൊന്നാനി: നഗരസഭയിലെ ജീവനക്കാർക്ക് കൂട്ടസ്ഥലം മാറ്റം. ഇതോടെ നഗരസഭയിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാവാൻ സാധ്യതയുണ്ട്. സൂപ്രണ്ട്, രണ്ട് സീനിയർ ക്ലർക്ക്, റവന്യൂ ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, രണ്ട് ഓഫിസ് അസിസ്റ്റൻറുമാർ എന്നിവരാണ് പൊന്നാനിയിൽനിന്ന് സ്ഥലം മാറിപോകുന്നത്. കൂടാതെ മുനിസിപ്പൽ എൻജിനീയർക്കും സ്ഥലം മാറ്റമുണ്ടെന്നാണ് അറിയുന്നത്. ജീവനക്കാരും ആവശ്യപ്പെട്ടത് പ്രകാരമാണ് സ്ഥലം മാറ്റം ലഭിച്ചത്. ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് പ്രയാസമാകും. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ നഗരസഭയാണ് പൊന്നാനി. വാർഡുകളുടെ എണ്ണത്തിലും ജനസാന്ദ്രതയിലും സംസ്ഥാനത്തുതന്നെ വലിയ നഗരസഭകളിൽ ഒന്നു കൂടിയാണ് പൊന്നാനി. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് പൊന്നാനി നഗരസഭയെ ഫസ്റ്റ് ഗ്രേഡ് നഗരസഭയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനാവശ്യമായ സ്റ്റാഫ് പാറ്റേൺ നഗരസഭക്കില്ല. നിലവിലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് തേർഡ് ഗ്രേഡ് പരിധിയിലാണ് പൊന്നാനി. എൻജിനീയറിങ് വിഭാഗത്തിലാണ് ജീവനക്കാരുടെ കുറവ് ഏറെ ബുദ്ധിമുട്ടാകുന്നത്. അസി. എൻജിനീയർ മാത്രമാണ് എൻജിനീയറിങ് വിഭാഗത്തിലുള്ളത്. വാർഡുകളുടെ എണ്ണവും ജനസംഖ്യാനുപാതവും നോക്കിയാൽ പൊന്നാനി നഗരസഭക്ക് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അനിവാര്യമാണ്. അതേസമയം, തൊട്ടടുത്ത നഗരസഭകളായ ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം അസി. എക്സിക്യൂട്ടിവ് എൻജിനീയറുണ്ട്. ആരോഗ്യ വിഭാഗത്തിലും ജീവനക്കാരുടെ കുറവ് മൂലം പദ്ധതി പ്രവർത്തനങ്ങൾ താളംതെറ്റുന്നുണ്ട്. ജനന, മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതുമുതൽ പിടിപ്പത് പണിയാണ് ആരോഗ്യ വിഭാഗത്തിന്. താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് കുറച്ചെങ്കിലും പദ്ധതികൾ നടപ്പാക്കുന്നത്. പല പദ്ധതികളും നടപ്പാക്കേണ്ട സമയമാണിപ്പോൾ. ഇതിൽ നാലുപേർ ഇതിനകം സ്ഥലം മാറിപ്പോയി. ഇവർക്ക് പകരമായി പുതിയ ജീവനക്കാർ എത്തിയിട്ടുമില്ല. നിലവിലെ സ്റ്റാഫ് പാറ്റേണിനു പുറമെ 20 ജീവനക്കാരെയെങ്കിലും നിയമിച്ചാൽ മാത്രമെ നഗരസഭയുടെ പദ്ധതികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. കുടുംബശ്രീ കമ്യൂണിറ്റി സ്കൂളിന് തുടക്കമായി പൊന്നാനി: പൊന്നാനി നഗരസഭയിൽ കുടുംബശ്രീ കമ്യൂണിറ്റി സ്കൂളിന് തുടക്കമായി. നഗരസഭയിലെ സി.ഡി.എസ് ഒന്നും രണ്ടിലേയുമുള്ള ആർ.പിമാർക്കുള്ള പരിശീലന സ്കൂളാണ് തുടങ്ങിയത്. കുടുംബശ്രീ സംവിധാനം താഴെതട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കമ്യൂണിറ്റി സ്കൂൾ സംഘടിപ്പിക്കുന്നത്. ഒരു വാർഡിൽനിന്ന് ആറ് റിസോഴ്സ് പേഴ്സന്മാരാണ് (ആർ.പി) ആറുദിവസം മൂന്ന് ബാച്ചുകളായി നടക്കുന്ന ക്ലാസിൽ പങ്കെടുക്കുന്നത്. അടുത്ത ഘട്ടത്തിൽ വാർഡുതല സ്കൂളുകൾ സംഘടിപ്പിച്ച് ക്ലാസെടുക്കും. കുടുംബശ്രീ സംഘടന, കുടുംബശ്രീ പദ്ധതികൾ, ജെൻറർ വികസനം, ആരോഗ്യം ശുചിത്വം, വിമുക്തി, അഴിമതിമുക്ത സമൂഹം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്. പൊന്നാനി നഗരസഭ കുടുംബശ്രീ ഹാളിൽ നടന്ന ക്ലാസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീന സുദേശൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് -ഒന്ന് പ്രസിഡൻറ് ഭാർഗവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആർ.പി പി.കെ. സജിത്ത്, സി.ഡി.എസ് ഒന്ന് ആർ.പി കെ. മജില, സി.ഡി.എസ് രണ്ട് ആർ.പി സൗദ എന്നിവർ ക്ലാസെടുത്തു. അംഗം സെക്രട്ടറി റിയാസ് സ്വാഗതവും സാഹിദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story