Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2017 2:37 PM GMT Updated On
date_range 2017-01-26T20:07:37+05:30കോട്ടക്കുന്നിലെ ഭൂമി ഡി.ടി.പി.സി തിരികെ ആവശ്യപ്പെട്ടു; സംയുക്ത സംരംഭം തുടങ്ങണമെന്ന് നഗരസഭ കൗണ്‍സില്‍
text_fieldsമലപ്പുറം: കോട്ടക്കുന്നില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം. 2008ല്‍ പാര്‍ക്ക് ആരംഭിക്കാന്‍ ഡി.ടി.പി.സി നഗരസഭക്ക് പാട്ടത്തിന് നല്‍കിയ അഞ്ചേക്കര്‍ സ്ഥലം കരാര്‍ പുതുക്കാത്തതിനാല്‍ തിരിച്ചു ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണിത്. വിഷയം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ യോഗം വിളിക്കുകയുണ്ടായി. 21 വര്‍ഷമാണ് കരാര്‍ കാലാവധിയെങ്കിലും ഏഴു വര്‍ഷം കൂടുമ്പോള്‍ പുതുക്കണമായിരുന്നു. 2015ല്‍ അന്നത്തെ ഭരണസമിതി ഇത് പുതുക്കിയില്ല. തുടര്‍ന്ന് ഡി.ടി.പി.സി തിരികെ ആവശ്യപ്പെടുകയായിരുന്നു. 5.5 കോടി രൂപയാണ് പാര്‍ക്കിനുവേണ്ടി നഗരസഭക്ക് ചെലവായത്. വരുമാനത്തിന്‍െറ 75 ശതമാനം നഗരസഭക്കും ബാക്കി ഡി.ടി.പി.സിക്കുമെന്നായിരുന്നു കരാര്‍. ഇതുപ്രകാരം 49 ലക്ഷം രൂപ ഡി.ടി.പി.സി നല്‍കാനുണ്ട്. സാമ്പത്തിക ബാധ്യതയുടെ പേരില്‍ കഴിഞ്ഞ ഭരണസമിതി സ്ഥലം ഡി.ടി.പി.സിക്ക് തിരികെ നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, തീരുമാനം നീണ്ടു. പാര്‍ക്കിലെ ഉപകരണങ്ങള്‍ ലേലം ചെയ്യുന്നതിനെപ്പറ്റിയും അന്ന് ചര്‍ച്ചയുണ്ടായി. ഇപ്പോഴത്തെ ഭരണസമിതിക്ക് സ്ഥലം ഡി.ടി.പി.സിക്ക് തിരികെ നല്‍കാന്‍ താല്‍പര്യമില്ല. അതേസമയം കോട്ടക്കുന്നിലേക്ക് പ്രവേശനഫീസ് ഈടാക്കിയ ഇനത്തിലും പാര്‍ക്കിങ് ഫീസിനത്തിലും നല്ളൊരു തുക ഡി.ടി.പി.സി നഗരസഭക്ക് നല്‍കാനുണ്ട്. ഇത് നഗരസഭയും ആവശ്യപ്പെട്ടിരിക്കയാണ്. പുതിയ സാഹചര്യത്തില്‍ സംയുക്ത സംരംഭമായി മറ്റൊരു പദ്ധതി സ്ഥലത്ത് ആരംഭിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2016-17 ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി സ്നേഹ പദ്ധതിയുടെ ഭാഗമായി, വിദേശത്ത് നിന്ന് തിരിച്ചത്തെിയവരുടെ കണക്കെടുക്കാന്‍ സര്‍വേ നടത്തും. ഒറ്റക്കും കൂട്ടമായും സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇവര്‍ക്ക് സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 10 ലക്ഷം രൂപയാണ് ആദ്യ ഘട്ടം വകയിരുത്തിയിരിക്കുന്നത്. വലിയതോട് സംരക്ഷണത്തിന്‍െറ ഭാഗമായി ജനകീയ കമ്മിറ്റി യോഗം ചേരാനും കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി സബ്കമ്മിറ്റിക്ക് രൂപം നല്‍കി.
Next Story