Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2017 3:15 PM GMT Updated On
date_range 2017-02-13T20:45:31+05:30എസ്.എസ്.എല്‍.സി പരീക്ഷ: വിദ്യാലയങ്ങളില്‍ നിശാപഠന ക്യാമ്പുകള്‍ സജീവം
text_fieldsകരുളായി: എസ്.എസ്.എല്‍.സി പരീക്ഷ അടുത്തിരിക്കെ മികച്ച വിജയം ലക്ഷ്യമാക്കി വിദ്യാലയങ്ങളില്‍ നിശാപഠന ക്യാമ്പുകള്‍ സജീവം. കരുളായി കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജൂണ്‍ തൊട്ടുതന്നെ പഠന നിലവാരം തിരിച്ചറിയാനും ഗൃഹാന്തരീക്ഷവും കഴിവുകളും മനസ്സിലാക്കാന്‍ ‘കുട്ടിയെ അറിയാന്‍’ വിവരശേഖരണവും നടത്തിയിരുന്നു. വിദ്യാര്‍ഥികളെ വിവിധ ക്ളാസുകളായി തിരിച്ച് എല്ലാവര്‍ക്കും പരിഗണന ലഭിക്കുന്ന രീതിയിലാണ് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡിസംബര്‍ മാസത്തോടെ പത്താം ക്ളാസുകാരുടെ പാഠങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി മുതല്‍ പ്രത്യേക റിവിഷന്‍ ക്ളാസുകളും വിലയിരുത്തലുകളും പരിഹാര ബോധന പരിപാടികളും നടത്തിയിരുന്നു. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ ആറു വിഭാഗങ്ങളിലായി റിവിഷന്‍ ക്ളാസുകള്‍ നടക്കുന്നുണ്ട്. ഇവരുടെ പഠനത്തിനുവേണ്ടി എസ്.ആര്‍.ജി.എസ്.എസ്.സി എന്നിവ തയാറാക്കിയ പ്രത്യേക മോഡ്യൂളുകള്‍ അനുസരിച്ചുള്ള റിവിഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പകല്‍ നടക്കുന്ന റിവിഷന്‍ ക്ളാസുകളുടെ ഫലപ്രാപ്തി പരിശോധിക്കാന്‍ പത്താം ക്ളാസ് മാതൃക പരീക്ഷകള്‍, ചോദ്യാവലോകനം എന്നിവയാണ് രാത്രികാലങ്ങളില്‍ നടക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ചെറു ഗ്രൂപ്പുകളാക്കി തിരിച്ചു കളിയും പാട്ടുമായി നടത്തുന്ന നിശാക്യാമ്പുകളും വിദ്യാലയങ്ങളില്‍ സജീവമാണ്. എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ സവിശേഷ പരിപാടിയായ ‘മുന്നേറ്റ’വും വിവിധ കോളനികളില്‍ നടക്കുന്നുണ്ട്. ക്ളാസ് അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൃഹസമ്പര്‍ക്കം കുട്ടികളുടെ വീടുകളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും കുടുംബ പ്രശ്നങ്ങള്‍ പഠനത്തിനു തടസ്സമാവാതിരിക്കാനും സഹായിക്കുന്നു. വിദ്യാലയത്തിന്‍െറ സമീപപ്രദേശങ്ങളില്‍ കുടുംബ സംഗമവും നടത്തുന്നുണ്ട്. നാട്ടിലും വീട്ടിലും പഠനാന്തരീക്ഷം നിലനിര്‍ത്തുക, വിദ്യാര്‍ഥികള്‍ക്ക് നാടിന്‍െറ പിന്തുണ ഉറപ്പാക്കുകയും സാമൂഹിക നിരീക്ഷണവും സഹായവും ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരുളായി കെ.എം.എച്ച്.എസ്.എസില്‍ വി.കെ. ചന്ദ്രന്‍െറ മേല്‍നോട്ടത്തിലുള്ള പി.ടി.എ കമ്മിറ്റി, പ്രധാനാധ്യാപകന്‍ സോണി ആന്‍റണിയുടെ കീഴിലുള്ള അധ്യാപകര്‍, പത്താം ക്ളാസ് വിജയഭേരി അക്കാദമിക് കോഓഡിനേറ്റര്‍ വിനു വി. നായര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ സി. രവീന്ദ്രന്‍ ‘മുന്നേറ്റം’ പദ്ധതി കണ്‍വീനര്‍ എന്‍. സാദിഖലി, റിവിഷന്‍ ടെസ്റ്റ് കോഓഡിനേറ്റര്‍ കെ. ജോണ്‍സണ്‍, സി. സജിന്‍ എന്നിവരാണ് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Next Story