ആവേശം കൊടിതാഴ്ത്തി
text_fieldsമലപ്പുറം: വീറും വാശിയും പ്രകടമാക്കി നഗരങ്ങളെയും ഗ്രാമങ്ങളെയും പിടിച്ചുകുലുക്കിയ പരസ്യ പ്രചാരണങ്ങള്‍ക്ക് ആവേശോജ്ജ്വല പരിസമാപ്തി.
മുന്നണി ബന്ധത്തിന്‍െറ പൊട്ടലും ചീറ്റലും പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വിചിത്ര സഖ്യങ്ങളും രൂപപ്പെട്ട ഇത്തവണ ആവേശം കൊടുമുടിയിലാക്കിയ പ്രചാരണ കോലാഹലങ്ങള്‍ക്കാണ് ജില്ലയിലെ ഗ്രാമങ്ങള്‍ സാക്ഷ്യം വഹിച്ചത്.
പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ പറയത്തക്ക അനിഷ്ട സംഭവങ്ങളുണ്ടായില്ല. മഞ്ചേരി, തിരൂര്‍, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലൊന്നും ടൗണ്‍ കേന്ദ്രീകരിച്ച കൊട്ടിക്കലാശമുണ്ടായില്ല.
അതേസമയം, ചെറിയ ടൗണുകളിലും ഗ്രാമങ്ങളിലും ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പ്രചാരണ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. വൈകുന്നേരം അഞ്ചു വരെ അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ നേരിട്ട് മത്സരിക്കുന്ന പ്രദേശങ്ങളില്‍ പ്രചാരണം തണുത്ത മട്ടിലായിരുന്നു.
എന്നാല്‍, മുന്നണി സംവിധാനം തകര്‍ന്ന് സാമ്പാര്‍ മുന്നണികള്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ ആവേശം കൊടുമുടി കയറി. ഇത്തരം പ്രദേശങ്ങളില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ രൂപപ്പെട്ട വൈരം പ്രചാരണത്തിന്‍െറ അവസാന നിമിഷങ്ങളിലും പ്രകടമായിരുന്നു. നഗരങ്ങളില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നു. പ്രധാന ജങ്ഷനുകളിലെ പ്രചാരണ സംഗമമാണ് പൊലീസും രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ധാരണപ്രകാരം ഒഴിവാക്കിയത്.
ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം വെല്ലുവിളികളും ഉയര്‍ന്നത് ശക്തമായ പോരാട്ടത്തിന്‍െറ സൂചനകള്‍ നല്കി. അഭിമാന പ്രശ്നമായതിനാല്‍ സീറ്റുകള്‍ നില നിര്‍ത്താനും വെട്ടിപ്പിടിക്കാനും ആവനാഴിയിലെ അടവുകളെല്ലാം കോണ്‍ഗ്രസും ലീഗും പയറ്റുന്നുണ്ട്.
വാഴക്കാട് ചീനിബസാറില്‍ പ്രചാരണത്തിന്‍െറ അവസാന നിമിഷങ്ങളില്‍ മുസ്ലിം ലീഗ്-വികസന മുന്നണി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ കലാശിച്ചു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് വൈകീട്ട് നാലര വരെ പ്രചാരണ വാഹനങ്ങള്‍ പൊലീസ് ഇടപെട്ട് നിയന്ത്രിച്ചെങ്കിലും അവസാനത്തെ അര മണിക്കൂറില്‍ നിയന്ത്രണം പ്രചാരണ വാഹനങ്ങളും പ്രവര്‍ത്തകരും ഏറ്റെടുത്തപ്പോള്‍ പൊലീസ് നിസ്സഹായരായി.
മഞ്ചേരിയില്‍ നിയന്ത്രണമുണ്ടായിരുന്നെങ്കിലും പ്രചാരണ വാഹനങ്ങള്‍ ടൗണില്‍ സംഗമിച്ചപ്പോള്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
നിലമ്പൂരില്‍ പൊതുവില്‍ ശബ്ദ കോലാഹലങ്ങളില്ലാത്ത പ്രചാരണമായിരുന്നു. അവസാന നാളുകളില്‍ മാത്രമാണ് സജീവത അനുഭവപ്പെട്ടത്. മാവോവാദി സാന്നിധ്യത്തിന്‍െറ പശ്ചാത്തലത്തില്‍ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയതിനാല്‍ ആദിവാസികള്ക്കിടയിലേക്കുള്ള മദ്യമൊഴുക്കിന് ശമനമുണ്ടായി.
സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കൊണ്ടോട്ടിയില്‍ ശക്തമായ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. പ്രചാരണ വാഹനങ്ങള്‍ ടൗണില്‍ പ്രവേശിച്ചെങ്കിലും സംഗമമുണ്ടായില്ല.
കോട്ടക്കലില്‍ പ്രചാരണം ചങ്കുവെട്ടിയിലും ടൗണിലുമായി നടന്നതിനാല്‍ പ്രശ്നങ്ങളൊഴിവായി.
പെരിന്തല്‍മണ്ണ ടൗണും കൊട്ടിക്കലാശത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നു. പെരിന്തല്‍മണ്ണയില്‍ പൊതുവെ കാടിളക്കിയുള്ള പ്രചാരണങ്ങള്‍ക്കപ്പുറം കുടുംബ സംഗമങ്ങളിലും നേരില്‍ കണ്ടുള്ള പ്രചാരണത്തിലുമാണ് പാര്‍ട്ടികള്‍ കേന്ദ്രീകരിച്ചത്.
തിരൂരില്‍ ശക്തമായ പ്രചാരണമായിരുന്നെങ്കിലും ടൗണ്‍ കേന്ദ്രീകരിച്ച് കൊട്ടിക്കലാശമുണ്ടായില്ല. എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ ഇവിടെ പ്രചാരണത്തിനത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.