Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2017 2:48 PM GMT Updated On
date_range 2017-04-16T20:18:20+05:30മലപ്പുറത്ത് ജലക്ഷാമം രൂക്ഷം; ടാങ്കറുകളിൽ വെള്ളമെത്തിക്കും
text_fieldsമലപ്പുറം: നഗരസഭയില്‍ ജലക്ഷാമം രൂക്ഷമായിരിക്കെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ ടാങ്കറുകളിൽ വെള്ളമെത്തിക്കും. ശനിയാഴ്ച ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. രണ്ട് വാർഡുകൾക്ക് ഒരു ടാങ്കറെന്ന കണക്കിൽ 20 വാഹനങ്ങൾ വാടകക്കെടുത്താണ് വെള്ളം വിതരണം ചെയ്യുക. ഞായറാഴ്ച തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പാണക്കാട്, മേൽമുറി വില്ലേജുകളെ അപേക്ഷിച്ച് മലപ്പുറം വില്ലേജിലാണ് ജലക്ഷാമം രൂക്ഷം. കടലുണ്ടിപ്പുഴയുടെ ചില ഭാഗങ്ങൾ വറ്റിവരണ്ട് വിടക്കുകയാണ്. നമ്പ്രാണി പമ്പ് ഹൗസ് സന്ദർശിച്ച നഗരസഭ സംഘം സ്ഥിതിഗതികൾ ഗുരുതരമാെണന്ന് മനസ്സിലാക്കിയാണ് അടിയന്തര കൗൺസിൽ യോഗം വിളിച്ചത്. ചാമക്കയം, മൂര്‍ക്കനാട് പമ്പ് ഹൗസുകളിൽ നിന്നാണ് മലപ്പുറം ഭാഗത്തേക്ക് വെള്ളം കൊണ്ടുവരിക. പമ്പ് ഹൗസിലെ തിരക്ക് പരിഗണിച്ച് വെള്ളമെടുക്കുന്നതിന് നഗരസഭക്ക് മാത്രമായി പമ്പ് സെറ്റ് വാങ്ങും. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ലഭ്യമാകുന്ന സൗകര്യങ്ങളും ജലമെത്തിക്കുന്നതിനായി ഉപയോഗിക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ തനത് ഫണ്ടില്‍നിന്ന് വിനിയോഗിക്കും. മേൽമുറിയിൽ വെള്ളമുള്ള കിണറുകളിൽനിന്ന് സമീപത്ത് ജലക്ഷാമം നേരിടുന്നവർക്ക് എത്തിച്ചു നൽകും. മഴ ലഭ്യമാകാതെ വരികയും കൂടുതല്‍ ദിവസം വെള്ളം വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടാകുകയും ചെയ്താൽ നഗരസഭ ഇടപെട്ട് സഹകരണ ബാങ്കുകളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സ്‌പോണ്‍സര്‍ഷിപ് തേടും. നഗരസഭ പരിധിയിലെ ജല സ്രോതസ്സുകളില്‍നിന്ന് വെള്ളം പുറത്തേക്ക് കൊണ്ടുപോകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടറോട് ആവശ്യപ്പെടും. ജലവിതരണത്തിന് നഗരസഭ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും. ചെയര്‍പേഴ്‌സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. പെരുമ്പള്ളി സെയ്ദ്, ഹാരിസ് ആമിയൻ, പി.എ. അബ്ദുൽ സലീം, ഒ. സഹദേവൻ, കെ.കെ. ഉമ്മർ, കെ.കെ. മുസ്തഫ, ഹംസ കുന്നത്തൊടി, കെ. മിർഷാദ് ഇബ്രാഹിം, കെ.വി. ശശികുമാർ, കെ. വിനോദ്, പി.പി അബ്ദു എന്നിവർ സംസാരിച്ചു.
Next Story