Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2017 12:49 PM GMT Updated On
date_range 2017-05-01T18:19:01+05:30വൈദ്യുതിയും ഇനി ഭൂമി തുരന്നെത്തും
text_fieldsമലപ്പുറം: ചെലവേറെയെങ്കിലും ഭൂമിക്കടിയിലൂടെ വൈദ്യുതി കേബിളുകൾ സ്ഥാപിക്കൽ ജില്ലയിലും വ്യാപകമാകുന്നു. ഹൈടെൻഷൻ ലൈനുകളാണ് ഇത്തരത്തിൽ ആദ്യമായി സ്ഥാപിക്കുന്നത്. വൈദ്യുതിക്കാൽ സ്ഥാപിച്ചുള്ള ലൈൻവലിക്കാനുള്ള ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ മണ്ണിനടിയിൽ കേബിൾ സ്ഥാപിക്കാൻ ഇരട്ടി ചെലവാണ് വരുന്നത്. എങ്കിലും കാറ്റും മഴയും ശക്തമായാൽ വൈദ്യുതിക്കമ്പികൾ പൊട്ടിവീണുള്ള അപകടങ്ങളും ദിവസങ്ങളോളമുള്ള വൈദ്യുതി തടസ്സവും ഒഴിവാക്കാനാകുമെന്നതാണ് ഗുണം. കേന്ദ്രസർക്കാർ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മലപ്പുറം 110 കെ.വി സബ്സ്റ്റേഷനിൽനിന്ന് ഈസ്റ്റ് സെക്ഷൻ പരിധിയിലെ ട്രാൻസ്ഫോർമറുകളിലേക്ക് ഭൂഗർഭ കേബിൾ വലിക്കുന്ന ജോലിയാണ് നടക്കുന്നത്. ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള കേബിളുകൾ ഇതിനരികിൽ ചാലുകീറി അതിലൂടെയാണ് സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. വൈദ്യുതിക്കമ്പികൾ പ്രത്യേകം തയാറാക്കിയ പോളി എത്തിലിൻ പൈപ്പുകളിലാക്കുന്നതിനാൽ വൈദ്യുതി നഷ്ടം, ഷോക്കടിക്കൽ എന്നിവയും ഒഴിവാക്കാനാകും. വൈദ്യുതിക്കാൽ സ്ഥാപിച്ച് ലൈൻ വലിക്കാൻ മീറ്ററിന് 600 രൂപ ചെലവാകുമെന്നാണ് അധികൃതർ പറയുന്നത്. ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ മീറ്ററിന് 1,100 രൂപക്ക് മുകളിലാണ് ചെലവ്. പത്ത് കിലോമീറ്ററോളം ദൂരം നഗരത്തിൽ കേബിൾ സ്ഥാപിക്കുന്നുണ്ട്. രണ്ടരക്കോടിയോളം രൂപ ഇതിനായി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മുണ്ടുപറമ്പ് മുതൽ കോട്ടപ്പടി വരെയും ബൈപാസ് വഴി മച്ചിങ്ങൽ വരെയും 11 കെ.വി ലൈൻ കൊണ്ടുപോകും. ഇതോടെ ഹൈടെൻഷൻ വൈദ്യുതി ലൈനിലുള്ള തകരാറുകൾ കുറക്കാനാകും. മുകളിലൂടെ ലൈൻ വലിക്കാൻ സാധിക്കാത്ത തീരെ കുറഞ്ഞ ദൂരത്തിൽ ഭൂഗർഭ കേബിളുകൾ പരീക്ഷിച്ചിരുന്നെങ്കിലും ഇത്രയും ദൂരത്തിൽ കേബിളിടുന്നത് ആദ്യമാണ്. ചെലവേറിയതിനാൽ സാധാരണ ലൈനുകൾ അടുത്ത കാലത്തൊന്നും ഭൂമിക്കടിയിൽ ആകാനിടയില്ല.
Next Story