Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2016 11:02 AM GMT Updated On
date_range 2016-07-01T16:32:02+05:30ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ രോഗമുനമ്പില്‍
text_fieldsമലപ്പുറം: പത്ത് പേരില്‍ ഡിഫ്തീരിയ സ്ഥിരീകരിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിട്ടും കുത്തിവെപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ല വേണ്ടത്ര സജീവമായിട്ടില്ല. ഇനിയും പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പെടുക്കാത്ത 1,23,834 കുട്ടികള്‍ ജില്ലയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് തല കമ്മിറ്റികള്‍ രൂപവത്കരിച്ച് വരുന്നതേയുള്ളൂ. സാമൂഹിക, രാഷ്ട്രീയ, മത സംഘടനകള്‍ കുത്തിവെപ്പ് പ്രചാരണവുമായി സജീവമായി സഹകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഊര്‍ജിത പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റികള്‍ക്ക് ഡി.എം.ഒ സന്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ 16 വയസ്സില്‍ താഴെയുള്ള പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പെടുക്കാത്ത എല്ലാ കുട്ടികളും കുത്തിവെപ്പെടുക്കണമെന്നാണ് ഡി.എം.ഒയുടെ അഭ്യര്‍ഥന. തങ്ങളുടെ പ്രദേശത്തെ എല്ലാ പള്ളികളിലും മദ്റസകളിലും സന്ദേശം എത്തിക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഡി.എം.ഒ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിശദ ക്ളാസുകള്‍ക്ക് മദ്റസ റെയ്ഞ്ച് യോഗങ്ങള്‍ നടക്കുമ്പോള്‍ അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെ സമീപിക്കാമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.
Next Story