Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിഴക്കന്‍ മേഖലയില്‍...

കിഴക്കന്‍ മേഖലയില്‍ മൂന്നിടത്ത് ഇഞ്ചോടിഞ്ച്; ഫലം പ്രവചനാതീതം

text_fields
bookmark_border
മലപ്പുറം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്, ഫലം പ്രവചനാതീതവും. മറ്റ് അഞ്ച് മണ്ഡലങ്ങളിലും അട്ടിമറി ഭീഷണിയില്ളെങ്കിലും ചില മണ്ഡലങ്ങളില്‍ അടിയൊഴുക്കുകളുണ്ട്. ഇവിടങ്ങളില്‍ യു.ഡി.എഫിന് ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാകാനുള്ള സാധ്യതകളും കാണാം. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലാണ് വീറുറ്റ പോരാട്ടം നടക്കുന്നത്. കൊണ്ടോട്ടിയിലും ഏറനാട്ടിലും അടിയൊഴുക്ക് പ്രകടമാണ്. നിലമ്പൂരില്‍ പ്രചാരണത്തിന്‍െറ അവസാന നിമിഷങ്ങളിലും പ്രവചനം അസാധ്യമാകുകയാണ്. ആര്യാടന്‍ മുഹമ്മദിന്‍െറ തട്ടകത്തില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്ത് വിയര്‍ക്കുന്ന കാഴ്ചയാണ് അവസാന നാളുകളില്‍ കാണാന്‍ കഴിയുന്നത്. രാഷ്ട്രീയ അടവുകള്‍ മുഴുവന്‍ പയറ്റിത്തെളിഞ്ഞ ആര്യാടന്‍ മുഹമ്മദ് തന്നെ ഷൗക്കത്തിന് വേണ്ടി ചരടുവലി നടത്തുമ്പോഴും ഇടതു സ്വതന്ത്രന്‍ പി.വി. അന്‍വര്‍ പ്രചാരണത്തില്‍ നടത്തിയ മുന്നേറ്റം ഇടതുക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്സഭയില്‍ ബി.ജെ.പി നേടിയ 14,000ഓളം വോട്ടുകള്‍ ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കു തന്നെ ലഭിച്ചാല്‍ ഫലം തങ്ങള്‍ക്കനുകൂലമാകുമെന്നും എല്‍.ഡി.എഫ് വിലയിരുത്തുന്നു. പെരിന്തല്‍മണ്ണയില്‍ അവസാനഘട്ട പ്രചാരണത്തില്‍ ഇടത് സ്ഥാനാര്‍ഥി വി. ശശികുമാര്‍ നടത്തിയ മുന്നേറ്റമാണ് പ്രവചനം അസാധ്യമാക്കുന്നത്. തുടക്കത്തില്‍ മഞ്ഞളാംകുഴി അലി ഏറെ മുന്നേറിയെങ്കിലും വി.എസ്. അച്യുതാനന്ദന്‍ പ്രചാരണത്തിനത്തെിയതടക്കമുള്ള സംഭവങ്ങളോടെ ഇടത് ക്യാമ്പിലുണ്ടായ ഉണര്‍വ് മണ്ഡലത്തിലെ മുക്കിലും മൂലയിലും പ്രകടമാണ്. ലീഗിന്‍െറ ചില കോണുകളിലുള്ള അതൃപ്തി കൂടി വോട്ടിങ്ങില്‍ പ്രതിഫലിച്ചാല്‍ ജയം ഉറപ്പാണെന്ന വിലയിരുത്തലാണ് ഇടതുക്യാമ്പില്‍. അതേസമയം, തന്‍െറ വ്യക്തിസ്വാധീനം ഉപയോഗിച്ച് എല്‍.ഡി.എഫ് മുന്നേറ്റത്തിന് തടയിടാന്‍ മഞ്ഞളാംകുഴി അലി കഠിനപ്രയത്നത്തിലാണ്. ഇവിടെ ബി.ജെ.പി ശക്തമായ പ്രചാരണമാണ് നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. മങ്കടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. യു.ഡി.എഫ് വികസനം മുഖ്യപ്രചാരണവിഷയമാക്കുമ്പോള്‍ വികസന മുരടിപ്പാണ് എല്‍.ഡി.എഫ് പ്രചാരണായുധം. ഇവിടെയും പ്രചാരണത്തിന്‍െറ ആദ്യ നാളുകളില്‍ ടി.എ. അഹമ്മദ് കബീറിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാംഘട്ടം മുതല്‍ അഡ്വ. ടി.കെ. റഷീദലി അഴിച്ചുവിട്ട പ്രചാരണത്തില്‍ കാറ്റ് മാറിവീശുന്നതാണ് കണ്ടത്. യു.