Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2016 5:32 PM IST Updated On
date_range 25 Jan 2016 5:32 PM ISTകലക്ടര്‍ പട്ടികവര്‍ഗ കോളനികള്‍ സന്ദര്‍ശിച്ചു
text_fieldsbookmark_border
എടക്കര: കോളനികളിലെ പോരായ്മകളും ഇല്ലായ്മകളും നിരത്തി ഒരുതരത്തിലുമുള്ള പരാതികളും ആദിവാസികളില്‍നിന്ന് ഉണ്ടാകാന്‍ ഇടനല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ കര്‍ശന നിര്‍ദേശം. പോത്തുകല്‍ പഞ്ചായത്ത് മുണ്ടേരി വനത്തിലുള്ളിലെ കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, ഇരുട്ടുകുത്തി, വാണിയംപുഴ, തണ്ടന്‍കല്ല് എന്നീ അഞ്ച് പട്ടികവര്‍ഗ കോളനികള്‍ സന്ദര്‍ശിച്ച് ആദിവാസികളുടെ പരാതികള്‍ കേട്ട ശേഷമാണ് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിയമത്തിന്‍െറ നൂലാമാലകള്‍ തേടിപോകാതെ ആദിവാസികള്‍ക്ക് ചെയ്തുകൊടുക്കാനാകുന്ന കാര്യങ്ങള്‍ മാനുഷിക പരിഗണനയില്‍ ചെയ്തുകൊടുക്കാന്‍ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ വകുപ്പുദ്യോഗസ്ഥരുമായാണ് ഞായറാഴ്ച രാവിലെ പത്തോടെ ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ കുമ്പളപ്പാറ ആദിവാസി കോളനിയില്‍ സന്ദര്‍ശനത്തിനത്തെിയത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരമാവധി തീര്‍പ്പാക്കുന്നതിന്‍െറ ഭാഗമായിരുന്നു സന്ദര്‍ശനം. മുണ്ടേരി വനത്തില്‍ ഏഴു കിലോമീറ്റര്‍ ഉള്ളിലാണ് കുമ്പളപ്പാറ കോളനി സ്ഥിതി ചെയ്യുന്നത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കലക്ടറുടെ സന്ദര്‍ശനത്തിന് കഴിഞ്ഞു. മാസത്തില്‍ ഒരിക്കല്‍ കിട്ടുന്ന റേഷന്‍ ആഴ്ചയിലൊരിക്കല്‍ എന്ന ക്രമത്തില്‍ നല്‍കണമെന്ന ആദിവാസികളുടെ ആവശ്യം കലക്ടര്‍ അംഗീകരിച്ചു. ജില്ലാ സിവില്‍ സപൈ്ള ഓഫിസര്‍, ഐ.ടി.ഡി.പി, പഞ്ചായത്ത് എന്നീ വിഭാഗങ്ങള്‍ ഇതിന് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി. 35 കിലോ അരി ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും 30 കിലോ മാത്രമാണ് ലഭിക്കുന്നതെന്ന പരാതിക്ക് ഇനി മുതല്‍ 35 കിലോതന്നെ കിട്ടുമെന്ന് ജില്ലാ സിവില്‍ സപൈ്ള ഓഫിസര്‍ എന്‍.പി. നോബെറ്റ് ഉറപ്പുനല്‍കി. 15 കിലോമീറ്റര്‍ നടന്നുവേണം ആദിവാസികള്‍ക്ക് അരി ലഭിക്കാന്‍. ഈ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇനിമുതല്‍ അരി കോളനിയിലത്തെിക്കാനുള്ള നടപടിയും അധികൃതര്‍ സ്വീകരിക്കും. റേഷന്‍ കാര്‍ഡില്ലാത്ത ആറുപേര്‍ക്ക് ജില്ലാ സപൈ്ള ഓഫിസറുടെ നേതൃത്വത്തില്‍ ഉടന്‍ കാര്‍ഡ് അനുവദിച്ചു. കോളനിയില്‍ അങ്കണവാടിയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ളെന്നും വിദ്യാഭ്യാസമില്ലാത്തത് കാരണം പലരും തങ്ങളെ പറ്റിക്കുകയാണെന്നും ആദിവാസികള്‍ പരാതി പറഞ്ഞപ്പോള്‍ അങ്കണവാടി അനുവദിക്കാമെന്നും നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഒരാളെ അങ്കണവാടിയില്‍ നിയമിക്കാമെന്നും കലക്ടര്‍ അറിയിച്ചു. ആനപ്പേടികാരണം കൂടുതല്‍ സുരക്ഷിതമായ വലിയ കെട്ടിടം നിര്‍മിച്ചുതരണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആനപ്പേടിയില്ലാത്ത സ്ഥലത്തേക്ക് മാറിത്താമസിക്കുമോ എന്ന കലക്ടറുടെ ചോദ്യത്തിന് സ്ഥലം മാറാന്‍ തയാറല്ളെന്ന് ആദിവാസികള്‍ പറഞ്ഞു. ആദിവാസി കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള നിലമ്പൂരിലെ സ്കൂളില്‍നിന്ന് വീട്ടില്‍ വന്ന കുട്ടികളില്‍ ചിലര്‍ തിരിച്ചുപോകാത്തത് കലക്ടര്‍ അന്വേഷിച്ചു. ഫ്ളാറ്റ് രൂപത്തിലുള്ള വീടുകള്‍ നിര്‍മിച്ചുനല്‍കിയാല്‍ ആനപ്പേടിയില്ലാതെ താമസിക്കാമെന്ന് ആദിവാസികള്‍ അറിയിച്ചു. അതിനുള്ള ശിപാര്‍ശ സര്‍ക്കാറിലേക്ക് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. കക്കൂസില്ലാത്ത മുഴുവന്‍ വീടുകള്‍ക്കും ജില്ലാ ശുചിത്വമിഷന്‍െറയും പഞ്ചായത്തിന്‍െറയും സഹകരണത്തോടെ കക്കൂസ് നിര്‍മിച്ചുനല്‍കാന്‍ തയാറാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. കരുണാകരന്‍ പിള്ള അറിയിച്ചു. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ എന്നിവയും തിങ്കളാഴ്ച അനുവദിച്ച് നല്‍കി. കലക്ടര്‍ക്ക് പുറമെ സബ്കലക്ടര്‍ ജാഫര്‍ മാലിക്, നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ ഡോ. ആടല്‍ അരശന്‍, എ.സി.എഫ് ജയപ്രകാശ്, നിലമ്പൂര്‍ തഹസില്‍ദാര്‍ എം. അബ്ദുല്‍ സലാം, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി. ശാന്ത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. രേണുക, ജില്ലാ സപൈ്ള ഓഫിസര്‍ എന്‍.പി. നോബെറ്റ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.വി. മുരളീധരന്‍, നിലമ്പൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അനീഷ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story