Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2016 12:04 PM GMT Updated On
date_range 2016-05-21T17:34:01+05:30തിരൂരില്‍ വോട്ടുകള്‍ വര്‍ധിച്ചിട്ടും ലീഗിന് ഗുണം ചെയ്തില്ല
text_fieldsതിരൂര്‍: നിയോജക മണ്ഡലത്തിലുണ്ടായ വോട്ട് ചോര്‍ച്ച ലീഗിന് തലവേദനയാകും. സുഗമമായ വിജയം പ്രതീക്ഷിച്ചിരുന്നിടത്ത് കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചു കയറേണ്ടിവന്നത് യു.ഡി.എഫില്‍ വലിയ ചര്‍ച്ചക്ക് വഴിവെക്കും. മണ്ഡലത്തില്‍ 30396 പുതിയ വോട്ടുകള്‍ പോള്‍ ചെയ്തിട്ടും 2011നേക്കാള്‍ 4127വോട്ട് മാത്രമാണ് ഇത്തവണ സി. മമ്മുട്ടിക്ക് അധികമായി ലഭിച്ചത്. പുതിയ വോട്ടര്‍മാര്‍ പൂര്‍ണമായും പാര്‍ട്ടിയെ കൈവിട്ടതിനും പഴയ വോട്ടുകള്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയതിനും നേതൃത്വം കാരണം തേടുകയാണ്. 2011ല്‍ 69305 വോട്ടായിരുന്നു മമ്മുട്ടിക്ക്. ഇത്തവണ 73432 വോട്ടാണ്. 2011ല്‍ സിറ്റിങ് എം.എല്‍.എയായിരുന്ന സി.പി.എമ്മിലെ പി.പി. അബ്ദുല്ലക്കുട്ടിക്കെതിരെ ലീഗ് സി. മമ്മുട്ടിയെ മത്സരിപ്പിക്കുമ്പോള്‍ തിരൂരുകാര്‍ക്ക് അദ്ദേഹം പുതുമുഖമായിരുന്നു. എന്നിട്ടും വന്‍ഭൂരിപക്ഷത്തിന് വിജയിച്ചു. ഇത്തവണ മറ്റൊരു പുതുമുഖത്തിന് മുന്നില്‍ കാലിടറുന്നതാണ് കണ്ടത്. 2011ല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ വികാരം ആഞ്ഞടിക്കാത്ത സമയമായിരുന്നിട്ടും സിറ്റിങ് എം.എല്‍.എക്കെതിരെ വന്‍ഭൂരിപക്ഷം നേടിയത് ലീഗ് വലിയ നേട്ടമായാണ് അവതരിപ്പിച്ചിരുന്നത്. ഇത്തവണ സ്വന്തം പേരിലുള്ള കോടികളുടെ വികസനം നിരത്തിയിട്ടും പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതിരുന്നത് കനത്ത ആഘാതമാണ്. ഭൂരിപക്ഷം കാല്‍ ലക്ഷത്തിന് മുകളില്‍ കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിലയനുസരിച്ച് 24000 വോട്ടിന് തങ്ങള്‍ മുന്നിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവകാശവാദം. എന്നാല്‍, ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷവും വലിയ ഭൂരിപക്ഷമാണ് പാര്‍ട്ടി കണക്കാക്കിയിരുന്നത്. 2011ല്‍ മണ്ഡലത്തിലുള്‍പ്പെടുന്ന തിരൂര്‍ നഗരസഭയിലും പഞ്ചായത്തുകളിലും വ്യക്തമായ ലീഡോടെയായിരുന്നു ലീഗ് വിജയം. എന്നാല്‍, ഇത്തവണ പല ഭാഗങ്ങളിലും അടിപതറി. 2011ല്‍ വളവന്നൂര്‍ പഞ്ചായത്തിലെ 17 ബൂത്തുകളില്‍ പതിനാറിടത്തും ലീഗിനായിരുന്നു ലീഡ്. ഇത്തവണ പതിനെട്ടില്‍ ഒമ്പതിടത്തേ ഭൂരിപക്ഷം നേടാനായുള്ളൂ. കല്‍പകഞ്ചേരിയില്‍ 2011ല്‍ പതിനാറില്‍ പതിനഞ്ചിടത്തും മുന്‍തൂക്കമുണ്ടായിരുന്ന ലീഗിന് 2016ല്‍ പത്തൊമ്പതില്‍ 15 വാര്‍ഡുകളിലാണ് ലീഡ് ലഭിച്ചത്. കഴിഞ്ഞതവണ തിരൂര്‍ നഗരസഭയില്‍ 33ല്‍ 28 ബൂത്തിലും പാര്‍ട്ടി കൂടുതല്‍ വോട്ട് നേടിയിരുന്നു. ഇത്തവണ 19 ബൂത്തുകളിലൊതുങ്ങി. 2011ല്‍ എതിര്‍ സ്ഥാനാര്‍ഥി പി.പി. അബ്ദുല്ലക്കുട്ടിയുടെ ജന്മനാട് ഉള്‍പ്പെടുന്ന വെട്ടം പഞ്ചായത്തില്‍ 11ബൂത്തില്‍ കൂടുതല്‍ വോട്ട് നേടിയ ലീഗിന് ഇത്തവണ ഒരുബൂത്താണ് അധികമായി ലഭിച്ചത്. അന്നും ഇന്നും 21ബൂത്താണ് ഇവിടെയുള്ളത്. സി.പി.എം ശക്തികേന്ദ്രമായി അറിയപ്പെടുന്ന തലക്കാട് പഞ്ചായത്തില്‍ 2011ല്‍ 13ബൂത്തില്‍ ലീഡ് ലഭിച്ചിരുന്നിടത്ത് ഇത്തവണ 10 ബൂത്തിലാണ് ലീഡ്. 2011ല്‍ തലക്കാട്ട് 17 ബൂത്തുകളും ഈ വര്‍ഷം ഓക്സിലറി ബൂത്തുകളുള്‍പ്പെടെ 21 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. ലീഗ് കോട്ടയായ തിരുനാവായയില്‍ 2011ല്‍ 24ല്‍ ഇരുപതിടത്തും ലീഗിനായിരുന്നു കൂടുതല്‍ വോട്ട്. ഇത്തവണ ബൂത്തുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ലാതിരുന്നിട്ടും ലീഡ് ലഭിച്ചത് 16ബൂത്തില്‍ മാത്രം. ആതവനാട് പഞ്ചായത്തിലെ 14 ബൂത്തിലും കഴിഞ്ഞതവണ വലിയ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്ത് ഇത്തവണ സമ്പൂര്‍ണത അവകാശപ്പെടാനില്ല. 21ല്‍ 15ബൂത്തിലാണ് ലീഡ് ലഭിച്ചത്.
Next Story