മൂലാട് ഗ്രാമം കണ്ണീരോടെ രാജു മാഷിന് വിട നൽകി

05:02 AM
11/01/2019
കൂട്ടാലിട: വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകൻ, മാതൃകയാക്കാവുന്ന രാഷ്ട്രീയ-സാമൂഹിക പ്രവർത്തകൻ, കോടതിയിലെ സഹപ്രവർത്തകരുടെ ആരാധ്യൻ... ഇങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് മൂലാട് തൈക്കോട്ടുപൊയിൽ രാജുവിന്. ഇദ്ദേഹത്തി​െൻറ അകാലത്തിലുള്ള വേർപാട് മൂലാട് ഗ്രാമത്തിനും പേരാമ്പ്ര കോടതിയിലെ സഹപ്രവർത്തകർക്കും വലിയ വേദനയാണ് സമ്മാനിച്ചത്. ഇടപെടുന്ന ഇടങ്ങളിലെല്ലാം തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ച രാജു നിലവിൽ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയിലെ സീനിയർ ക്ലർക്കാണ്. 1990-2000 കാലഘട്ടത്തിൽ കൂട്ടാലിട ബോധി കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം. അധ്യാപനം ഉപേക്ഷിച്ച് ഗവ. സർവിസിൽ കയറിയിട്ടും നാട്ടുകാർക്ക് അദ്ദേഹം ഇപ്പോഴും മാഷ് തന്നെയാണ്. ബാലസംഘം പ്രവർത്തകനായി തുടങ്ങി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐയിലൂടെ പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും അലങ്കരിച്ചു. മൂലാട് ജ്ഞാനോദയ വായനശാലയുടെ പ്രസിഡൻറ്, സെക്രട്ടറി പദവികൾ ദീർഘകാലം വഹിച്ച രാജു നിലവിൽ വാർഡ് വികസന സമിതി അംഗവുമാണ്. വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും ഉത്തമ കമ്യൂണിസ്റ്റായിരുന്നു ഇദ്ദേഹം. മതവും ജാതിയും തിരിച്ച് മനുഷ്യനെ വേർതിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇദ്ദേഹം ത​െൻറ മക്കൾക്ക് ഇട്ട പേരുപോലും മതേതരത്വം മുറുകെ പിടിക്കുന്നതായിരുന്നു. മൂത്ത മകൾക്ക് ലിഖിത സ്നോസി ഫർസാന എന്നു നൽകിയപ്പോൾ മകനെ അനോയ് ആഷിഖ് രാജ് എന്നാണ് വിളിച്ചത്. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. സർവകക്ഷി യോഗം അനുശോചിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.ടി. ഗിരിജ, ഉഷ മലയിൽ, പി. ബാലൻ നമ്പ്യാർ, യൂസഫ് തെക്കേടത്ത്, രാജൻ അരമന, സോമൻ മലയിൽ, എൻ. ആലി, സി.എച്ച്. സുരേഷ്, ടി. ഷാജു, ടി.കെ. ബാലൻ മൂലാട്, എം.വി. സദാനന്ദൻ, കെ. മോഹനൻ, സി.കെ. വിജയൻ, സി. രാഘവൻ, എം. ബാലകൃഷ്ണൻ, ടി. അബീഷ്, എൻ. മുരളീധരൻ, കെ.സി. സുനിൽ എന്നിവർ സംസാരിച്ചു.
Loading...
COMMENTS