ഡി.എഫ് വലിയ നേട്ടമായി മുന്നോട്ടുവെച്ച അങ്ങാടിപ്പുറം മേല്‍പ്പാലം വേണ്ടത്ര ഏശിയില്ളെന്നതും ഇടത് സ്ഥാനാര്‍ഥിക്ക് പ്രതീക്ഷയേറ്റുന്നു. സാമുദായിക സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചാല്‍ അട്ടിമറിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. എന്നാല്‍, അഹമ്മദ് കബീറിന്‍െറ വ്യക്തിപ്രഭാവത്തില്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് യു.ഡി.എഫ് വിലയിരുത്തല്‍. ഇവിടെ ആര് ജയിച്ചാലും ഭൂരിപക്ഷത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലത്തിന്‍െറ സാന്നിധ്യം കൊണ്ടും ഇവിടെ ശ്രദ്ധയാകര്‍ഷിക്കുന്നു. കൊണ്ടോട്ടി മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണെങ്കിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ അധികം വിയര്‍പ്പൊഴുക്കാതെ തന്നെ ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്ന മണ്ഡലത്തില്‍ ഇത്തവണ ടി.വി. ഇബ്രാഹിം നന്നായി വിയര്‍പ്പൊഴുക്കുന്നു. യു.ഡി.എഫിലെ ഭിന്നതയില്‍ പ്രതീക്ഷയര്‍പ്പിച്ചും സ്വന്തം നാട്ടുകാരനെന്ന പ്രതിച്ഛായയുടെ പിന്തുണയിലും പ്രചാരണം ശക്തമാക്കാന്‍ ഇടതു സ്വതന്ത്രന്‍ കെ.ടി. ബീരാന്‍കുട്ടിക്ക് സാധിച്ചെന്നാണ് ഇടതുക്യാമ്പിന്‍െറ വിലയിരുത്തല്‍. അട്ടിമറിയൊന്നും സംഭവിച്ചില്ളെങ്കിലും ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാകുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങളും രഹസ്യമായി സമ്മതിക്കുന്നു. ഏറനാട് മണ്ഡലത്തില്‍ അട്ടിമറി സാധ്യത വിദൂരമാണെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ബഷീറിനെതിരെ ഇടത് സ്വതന്ത്രന്‍ കെ.പി. അബ്ദുറഹ്മാന് പ്രചാരണത്തില്‍ ഓളമുണ്ടാക്കാന്‍ സാധിച്ചെന്നത് യാഥാര്‍ഥ്യമാണ്. ഇത് എത്രകണ്ട് ഭൂരിപക്ഷത്തില്‍ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണാം. വണ്ടൂരില്‍ കാര്യമായ അടിയൊഴുക്കുകളൊന്നുമില്ളെങ്കിലും എ.പി. അനില്‍കുമാറിന്‍െറ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാക്കാന്‍ ഇടത് സ്ഥാനാര്‍ഥി കെ. നിഷാന്തിന് കഴിയുമോയെന്നതാണ് അറിയാനുള്ളത്. മഞ്ചേരി മണ്ഡലത്തിലും ഭൂരിപക്ഷത്തിന്‍െറ കാര്യത്തിലാണ് തര്‍ക്കം. യു.ഡി.എഫിലെ എം. ഉമ്മറിനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍ദാസിനും പുറമെ ഇവിടെ ബി.ജെ.പിയും പ്രചാരണ രംഗത്ത് സജീവമായിരുന്നു. മലപ്പുറം മണ്ഡലത്തില്‍ പി. ഉബൈദുല്ലക്കെതിരെ നാടിളക്കിയുള്ള പ്രചാരണം കാഴ്ചവെക്കാന്‍ അഡ്വ. കെ.പി. സുമതിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ മത്സരമില്ളെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് കേന്ദ്രങ്ങള്‍.
Show Full Article
TAGS:LOCAL NEWS 
Next Story