Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇനി അക്ഷരങ്ങൾ കൂട്ടുകാർ, മുഹമ്മദ് നാജിഹ് സ്‌കൂളിലെത്തി
text_fieldsbookmark_border
വേങ്ങര: നിസ്സഹായതയുടെ ഇരുളിൽനിന്ന് മുഹമ്മദ് നാജിഹ് അക്ഷരങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച ഈ മിടുക്കൻ വീടിെൻറയും ആശുപത്രിയുടെയും ചുമരുകൾക്കിടയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കുട്ടികളും ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി. സ്‌കൂളിൽ വന്നില്ലെങ്കിലും നാലാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കിയ നാജിഹ് നാലാം ക്ലാസിലാണ് ഇന്നലെ ഇരുന്നത്. കണ്ണമംഗലം പഞ്ചായത്തിലെ കിളിനക്കോട് ഉത്തൻമാവുങ്ങൽ ജാഫറിെൻറയും താഹിറയുടെയും മകനായ മുഹമ്മദ് നാജിഹിനെ അഞ്ചാം വയസ്സിൽതന്നെ കിളിനക്കോട് ജി.എൽ.പി സ്‌കൂളിൽ ചേർത്തിരുന്നെങ്കിലും ചലനശേഷി കുറവായതിനാൽ സ്‌കൂളിൽ പോയിരുന്നില്ല. ചികിത്സയുടെ ഭാഗമായി ഫിസിയോതെറപ്പി ചെയ്തിരുന്നത് വേങ്ങര ബി.ആർ.സിയിൽ ആയിരുന്നു. കഴിഞ്ഞദിവസം ബി.ആർ.സിയിലെ ട്രെയിനർമാരായ അധ്യാപികമാരാണ് നാജിഹിനെ സ്‌കൂളിലിരുത്തി പഠനം നടത്താനുള്ള ആശയം രക്ഷിതാക്കളുമായി പങ്കുവെച്ചത്. വീടിനടുത്തുള്ള ജി.എൽ.പി സ്‌കൂളുമായി ബന്ധപ്പെട്ട് അവിടത്തെ അധ്യാപകർ കൂടി താൽപര്യമെടുത്തതോടെയാണ് സ്‌കൂൾ പ്രവേശം സാധ്യമായത്. നാജിഹ് ആദ്യദിവസംതന്നെ കൂട്ടുകാരുമായി ചേരാനും പഠനപ്രവർത്തനങ്ങളിൽ പങ്കുവഹിക്കാനും താൽപര്യം കാണിക്കുന്നതായി അധ്യാപകർ പറഞ്ഞു. പഠിക്കാൻ ഏറെ താൽപര്യം കാണിക്കുന്ന നാജിഹിനെ എല്ലാ ദിവസവും വാഹനത്തിൽ സ്‌കൂളിൽ എത്തിക്കുമെന്ന് മാതാവ് താഹിറ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story