Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2019 11:33 PM GMT Updated On
date_range 2019-01-06T05:03:34+05:30'പേരാമ്പ്രയിലെ ഡി.വൈ.എഫ്.ഐ ആക്രമണം ആസൂത്രിതം'
text_fieldsപേരാമ്പ്ര: ടൗണിലെ ആരാധനാലയം, കോൺഗ്രസ്, മുസ്ലിംലീഗ് ഓഫിസുകൾ എന്നിവക്കുനേരെ നടന്ന കല്ലേറും യൂത്ത് കോൺഗ്രസുകാരെ മർദിച്ചതും ഡി.വൈ.എഫ്.ഐ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ജില്ല കോൺഗ്രസ് പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പള്ളിക്കെതിരെ നടന്ന ആക്രമണത്തിൽ സി.പി.എം ജില്ല നേതൃത്വവും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണനും പൊതുസമൂഹത്തോട് മാപ്പുപറയണം. ഉത്തരേന്ത്യയിൽ ആർ.എസ്.എസ് നടപ്പാക്കുന്നത് പേരാമ്പ്രയിൽ സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകൽ ആർ.എസ്.എസിനെ എതിർക്കുകയും രാത്രി അവർക്ക് ചൂട്ടുപിടിക്കുകയുമാണ് സി.പി.എം രീതിയെന്നും സിദ്ദീഖ് ആരോപിച്ചു. സി.പി.എം ആക്രമണത്തിന് പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് സമാധാനപരമായി നടത്തിയ പ്രകടനം കൈയേറി പാർലമെൻറ് മണ്ഡലം പ്രസിഡൻറിനെ മർദിച്ചത് എന്തിനാണെന്ന് അവർ വ്യക്തമാക്കണം. ആക്രമണത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.സി.സി അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. സി.പി.എം, സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ ജില്ലയിലെ 26 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഈ മാസം ഏഴിന് വൈകീട്ട് മൂന്നു മുതൽ അഞ്ചുവരെ സമാധാന സംരക്ഷണ സദസ്സ് സംഘടിപ്പിക്കാനും തീരുമാനിച്ചതായി സിദ്ദീഖ് അറിയിച്ചു. കേരള കോൺഗ്രസ് -എം സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ, ഇ.വി. രാമചന്ദ്രൻ, രാജൻ മരുതേരി, ബാബു തത്തക്കാടൻ, പി.എം. പ്രകാശൻ, എസ്. സുനന്ദ്, വി.ടി. സൂരജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ആക്രമണത്തിനിരയായ പള്ളിയും മുസ്ലിംലീഗ്, കോൺഗ്രസ് ഓഫിസുകളും സിദ്ദീഖ് സന്ദർശിച്ചു.
Next Story