Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2016 6:44 PM IST Updated On
date_range 28 April 2016 6:44 PM ISTതാലൂക്ക് ആശുപത്രിയില്‍ ഇന്നുമുതല്‍ രോഗികള്‍ക്ക് നിയന്ത്രണം
text_fieldsbookmark_border
മലപ്പുറം: കെട്ടിടം അപകടാവസ്ഥയിലായ മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച മുതല്‍ രോഗികളെ നിയന്ത്രിക്കും. വരും ദിവസങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് ഇവിടെ കൈകാര്യം ചെയ്യുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഒ.പി മറ്റൊരു ഭാഗത്ത് സാധാരണപോലെ പ്രവര്‍ത്തിക്കും. കിടത്തിച്ചികിത്സിക്കുന്നതിലാണ് പ്രധാനമായും നിയന്ത്രണം. ലേബര്‍ റൂം, ഓപറേഷന്‍ തിയറ്റര്‍ മുതലായവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഡോക്ടര്‍മാര്‍ ഡി.എം.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച് ജമീലയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. പുതിയ ഓപറേഷന്‍ തിയറ്റര്‍ ഉടന്‍ സജ്ജമാക്കാന്‍ യോഗം ഡി.എം.ഒയെ ചുമതലപ്പെടുത്തി. അതുവരെ ശസ്ത്രക്രിയകള്‍ അത്യാവശ്യമെങ്കില്‍ മാത്രം നടത്തും. പ്രസവ കേസുകള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാനാണ് തീരുമാനം. സ്റ്റോര്‍ റൂമിലേക്കാണ് ഒ.പി മാറ്റിസ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത പുതിയ ബ്ളോക്കും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമല്ല. ഇവിടെ അടിയന്തര പ്രവൃത്തികള്‍ നടത്തി പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വനിതാ വാര്‍ഡ്, ലേബര്‍ റൂം തുടങ്ങിയവയുടെ അവസ്ഥ ദയനീയമാണ്. പല തവണ സീലിങിന്‍െറ സിമന്‍റ് പാളി അടര്‍ന്നു വീണു. ചൊവ്വാഴ്ച രാത്രിയും വനിതാ വാര്‍ഡില്‍ ഇത് സംഭവിച്ചു. തലനാരിഴക്കാണ് രോഗികളും കൂട്ടിരിപ്പുകാരും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. വനിതാവാര്‍ഡിലുള്ള 30 രോഗികളെ കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ ബ്ളോക്കിലെ 14 ബെഡുകള്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പ്രശ്നത്തില്‍ ഇടപെട്ട ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി പ്രധാന കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണി ഉടന്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യം പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡും പിന്നീട് ഓരോ വാര്‍ഡും അറ്റകുറ്റപ്പണി നടത്തും. യോഗത്തില്‍ ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍, ഡോ. വി. വിനോദ്, ഡോ. കെ. ബഷീര്‍, മുനിസിപ്പല്‍ സെക്രട്ടറി ഡി. സാജു, സ്ഥിരം സമിതി അധ്യക്ഷന്‍ പി. അബ്ദുല്‍ സലീം, കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ കെ. ഉമ്മര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story