Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2016 4:30 PM IST Updated On
date_range 30 April 2016 4:30 PM ISTനാടുകാണിയില്‍ കാട്ടുതീ, ഹെക്ടര്‍ കണക്കിന് സ്വാഭാവിക വനം കത്തിനശിച്ചു
text_fieldsbookmark_border
നിലമ്പൂര്‍: കേരളവും തമിഴ്നാടും അതിര്‍ത്തി പങ്കിടുന്ന നാടുകാണി ചുരത്തില്‍ കാട്ടുതീ പടര്‍ന്ന് ഹെക്ടര്‍ കണക്കിന് സ്വാഭാവിക വനം കത്തി ചാമ്പലായി. രാത്രി ഏറെ വൈകിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ കൂടുതല്‍ വനമേഖലയിലേക്ക് തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അന്തര്‍ സംസ്ഥാനപാത കടന്നുപോവുന്ന ചുരം റോഡിന്‍െറ ഇരുഭാഗങ്ങളിലുമായി തീ പടര്‍ന്നത്. റോഡരികില്‍ പടര്‍ന്നു നില്‍ക്കുന്ന മുളം കൂട്ടങ്ങളിലേക്ക് തീ ആളിപടര്‍ന്നത്തോടെ റോഡില്‍ ഗതാഗതത്തിന് ഒരു മണിക്കൂറിലധികം നിയന്ത്രണമേര്‍പ്പെടുത്തി. ഒന്നാംവളവിന് മുകളിലായി വ്യൂപോയന്‍റിന് സമീപമാണ് റോഡിനിരുവശവുമായി തീ കാണപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 900 അടി ഉയരത്തിലാണ് ചുരത്തിന്‍െറ ഈ ഭാഗം. ചെറിയ കാറ്റ് അനുഭവപ്പെട്ടതിനാല്‍ അതിവേഗതയില്‍ തീ പടര്‍ന്നതുമൂലം നിയന്ത്രണവിധേയമാക്കാനായില്ല. നിലമ്പൂരില്‍നിന്നത്തെിയ അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റും വനം വകുപ്പും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കാന്‍ ഏറെ സാഹസപ്പെട്ടു. ഇഴചന്തുകളും പറവകളും അഗ്നിക്കിരയായി. കത്തിചാമ്പലായ വനഭാഗത്ത് പെരുമ്പാമ്പിന്‍െറയും രാജവെമ്പാലയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടത്തെി. ജില്ലയില്‍നിന്ന് പിടികൂടുന്ന രാജവെമ്പാല ഉള്‍പ്പെടെ ഉരഗ ജീവികളെ ഈ വനപാതയിലാണ് ഉപേക്ഷിക്കാറുള്ളത്. റോഡിന്‍െറ താഴ്ഭാഗത്തെ തീ വൈകീട്ട് ആറരയോടെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും മറുഭാഗത്ത് പടര്‍ന്ന തീ രാത്രി ഏറെ വൈകിയും കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈകീട്ട് ഏഴോടെ തന്നെ തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. ചെകുത്തായ വനമേഖലയായതിനാല്‍ ഇവിടെ പടര്‍ന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണ്. കഴിഞ്ഞ ദിവസങ്ങളിലും നാടുകാണി ചുരത്തിന്‍െറ ശങ്കരന്‍മലയുടെ താഴ്വാര പ്രദേശത്ത് കാട്ടു തീ പടര്‍ന്നിരുന്നു. വഴിക്കടവ് റെയ്ഞ്ചിലെ കരിയംമുരിയം, മരുത വനമേഖലയിലും നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കലംകമഴ്ത്തി, ചാമപ്പാറ വനമേഖലകളിലും വ്യാപകമായി കാട്ടുതീ പടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനസമ്പത്ത് കത്തിനശിച്ചിരുന്നു. വേനല്‍മഴ ലഭിക്കാത്തതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നിലമ്പൂരില്‍ കാട്ടുതീയുടെ തോത് വളരെ കൂടുതലാണ്. കാട്ടുതീ തടയാന്‍ വനം വകുപ്പ് താല്‍ക്കാലികമായി നിയമിച്ച ഫയര്‍വാച്ചര്‍മാരെ മാര്‍ച്ച് അവസാനത്തോടെ പിന്‍വലിച്ചതും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story