Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2017 12:44 PM GMT Updated On
date_range 2017-02-19T18:14:33+05:30വന്യജീവി ശല്യം തടയാന്‍ ജാഗ്രത സമിതികള്‍ –മന്ത്രി
text_fieldsനിലമ്പൂര്‍: വനാതിര്‍ത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ വന്യജീവി ശല്യം തടയാന്‍ പഞ്ചായത്തുകള്‍തോറും വനജാഗ്രത സമിതികള്‍ രൂപവത്കരിക്കുമെന്ന് വനം മന്ത്രി കെ. രാജു. ‘വന്യജീവികളും-കാര്‍ഷിക വിളകളും’ വിഷയത്തില്‍ നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചെയര്‍മാനും റേഞ്ച് ഓഫിസര്‍മാര്‍ കണ്‍വീനര്‍മാരും ഉള്‍പ്പെടുന്ന സമിതികള്‍ക്കാണ് രൂപം നല്‍കുക. സമിതി രൂപവത്കരണത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കും വിളകള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും. വനത്തിനുള്ളില്‍ കാട്ടുമൃഗങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ ഫലവൃക്ഷങ്ങളും മുളങ്കാടുകളും വെച്ചുപിടിപ്പിക്കുന്നതിന് പുറമെ പച്ചപ്പ് നിലനിര്‍ത്താന്‍ കുളങ്ങളും മിനി ചെക്ക്ഡാമുകളും നിര്‍മിക്കും. വന്യജീവി ശല്യം നേരിടുന്ന പ്രദേശങ്ങളില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ നൂറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൃഷിയിടത്തിലെ കാട്ടാനശല്യം തടയാന്‍ റെയില്‍പാളം ഉപയോഗിച്ച് ആനവേലി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും മന്തി പഞ്ഞു. വന്യജീവി ആക്രമണം മൂലം മരണപ്പെട്ടാല്‍ അവകാശ തര്‍ക്കമില്ലാത്ത കേസുകളില്‍ രണ്ടാഴ്ചകക്കം വനം വകുപ്പിന്‍െറ നഷ്ടപരിഹാര തുകയായ അഞ്ച് ലക്ഷം രൂപ നല്‍കും. ഇത് പത്ത് ലക്ഷമാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കും. വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക ഒരു മാസത്തിനകം നല്‍കും. ആദിവാസി കോളനികളിലേക്കുള്ള വനപാതകള്‍ മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് യാത്രയോഗ്യമാക്കാന്‍ അനുമതി നല്‍കും. ചോലനായ്ക്കരെ വനത്തില്‍തന്നെ പുനരധിവസിപ്പിക്കാന്‍ വനംവകുപ്പിന്‍െറ തടസ്സവാദമുണ്ടാവില്ളെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ പി.വി. അന്‍വര്‍, എ.പി. അനില്‍ കുമാര്‍, സംസ്ഥാന മുഖ്യ വനപാലകന്‍ ഡോ. എ.സി. ജോഷി, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാര്‍, കിഴക്കന്‍ മേഖല സി.സി.എഫ് എല്‍. ചന്ദ്രശേഖരന്‍, നിലമ്പൂര്‍ നോര്‍ത്-സൗത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ഡോ. ആര്‍. ആടലരശന്‍, എസ്. സണ്‍, എ.സി.എഫ് രഞ്ജിത്, ജില്ല-ബ്ളോക്ക്-പഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Next Story