Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2016 11:55 AM GMT Updated On
date_range 2016-11-04T17:25:55+05:3015 റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ ജില്ലതല കമ്മിറ്റിയുടെ അനുമതി
text_fieldsമലപ്പുറം: വികസനത്തിന്‍െറ പേരില്‍ തോന്നിയപോലെ റോഡ് വെട്ടിപ്പൊളിക്കുന്നത് നിയന്ത്രിക്കാനായി രൂപവത്കരിച്ച പ്രഥമ ജില്ലതല കോഓഡിനേഷന്‍ കമ്മിറ്റി യോഗം കലക്ടര്‍ എ. ഷൈനമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ പലയിടത്തും ഇഷ്ടാനുസരണം റോഡുകള്‍ കീറിമുറിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് നിരന്തരം പരാതി ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഇടപെട്ട് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഇത്തരം കമ്മിറ്റിയുടെ സാധ്യതകളെ കുറിച്ച് നേരത്തേ ചര്‍ച്ച നടന്നിരുന്നെങ്കിലും പ്രാവര്‍ത്തികമായിരുന്നില്ല. റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് കണ്‍വീനര്‍. ജില്ലതല കോഓഡിനേഷന്‍ കമ്മിറ്റി അനുമതി നല്‍കുന്ന മുറക്ക് മാത്രമെ ഏത് ഏജന്‍സികള്‍ക്കും റോഡുകളില്‍ പണി നടത്താന്‍ കഴിയൂ. ഇത് പരിശോധിക്കുന്നതിന് എല്ലാമാസവും യോഗം ചേരുമെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ ജില്ലയില്‍ 15 റോഡുകളില്‍ പണികള്‍ ചെയ്യുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് കമ്മിറ്റി അനുമതി നല്‍കി. വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍ എന്നിവയും സ്വകാര്യ മൊബൈല്‍ കമ്പനി പ്രതിനിധികളും അനുമതി ആവശ്യപ്പെട്ട് യോഗത്തില്‍ പങ്കെടുത്തിരുന്നു. പണം അടക്കുന്ന മുറക്ക് മാത്രമേ അന്തിമ അനുമതി നല്‍കൂ. ഗതാഗതപ്രശ്നങ്ങള്‍ കുറക്കാന്‍ രാത്രികാലങ്ങളില്‍ പ്രവൃത്തി ചെയ്യാനും പണിതുടങ്ങുന്നതിന് മുമ്പായി പി.ഡബ്ള്യൂ.ഡി റോഡ്സ് വിഭാഗത്തെയും പൊലീസിനെയും വിവരം അറിയിക്കാനും യോഗം നിര്‍ദേശിച്ചു. റോഡ് കുറുകെ മുറിക്കുമ്പോള്‍ ഒരുഭാഗം പൂര്‍ത്തിയായതിനു ശേഷം മാത്രമെ മറുഭാഗം പണി തുടങ്ങാവൂ. പുതിയ പദ്ധതികള്‍ തയാറാക്കുമ്പോള്‍ അത്യാവശ്യ സ്ഥലങ്ങളില്‍ പൈപ്പ് ഇടുന്നതിനും മറ്റുമുള്ള കോണ്‍ക്രീറ്റ് ചാലുകള്‍, കുഴികള്‍ തുടങ്ങിയവ റോഡ്സ് വിഭാഗത്തിന്‍െറ പ്രോജക്ടില്‍തന്നെ ഉള്‍പ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചു. കോഴിക്കോട്-ഗുഡല്ലൂര്‍-നിലമ്പൂര്‍ റോഡില്‍ രണ്ട് കി.മീറ്റര്‍ നീളത്തില്‍ പൈപ്പ് ഇടുന്നതിന് അനുമതി നല്‍കി. നിലവില്‍ 40 കിലോമീറ്റര്‍ പണി വാട്ടര്‍ അതോറിറ്റി തീര്‍ത്തിട്ടുണ്ട്. എ.ഡി.എം പി. സെയ്യിദ് അലി, പി.ഡബ്ള്യൂ.ഡി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (റോഡ്സ്) ഹരീഷ്, ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി.ജെ. റാണി വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story