Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2016 10:34 AM GMT Updated On
date_range 2016-09-16T16:04:55+05:30കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ദുരിതം
text_fieldsതിരൂര്‍: റിസര്‍വേഷന് സൗകര്യമില്ലാത്തതിനാല്‍ തിരൂരില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ദുരിതം. കോയമ്പത്തൂര്‍, തിരുവനന്തപുരം റൂട്ടുകളിലുള്ള ബസുകളിലാണ് ഇതുവരെയും റിസര്‍വേഷന്‍ ആരംഭിക്കാത്തത്. തിരൂരില്‍നിന്ന് ഒട്ടേറെ യാത്രക്കാര്‍ ഈ ബസുകളെ ആശ്രയിക്കുന്നുണ്ട്. കോയമ്പത്തൂരിലേക്ക് രാവിലെ 6.10നാണ് തിരൂരില്‍നിന്ന് ബസ് പുറപ്പെടുന്നത്. വിദ്യാഭ്യാസ, വാണിജ്യ ആവശ്യങ്ങള്‍ക്ക് പാലക്കാട്, കോയമ്പത്തൂര്‍ മേഖകളിലേക്ക് ഒട്ടേറെ യാത്രക്കാര്‍ ദിവസവുമുണ്ടാകാറുണ്ട്. ഇവയില്‍ മൂന്നും ആരംഭിക്കുന്നത് തിരൂരില്‍ നിന്നാണ്. തിരുവനന്തപുരത്തേക്ക് നാല് സര്‍വിസുകളുണ്ട്. ട്രെയിനുകളില്‍ പൊതുവെ തിരക്കായതിനാല്‍ തലസ്ഥാന നഗരിയുമായി ബന്ധപ്പെടുന്നതിന് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. പെട്ടെന്നുള്ള യാത്രാ ആവശ്യങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സിയാണ് ആശ്രയം. രാവിലെ അഞ്ചിനും ഉച്ചക്ക് 1.40നും പൊന്നാനിയില്‍നിന്ന് ബസുകളത്തെി തിരൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയാണ്. വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ബസാണ് തിരിച്ചുപോകുന്നത്. രാവിലെ 10ന് കോഴിക്കോട് നിന്നുള്ള ബസും ഇതുവഴി പോകുന്നുണ്ട്. ഇവയിലൊന്നും സീറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമില്ല. എല്ലാ സര്‍വിസുകളും ലാഭത്തിലായിട്ടും റിസര്‍വേഷന്‍ ഒരുക്കാത്ത് ദീര്‍ഘദൂര യാത്രക്കാരെയാണ് വലക്കുന്നത്. ബസ് പുറപ്പെടുന്നതിനും വളരെ മുമ്പ് എത്തി സീറ്റ് തരപ്പെടുത്തുന്നവര്‍ക്ക് മാത്രമേ ഇരുന്ന് യാത്ര ചെയ്യാനാകൂ. ബസ് പുറപ്പെടുന്നതിന് മുമ്പ് തന്നെ സീറ്റുകള്‍ ഹ്രസ്വദൂര യാത്രക്കാര്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തിയിട്ടുണ്ടാകും എന്നതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പിന്നെ ഇരിപ്പിടം ലഭിക്കില്ല. തിരുവനന്തപുരത്തേക്കുള്ള എല്ലാ ബസുകളും ഗുരുവായൂര്‍ വഴിയായതിനാല്‍ തീര്‍ഥാടകരുള്‍പ്പെടെ ഈ ബസുകളെ ആശ്രയിക്കാറുണ്ട്. അതിനാല്‍ മിക്കപ്പോഴും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം വേളകളില്‍ മറ്റ് ദീര്‍ഘദൂര യാത്രക്കാര്‍ നിന്നുതന്നെ യാത്ര ചെയ്യണം. കൂടുതല്‍ പേര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഒരുമിച്ച് ഇരിക്കാന്‍ സൗകര്യം ലഭിക്കില്ളെന്ന പ്രയാസവുമുണ്ട്. തിരുവന്തപുരത്തേക്കുള്ള യാത്രക്കാര്‍ പലപ്പോഴും ചാവക്കാട്, ഗുരുവായൂര്‍ വരെ നിന്നു യാത്ര ചെയ്യേണ്ടി വരാറുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നു. പൊന്നാനിയില്‍ നിന്നുള്‍പ്പെടെയുള്ള തിരുവനന്തപുരം ബസുകള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം നല്‍കുമ്പോഴാണ് യാത്രാ ഭൂപടത്തില്‍ വളരെ പ്രാധാന്യമുള്ള തിരൂരിനെ കെ.എസ്.ആര്‍.ടി.സി അവഗണിക്കുന്നത്.
Next Story