Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2016 6:02 PM IST Updated On
date_range 20 Feb 2016 6:02 PM ISTനാടന്‍ കലകള്‍ സംഗമിച്ചു; വൈരങ്കോട് വലിയ തിയ്യാട്ടുത്സവത്തിന് സമാപനം
text_fieldsbookmark_border
തിരുനാവായ: വൈരങ്കോട് ഭഗവതി ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ട തിയ്യാട്ടുത്സവം നാടന്‍ കലാപ്രകടനങ്ങളോടെയും വാദ്യമേളങ്ങളുടെയും സംഗമത്തോടെ വെള്ളിയാഴ്ച സമാപിച്ചു. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമത്തെിയ നൂറില്‍പരം വരവുകളായിരുന്നു ഉത്സവത്തിലെ നിറക്കാഴ്ച. പട്ടയാടകളും സര്‍വാഭരണങ്ങളും വൈദ്യുതാലംകൃതവുമായത്തെിയ ഇണപ്പൊയ്ക്കാളകള്‍ വരവുകള്‍ക്ക് മിഴിവേകി. പൂതന്‍, തിറ, കാട്ടാളന്‍, വൈക്കാല്‍ പൂതന്‍, തെയ്യം, കരിങ്കാളി, പൂക്കാവടി, കൂറകള്‍, തിത്ത്യേര്യക്കുടകള്‍, പുരാണവേഷങ്ങള്‍ എന്നിവ ഓരോ വരവിലും നിറഞ്ഞുനിന്നു. വൈകീട്ട് നാലുമുതല്‍ പ്രവഹിച്ചുതുടങ്ങിയ വരവുകള്‍ അര്‍ധരാത്രി വരെ നീണ്ടു. ആതവനാട് മേഖലയില്‍ നിന്നുള്ള വരവുകള്‍ ആഴ്വാഞ്ചേരി മനയില്‍ സംഗമിച്ച് തമ്പ്രാക്കളുടെ അനുഗ്രഹം വാങ്ങി മഹാവരവായാണ് ക്ഷേത്രത്തിലേക്ക് നീങ്ങിയത്. തീരദേശത്തുനിന്നുള്ള വേട്ടുവരുടെ വരവാണ് ഒടുവിലത്തെിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ക്ഷേത്ര ദര്‍ശനത്തിനും വിപണിയിലേക്കുമായത്തെിയവരെക്കൊണ്ട് ക്ഷേത്രവും പരിസരവും ജനനിബിഡമായി. മണ്‍പാത്രങ്ങളും മണ്ണുകൊണ്ടുള്ള കരകൗശല വസ്തുക്കളും നീറുമീനും കാര്‍ഷികോപകരണങ്ങളും വിപണിയെ ധന്യമാക്കി. മൂന്ന് നേരങ്ങളിലായി നടന്ന അന്നദാനത്തില്‍ ജാതിമത ഭേദമന്യേ ആയിരങ്ങളാണ് പങ്കെടുത്തത്. തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഉഷപൂജ, മേലരി കനലാട്ടക്കുഴിയില്‍ കൊണ്ടുവന്നിടല്‍, നെല്ലളവ്, തീയാട്ടുകൊള്ളല്‍, തോറ്റം ചൊല്ലല്‍, കാവ് തീണ്ടല്‍, കിഴക്കേ നടതുറക്കല്‍, മേലരിക്ക് തീ കൊളുത്തല്‍, പകലാട്ടം, മുടിയാട്ടം, പണിക്കരുടെ അകമ്പടിയോടെ എഴുന്നള്ളത്ത്, ചുരിക പിടിത്തം, കാട് കാണല്‍, തായമ്പക, കനലാട്ടം എന്നിവയും നടന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധി ഉത്സവത്തില്‍ പങ്കെടുത്ത അവകാശികള്‍ക്ക് അരിയളന്നതോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story