Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2016 5:56 PM IST Updated On
date_range 10 Jan 2016 5:56 PM IST‘ബദ്ര്‍ മുസ്ലിയാര്‍’ വിടപറഞ്ഞത് അര്‍ഹതക്കുള്ള അംഗീകാരം ലഭിക്കാതെ
text_fieldsbookmark_border
തിരുനാവായ: മാപ്പിള കലകള്‍ക്കായി അര നൂറ്റാണ്ടിലേറെക്കാലം യത്നിച്ച കാരത്തൂരിലെ കാവുങ്ങപ്പറമ്പില്‍ മുഹമ്മദ് മൗലവി എന്ന ബദ്ര്‍ മുസ്ലിയാര്‍ വിടപറഞ്ഞത് അര്‍ഹതക്കുള്ള അംഗീകാരം ലഭിക്കാതെ. ബന്ധപ്പെട്ട സംഘടനകളോ അക്കാദമികളോ തിരിഞ്ഞുനോക്കാത്തതില്‍ അദ്ദേഹത്തിന് ഏറെ സങ്കടമുണ്ടായിരുന്നു. 12ാം വയസ്സില്‍ കല്യാണ സദസ്സുകളില്‍ പാടി രംഗത്തുവന്ന ഇദ്ദേഹം 1990 വരെ ഈ രംഗത്ത് സജീവമായിരുന്നു. 1964 വരെ രാഷ്ട്രീയ വേദികളില്‍ സ്ഥിരം ഗായകനായിരുന്ന അദ്ദേഹത്തെ മലപ്പുറത്ത് ലീഗ് സമ്മേളനത്തില്‍ പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ ഹാരമണിയിച്ച് ആദരിച്ചത് ജീവിതത്തില്‍ ലഭിച്ച സൗഭാഗ്യമായി അദ്ദേഹം അയവിറക്കിയിരുന്നു. ഊരകം കീഴ്മുറിയിലെ നെല്ലിപ്പറമ്പില്‍ ആലി മുസ്ലിയാര്‍-കുഞ്ഞാത്തുമ്മ ദമ്പതികളുടെ മകനാണ്. സഹോദരീ ഭര്‍ത്താവും മാപ്പിള കവിയുമായിരുന്ന വേങ്ങര സി.പി. മുഹമ്മദാണ് മൗലവിയെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്‍െറ മരണശേഷം മാപ്പിളപ്പാട്ടു ഗായകന്‍ നല്ലളത്ത് ബീരാനെ ഗുരുവായി സ്വീകരിച്ചു. വിവിധ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന മൗലവി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ ഖിസ്സപ്പാട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ട് പദാനുപദം വ്യാഖ്യാനിക്കാന്‍ കഴിവുള്ള പ്രതിഭാധനനായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ട് വ്യാഖ്യാതാവും കാഥികനും ഗായകനും വാഗ്മിയുമായിരുന്ന മൗലവിയുടെ അമൂല്യ ഗ്രന്ഥശേഖരം ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും മാപ്പിളപ്പാട്ട് ഗായകര്‍ക്കും വലിയ അനുഗ്രഹമായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ക്കു പുറമെ 130 വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ മാപ്പിള കവികളുടെ പാട്ടുകളും ശേഖരത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൗലവിയുടെ വിയോഗം മാപ്പിള സാഹിത്യത്തിനും കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി നിര്യാതനായ മൗലവിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച കൈനിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story