Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 10:34 AM IST Updated On
date_range 9 Oct 2017 10:34 AM ISTരാഷ്ട്രീയ വടംവലി: നിലമ്പൂർ ഗവ. കോളജിെൻറ പ്രവർത്തനാനുമതി നീളുന്നു
text_fieldsbookmark_border
നിലമ്പൂർ: രാഷ്ട്രീയ വടംവലിയെ തുടർന്ന് നിലമ്പൂർ ഗവ. കോളജിെൻറ പ്രവർത്തനാനുമതി നീളുന്നു. മുൻ യു.ഡി.എഫ് സർക്കാറിെൻറ അവസാന കാലത്താണ് നിലമ്പൂരിന് സർക്കാർ കോളജ് അനുവദിച്ചത്. എന്നാൽ, യു.ഡി.എഫ് സർക്കാറിെൻറ ഉത്തരവ് പുതിയ സർക്കാർ പുനഃപരിശോധനക്ക് വെച്ചതോടെ കോളജിെൻറ കാര‍്യത്തിൽ അവ‍്യക്തത നിലനിന്നിരുന്നു. എന്നാൽ, തടസ്സം നീങ്ങി കോളജിന് ജീവൻവെച്ചതോടെയാണ് പുതിയ വിവാദം തുടങ്ങിയത്. നിലമ്പൂർ മാനവേദൻ സ്കൂളിലാണ് കോളജ് തുടങ്ങാൻ നടപടി ആരംഭിച്ചിരുന്നത്. എന്നാൽ, മാനവേദൻ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടി സർക്കാർ തലത്തിൽ ആരംഭിക്കുകയും മിനി അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അനുമതി ലഭിക്കുകയും ചെയ്തതോടെ കോളജ് പി.വി. അൻവർ എം.എൽ.എ പൂക്കോട്ടുംപാടത്തേക്ക് മാറ്റാൻ തീരുമാനിച്ചത് തർക്കത്തിനിടയാക്കി. എന്നാൽ, ഇതിനെതിരെ കോൺഗ്രസും സി.പി.ഐയും ലീഗും എതിർപ്പുമായെത്തി. കോളജ് സംരക്ഷണസമിതി കോളജ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. എതിർപ്പുകൾക്കിടയിലും പൂക്കോട്ടുംപാടത്ത് കോളജ് തുടങ്ങാനുള്ള നടപടിയുമായി എം.എൽ.എയുടെ പിന്തുണയോടെ വ‍്യാപാരി വ‍്യവസായി സംഘടനയും രാഷ്ട്രീയപാർട്ടികളും പൊതുസമൂഹവും രംഗത്തിറങ്ങി. കോളജ് തുടങ്ങുന്നതിന് താൽക്കാലിക കെട്ടിടം കണ്ടെത്തുകയും പ്രഫ. സി.ടി. സലാഹുദ്ദീനെ സ്പെഷൽ ഓഫിസറായി നിയമിക്കുകയും ചെയ്തു. കോളജ് മാറ്റുന്നതിനെ എതിർത്ത എം.എസ്.എഫ് കോളജ് എവിടെ തുടങ്ങുന്നതിനും തടസ്സമില്ലെന്നും ഈ അധ‍്യായനവർഷം ആരംഭിക്കണമെന്നും ആവശ‍്യപ്പെട്ട് പിന്നീട് രംഗത്ത് വരികകൂടി ചെയ്തത് പൂക്കോട്ടുംപാടത്ത് കോളജ് തുടങ്ങുന്നതിന് കൂടുതൽ കരുത്ത് പകർന്നു. ഈ അധ‍്യായന വർഷംതന്നെ കോളജ് ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തുകയും പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജിലെ ഹെഡ് അക്കൗണ്ടൻറ് എം. അജയകുമാറിനെ സ്പെഷൽ ഓഫിസർക്ക് സഹായിയായി സേവന ക്രമീകരണ വ‍്യവസ്ഥയിൽ നിയമിച്ച് കോളജ് വിദ‍്യാഭ‍്യാസ ഡയറക്ടർ ഉത്തരവിറക്കി. കോളജ് ഈ അധ‍്യായന വർഷം തുടങ്ങുന്നതിന് സെപ്റ്റംബർ ആദ‍്യവാരം ധനകാര‍്യ വകുപ്പിെൻറ അനുമതി ലഭിക്കുകയും മൂന്ന് കോഴ്സുകൾ അനുവദിക്കുകയും ചെയ്തു. ഇതിനിടെ കോളജ് മാറ്റിയതിനെതിരെ സംരക്ഷണ സമിതി വീണ്ടും ഹൈകോടതിയെയും ഗവർണറെയും സമീപിക്കുകയും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് യൂനിവേഴ്സിറ്റിക്ക് ഗവർണർ നിർദേശം നൽകുകയും ചെയ്തു. ഇതേതുടർന്നാണ് പ്രവർത്തനാനുമതി വീണ്ടും പ്രതിസന്ധിയിലായത്. യൂനിവേഴ്സിറ്റിയുടെ അനുമതി ഇനിയും നീളുകയാണെങ്കിൽ ഈ അധ‍്യായന വർഷം കോളജ് ആരംഭിക്കാനാവില്ല. ഒരു സെമസ്റ്ററിൽ 90 പ്രവൃത്തി ദിവസങ്ങൾ വേണമെന്നാണ് ചട്ടം. രണ്ട് സെമസ്റ്ററുള്ള നിലമ്പൂർ കോളജിന് 180 പ്രവൃത്തി ദിവസം വേണ്ടതുണ്ട്. ശനിയാഴ്ച പ്രവൃത്തി ദിവസമായി കണക്കാക്കിയാൽ ഈ പ്രതിസന്ധി മറികടക്കാവുന്നതാണ്. സെപ്റ്റബർ 20ന് നടന്ന സിൻഡിക്കേറ്റിൽ കോളജ് തുടങ്ങാൻ തീരുമാനിച്ചെങ്കിലും മിനുട്സിൽ ഗവർണറുടെ അനുമതിയോടെയെന്നാണ് എഴുത്തിച്ചേർത്തത്. കഴിഞ്ഞ സർക്കാറിെൻറ അവസാന കാലത്ത് അനുവദിച്ച മറ്റ് ഏഴ് കോളജുകൾക്കും ഗവർണറുടെ പ്രത‍്യേക അനുമതി വാങ്ങേണ്ടതായി വന്നിട്ടില്ല. ഈ കോളജുകളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉത്തരവിൽ ഗവർണർ ഒപ്പിടുന്നതിനാൽ ഇതിെൻറ ആവശ‍്യകത ഇല്ല. എന്നാൽ, നിലമ്പൂർ കോളജിനെതിരെ പരാതി ഉയർന്നതോടെയാണ് ഈ സാഹചര‍്യം ഉണ്ടായത്. ഈ അധ‍്യായന വർഷംതന്നെ കോളജ് തുടങ്ങാനുള്ള സാഹചര‍്യം നിലനിൽക്കെ തികച്ചും രാഷ്ട്രീയ വടംവലിയെ തുടർന്നുള്ള എതിർപ്പുകൾ കോളജിനും വിദ‍്യാർഥികൾക്കും തിരിച്ചടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story