അവഗണനയില്‍ മങ്കട ആയുര്‍വേദ ഡിസ്പെന്‍സറി
text_fieldsമങ്കട: അര നൂറ്റാണ്ടുമുമ്പ് നിര്‍മിച്ച ദുര്‍ബലമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മങ്കട ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ഇനിയും മോക്ഷമില്ല. 1943ല്‍ മങ്കട കോവിലകത്തെ എം.സി. കൃഷ്ണവര്‍മരാജ വായനശാലയായി തുടങ്ങിയ കെട്ടിടമാണ് പിന്നീട് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ 1957ല്‍ ആയുര്‍വേദ ഡിസ്പെന്‍സറിയായി പ്രവര്‍ത്തനമാരംഭിച്ചത്. ഇത്രയും കാലത്തിനിടയില്‍ മങ്കട പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ സി.എച്ച്.സിയും പിന്നീട് താലൂക്ക് ആശുപത്രിയുമായി ഉയര്‍ത്തിയെങ്കിലും ആയുര്‍വേദ ഡിസ്പെന്‍സറി പഴയ അവസ്ഥയില്‍ തന്നെ തുടരുകയാണ്. ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരമെന്ന പേരില്‍ 2007ല്‍ മങ്കട പഞ്ചായത്ത് ഭരണസമിതി പുതിയൊരു കെട്ടിടം നിര്‍മിച്ചെങ്കിലും കെട്ടിടത്തിന്‍െറ ചോര്‍ച്ചയും മറ്റു അസൗകര്യങ്ങളും കാരണം മരുന്ന് സൂക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. പിന്നീട് ഈ സ്ഥാപനത്തിനു വേണ്ടി കാര്യമായ ഫണ്ടുകളൊന്നും ലഭിച്ചിട്ടില്ല. പഴയ കെട്ടിടമാകട്ടെ പട്ടികയും മരങ്ങളും മറ്റു അനുബന്ധ ഉപകരണങ്ങളും ചിതലരിച്ചിട്ടുണ്ട്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും ജീവനക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. നിലം പൊത്താറായ ഈ കെട്ടിടത്തില്‍ ഭീതിയോടെയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്. ഇടക്ക് ചില്ലറ അറ്റകുറ്റ പ്രവൃത്തികള്‍ നടത്താറുണ്ടെങ്കിലും പഴകി ദ്രവിച്ച മരങ്ങള്‍ മിക്കതും ദുര്‍ബലമായ അവസ്ഥയിലാണ് നില്‍ക്കുന്നത്. ഇവ പൊളിച്ചുമാറ്റി ശാസ്ത്രീയമായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ കെട്ടിടം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചികിത്സക്കാവശ്യമായ മരുന്നുകള്‍ യഥേഷ്ടം പഞ്ചായത്ത് നല്‍കുന്നുണ്ടെങ്കിലും അസൗകര്യങ്ങള്‍ കാരണം ആളുകള്‍ക്ക് സ്ഥാപനത്തെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. കിടത്തി ചികിത്സ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ ഒരു ആയുര്‍വേദ ആശുപത്രിയായി ഇത് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടിനിടയില്‍ 22 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരം സൗകര്യങ്ങളോടു കൂടിയ ഒരു ആയുര്‍വേദ ആശുപത്രി വേണമെന്നതും ദീര്‍ഘകാലത്തെ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.