Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 3:14 PM GMT Updated On
date_range 2017-07-06T20:44:27+05:30വിള്ളല്‍: മൂത്തേടത്തെ വീടുകള്‍ ജിയോളജി സംഘം സന്ദര്‍ശിച്ചു
text_fieldsഎടക്കര: വീടുകള്‍ക്ക് വിള്ളല്‍ രൂപപ്പെടുന്നത് മൂലം ഭീതിയിലായ മൂത്തേടത്തെ 13 കുടുംബങ്ങളുടെ വീടുകള്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്തിലെ കല്‍ക്കുളം, താളിപ്പാടം, വെട്ടിലങ്ങാടി എന്നിവിടങ്ങളിലെ വീടുകളില്‍ രൂപപ്പെട്ട വിള്ളലാണ് അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് മാസമായി തുടരുന്ന വിള്ളല്‍ മൂലം ചുമരുകള്‍ വ്യാപകമായി വിണ്ടുകീറി തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. പൂങ്കുഴി അസൈനാര്‍, മാളിയേക്കല്‍ ഒൗസേപ്പ്, ചീനിക്കല്‍ മുഹമ്മദ്, പൂങ്കുഴി ഇസ്മായില്‍, പുത്തന്പൊയില് സുപ്രഭ, ആലഞ്ചേരി അന്നമ്മ, പൂങ്കുഴി കുഞ്ഞാലന്‍, പൂങ്കുഴി ആമിന, കല്‍ക്കുളം നീലികാവില് രാജന്, മഞ്ഞപ്പെട്ടി സിന്ധു, കാട്ടുരായി കല്യാണി, അടിമപറമ്പില്‍ തങ്കു, കാട്ടുരായി വേലായുധന് എന്നിവരുടെ അപകടാവസ്ഥയിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് ജിയോളജി സംഘം വിവരങ്ങള്‍ ശേഖരിച്ചു. ചീനിക്കല്‍ മുഹമ്മദിെൻറ വീട് പൂര്‍ണമായും അപകടത്തിലായിട്ടുണ്ട്. മേല്‍ക്കൂരയുടെ ഒരുഭാഗവും ഭിത്തിയും തെന്നിമാറിയ നിലയിലാണ്. ഈ വീടിെൻറ എല്ലാ മുറികളുടെ ചുമരും തറയും പൊട്ടിയിട്ടുണ്ട്. ചുമര് തകര്‍ന്ന എട്ട് വീടുകളിലും ഭീതിയോടെയാണ് കുടുംബങ്ങള്‍ കഴിയുന്നതെന്ന മാധ്യമ വാര്‍ത്തകളുടെയും നാട്ടുകാരുടെ നിവേദനത്തിെൻറയും അടിസ്ഥാനത്തിലാണ് ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഭൂമിക്കടിയിലുള്ള പ്രതിഭാസമാണിതെന്നും അപകടാവസ്ഥ നിലനില്‍ക്കുന്ന വീടുകളില്‍നിന്ന് കുടുംബങ്ങള്‍ മാറി താമസിക്കണമെന്നും സംഘം നിര്‍ദേശിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ജിയോളജിസ്റ്റ് ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. തകര്‍ച്ച നേരിടുന്ന വീടുകള്‍ക്ക് പ്രത്യേകം ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന് കത്ത് നല്‍കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി അറിയിച്ചു. വിഷയത്തില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ അറിയിച്ചതായും അവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി, മൂത്തേടം വില്ലേജ് ഓഫിസിലെ ശിഹാബുദ്ദീന്, പഞ്ചായത്ത് അംഗങ്ങളായ ടി. അനീഷ്, എന്‍.കെ. കുഞ്ഞുണ്ണി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Next Story