Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2016 12:04 PM GMT Updated On
date_range 2016-05-21T17:34:01+05:30താനൂര്‍ മണ്ഡലം: നഗരസഭ കൈവിട്ടത് യു.ഡി.എഫിന് തിരിച്ചടിയായി
text_fieldsതാനൂര്‍: 60 വര്‍ഷത്തെ മുസ്ലിം ലീഗ് ആധിപത്യത്തിന് വിരാമമിട്ട് താനൂരില്‍ ഇടത് സ്വതന്ത്രന്‍ വി. അബ്ദുറഹ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് കാരണം യു.ഡി.എഫിന് താനൂര്‍ നഗരസഭ കൈവിട്ടതാണെന്ന് നിഗമനം. അഞ്ച് പഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പമാണ്. ഇവിടങ്ങളില്‍ കിട്ടുന്ന ഭൂരിപക്ഷവും നഗരസഭയില്‍ കിട്ടുന്ന വന്‍ ഭൂരിപക്ഷവും കണക്കുകൂട്ടിയാല്‍ താനൂരില്‍ രണ്ടത്താണിക്ക് ഈസി വാക്കോവര്‍ ആയിരുന്നു. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ 6000ത്തോളം വോട്ടിന്‍െറ ഭൂരിപക്ഷം ലീഗിന് ശുഭപ്രതീക്ഷയും നല്‍കിയിരുന്നു. എന്നാല്‍, താനൂരില്‍ ലീഗിന്‍െറ ഭൂരിപക്ഷം 2000 ആയി താഴ്ത്താനായിരുന്നു എല്‍.ഡി.എഫിന്‍െറ ശ്രമം. ഇതിനുവേണ്ടി പഠിച്ചപണി പതിനെട്ടും വി. അബ്ദുറഹ്മാന്‍ പുറത്തെടുത്തു. നിനച്ചിരിക്കാതെ ഉണ്ടായ സംഘര്‍ഷവും മുസ്ലിം സമുദായത്തിലെ ഒരുവിഭാഗത്തിന്‍െറ അപ്രീതിയും വന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പണി എളുപ്പമായി. അതോടെ താനൂര്‍ നഗരസഭയില്‍ ഭൂരിപക്ഷം യു.ഡി.എഫിന് 1200 ആയി കുറഞ്ഞു. പൊന്മുണ്ടത്തെ കോണ്‍ഗ്രസുകാര്‍ പഴയ കോണ്‍ഗ്രസുകാരനായ സതീര്‍ഥ്യനോട് കാണിച്ച പ്രീണനവും അനുകൂലമായി. ഇവിടെ 700 വോട്ടിന്‍െറ ഭൂരിപക്ഷം അബ്ദുറഹ്മാന് ലഭിച്ചു. പൊന്മുണ്ടത്ത് പൊന്നുവിളയിച്ച അബ്ദുറഹ്മാന് ചെറിയമുണ്ടം പഞ്ചായത്ത് വലിയ ആദരവോടെ സ്വീകരിച്ചു. ഇവിടെ മുസ്ലിം ലീഗിലെ ചില നേതാക്കള്‍ അടുത്തകാലത്ത് നേതൃത്വവുമായി ഇടഞ്ഞത് അബ്ദുറഹ്മാന് തുണയായി. 500ഓളം വോട്ടുകള്‍ ഇവിടെയും ഭൂരിപക്ഷം കിട്ടി. എല്‍.ഡി.എഫ് ഭരണത്തിലുള്ള ഒഴൂര്‍, നിറമരുതൂര്‍, താനാളൂര്‍ പഞ്ചായത്തുകള്‍ യഥാക്രമം 400, 1800, 2280 വോട്ടുകള്‍ ഭൂരിപക്ഷം സമ്മാനിച്ചപ്പോള്‍ അബ്ദുറഹ്മാന്‍െറ വിജയം ഉറപ്പായി. സര്‍വ സ്വതന്ത്രരടക്കം ഒമ്പത് സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലത്തില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അവര്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിക്ക് വളക്കൂറുള്ള താനൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4000ത്തോളം വോട്ടിന്‍െറ വര്‍ധനയുണ്ടായി. ബി.ജെ.പി വോട്ടിങ് നില ഭദ്രമായത് എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ ആശ്വാസത്തിന് വക നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. ബി.ജെ.പിക്ക് 11,051ഉം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അഷ്റഫ് വൈലത്തൂരിന് 1292 വോട്ടും ലഭിച്ചു. എസ്.ഡി.പി.ഐ 1151ഉം പി.ഡി.പി 858, സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി. ഉണ്ണി 708 വോട്ടുകള്‍ നേടി. അബ്ദുറഹ്മാന്‍െറ അപരന്മാര്‍ അബ്ദുറഹ്മാന്‍ വായങ്ങാട്ടില്‍ 372ഉം വി. അബ്ദുറഹ്മാന്‍ വരിക്കോട്ടില്‍ 172ഉം വോട്ടുകള്‍ നേടി. സി.പി.എമ്മില്‍നിന്ന് രാജിവെച്ച മുന്‍ ഏരിയാ സെക്രട്ടറി എന്‍. രാമകൃഷ്ണന്‍ മാസ്റ്റര്‍ സ്വതന്ത്രനായി മത്സരിച്ചു. അദ്ദേഹത്തിന് 139 വോട്ടുകളെ ലഭിച്ചുള്ളൂ. താനൂരിന്‍െറ ആറ് പതിറ്റാണ്ടിന്‍െറ ചിത്രം തിരുത്തിയെഴുതിയ വി. അബ്ദുറഹ്മാന് വീരോചിത സ്വീകരണമാണ് താനൂരില്‍ ലഭിക്കുന്നത്. മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹം വെള്ളിയാഴ്ച വോട്ടര്‍മാരോട് നന്ദി പറഞ്ഞു. പ്രവര്‍ത്തകരുടെ ആഹ്ളാദം വെള്ളിയാഴ്ചയും താനൂരില്‍ അലതല്ലി. ചുവപ്പിന്‍െറ മായികകാഴ്ചകളിലാണ് രണ്ട് ദിവസമായി താനൂര്‍ നഗരവും പരിസര പഞ്ചായത്തുകളും.
Next Story