Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2017 3:16 PM GMT Updated On
date_range 2017-05-15T20:46:49+05:30കുളമെന്തിന്... കിണറെന്തിന്... വെള്ളം വണ്ടികയറി വരും!
text_fieldsമലപ്പുറം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് മലപ്പുറം നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമം. എല്ലാ വേനലിലും മുറപോലെ വരൾച്ച എത്തുന്നു. കൗൺസിലിൽ ബഹളം മാത്രം നടക്കുന്നു. ഇന്നും അതൊക്കെതന്നെ മാറ്റമില്ലാതെ തുടരുന്നു. പദ്ധതികളേറെ അന്നും ചർച്ചയിലുണ്ടായിരുന്നു. നഗരത്തിലെ കിണറുകളും കുളങ്ങളും നേരെയാക്കുമെന്ന് അന്നുമുണ്ടായി പ്രഖ്യാപനങ്ങൾ. എന്നാൽ, 2017ലും ഇതൊക്കെ തന്നെയാണ് വാട്ടർ അതോറിറ്റിയുടെയും നഗരസഭാധികൃതരുടെയും ചർച്ച. ഈ ക്ഷാമകാലത്തും നഗരത്തിൽ എത്ര പൊതുകിണറുകളുണ്ടെന്ന് ചോദിച്ചാൽ മറുപടി പറയേണ്ടവർ ഒന്ന് അറയ്ക്കും. എന്നാൽ കേട്ടോളൂ, നഗരത്തിലിന്ന് ഉപയോഗിക്കാവുന്ന തരത്തിൽ നാല് കിണറുകൾ മാത്രമാണുള്ളതെന്ന് നഗരസഭ പറയുന്നു. മലപ്പുറം ടൗൺഹാൾ മുറ്റത്ത്, ഡി.ടി.പി.സി ഓഫിസ് വളപ്പിൽ, കോട്ടപ്പടി തിരൂർ റോഡ് ഭാഗത്ത്, വലിയങ്ങാടിയിൽ. എട്ട് വർഷംമുമ്പ് കോട്ടപ്പടി പെട്രോൾ പമ്പിന് മുൻവശമുണ്ടായിരുന്നു ഒരു കിണർ. വികസനം വന്നപ്പോൾ അതെല്ലാം സ്ലാബിനടിയിലായി. നഗരസഭ ശ്രമിച്ചാൽ ഈ കിണർ വീണ്ടെടുക്കാവുന്നതേയുള്ളൂ. അന്ന് സമീപത്തെ കടകളിലേക്കെല്ലാം വെള്ളമെടുത്തിരുന്നത് ഇവിടെ നിന്നായിരുന്നുവത്രേ. എന്നാൽ, പൊതുകുളങ്ങളും കിണറുകളും വീണ്ടെടുക്കുമെന്ന് പ്രഖ്യാപനം നടത്തുന്ന നഗരസഭ ഈ കിണറിനെ പറ്റി മിണ്ടുന്നേയില്ല. ‘പൊതുകുളങ്ങൾ’ എന്ന് അധികൃതർ പറയുമ്പോഴും നിലവിൽ മേൽമുറി കോണാംമ്പാറയിലെ അഞ്ച്ചീനികുളം മാത്രമാണ് പൊതുകുളമായി ഉള്ളത്. ഇതാകട്ടെ കുടിവെള്ളമെന്ന നിലക്ക് സംരക്ഷിക്കപ്പെടുന്നില്ലെന്നതാണ് സത്യം. ഇന്ന് പ്രദേശവാസികൾ അലക്കാനും കുളിക്കാനുമാണ് ഇൗ കുളത്തെ ആശ്രയിക്കുന്നത്. കിണറും കുളങ്ങളും വിട്ട് കുടിവെള്ള പദ്ധതികളെ കുറിച്ച് പറഞ്ഞാലും സ്ഥിതിയിൽ മാറ്റമില്ല. നാമ്പ്രാണി പദ്ധതിക്ക് പുതിയ ചെക്ക്ഡാം നിർമിക്കൽ, നിലവിലെ തടയണയിലെ ചോർച്ച മാറ്റൽ ഇതൊക്കെ വർഷങ്ങളായി പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ നാമ്പ്രാണിയിൽ നിന്നാണ് മേൽമുറി വില്ലേജിലേക്ക് കൂടി വെള്ളമെടുക്കുന്നത്. ഹാജിയാർപ്പള്ളി പൈപ്പ്ലൈൻ ഒരുകിലോമീറ്റർ നീട്ടിയാൽ നാമ്പ്രാണിയിൽനിന്ന് മേൽമുറിയെ ഒഴിവാക്കാം. ഇത് മലപ്പുറം നഗരസഭക്ക് കൂടുതൽ വെള്ളം കിട്ടാൻ സഹായിക്കും. എന്നാൽ, ഈ പരിഷ്കാരവും അടുത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മൂർക്കനാട് പദ്ധതിയിൽനിന്നുള്ള വെള്ളം കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രദേശങ്ങളിലെത്തുന്നുണ്ട്. അരകിലോമീറ്റർ കൂടി പൈപ്പ് ലൈൻ നീട്ടിയാൽ നഗരസഭക്കുകൂടി മൂർക്കനാട്ടെ വെള്ളം കുടിക്കാം. പക്ഷേ, ഈ വേനലിലും ഇത് നടപ്പായിട്ടില്ല.
Next Story