Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:21 AM IST Updated On
date_range 28 Sept 2017 5:02 PM ISTഅണ്ടർ 17 ലോകകപ്പ്: ഫുട്ബാൾ ആവേശത്തിലേക്ക് പന്തടിച്ച് വയനാട്
text_fieldsbookmark_border
'വൺ മില്യൺ ഗോൾ' പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം ആരാധകർ ഗോളടിച്ചുകൂട്ടി * ജില്ലയിലെ 134 കേന്ദ്രങ്ങളിലായി 73,644 തവണ വല കുലുങ്ങി * ലോകകപ്പ് ആവേശത്തിൽ പന്തടിച്ച് മുതിർന്നവരും കുട്ടികളും കൽപറ്റ: കാൽപന്തുകളിയുടെ ആവേശത്തിെൻറ ഗോൾവലകളിലേക്ക് പന്തടിച്ച് വയനാട്ടുകാരും. ഒക്ടോബർ ആറു മുതൽ രാജ്യം ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിെൻറ പ്രചാരണാർഥം നടത്തുന്ന 'വൺ മില്യൺ ഗോൾ' പരിപാടിയുടെ ഭാഗമായി കുട്ടികളും മുതിർന്നവരും ഗോളുകളുതിർത്തു. ജില്ലയിലെ 134 കേന്ദ്രങ്ങളിലായി ബുധനാഴ്ച വൈകീട്ട് മൂന്നു മണി മുതൽ ഏഴുമണിവരെ 73,644 തവണയാണ് വലകുലുങ്ങിയത്. രാത്രി വൈകിയുള്ള കണക്കുകൂടിയെത്തുന്നതോടെ നേരേത്ത പ്രഖ്യാപിച്ചിരുന്ന 80,000 ഗോൾ എന്ന ലക്ഷ്യമെത്തുമെന്നാണ് പ്രതീക്ഷ. എല്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പരിപാടികൾ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. നാലു വയസ്സുകാരൻ മുതൽ 60 വയസ്സ് പിന്നിട്ടവർവരെ ഫുട്ബാൾ ആവേശത്തിൽ പങ്കാളികളായി. കോളജ് വിദ്യാർഥികളായ അഷിതയും അമലയും ആവേശത്തോടെ തങ്ങളുടെ ഗോൾ അവസരത്തിനായി കൽപറ്റ പുതിയ ബസ്സ്റ്റാൻഡിലെ വേദിയിൽ കാത്തുനിന്നപ്പോൾ പഴയ ഒാർമകളുമായാണ് തരുവണ സ്വദേശിയായ ആരോഗ്യവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ അഹമ്മദ് ചെറുമകനോടൊപ്പം പരിപാടിക്കെത്തിയത്. കൽപറ്റ എച്ച്.ഐ.എം.യു.പി സ്കൂളിലെ ഒന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും മുതിർന്ന ക്ലാസുകളിലെയും കുട്ടികൾ ആവേശത്തോടെയാണ് വരിവരിയായി ഗ്രൗണ്ടിലെത്തി വലകുലുക്കിയത്. സർക്കാർ ഉദ്യോഗസ്ഥർ, കച്ചവടക്കാർ, ഒാട്ടോഡ്രൈവർമാർ, വീട്ടമ്മമാർ എന്നുവേണ്ട സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ ഫുട്ബാൾ എന്ന വികാരത്തിന് കീഴിൽ ഒത്തുചേരുകയായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറയും കായിക-യുവജന കാര്യാലയത്തിെൻറയും യുവജനക്ഷേമ വകുപ്പിെൻറയും ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്പോർട്സ് ആൻഡ് കൾചറൽ പ്രമോഷൻ കൗൺസിൽ, സ്കൂൾ-കോളജുകൾ, കായിക സംഘടനകൾ, സ്പോർട്സ് ക്ലബുകൾ, യുവജന സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവരെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കൽപറ്റ നഗരസഭയിൽ എട്ടു കേന്ദ്രങ്ങളിലും മാനന്തവാടി നഗരസഭയിൽ അഞ്ചു കേന്ദ്രങ്ങളിലും ബത്തേരി നഗരസഭയിൽ എട്ടു കേന്ദ്രങ്ങളിലുമായി പരിപാടി നടന്നു. കൽപറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് തത്സമയ സംപ്രേഷണത്തോടെയും ഗാനമേളയുടെ അകമ്പടിയോടെയും നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കാളികളായി. ജില്ലയിലെ പ്രധാന വേദിയും പുതിയ ബസ്സ്റ്റാൻഡിലായിരുന്നു. കൃത്യം മൂന്നുമണിക്കുതന്നെ കൽപറ്റയിൽ പരിപാടി തുടങ്ങി. ഉദ്ഘാടകൻ സി.കെ. ശശീന്ദ്രൻ എം.എൽ.എയാണ് ആദ്യം വലകുലുക്കിയത്. തുടർന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ജില്ല കലക്ടർ എസ്. സുഹാസ്, നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു, സിനിമാതാരം എ. അബുസലീം, എസ്.ഐ. ജയപ്രകാശ് എന്നിവരും പന്തടിച്ചു. ഡി. പോൾ, എൻ.എസ്.എസ് കൽപറ്റ, ഡബ്ല്യു.എം.ഒ കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ, സ്പോർട്സ് ഹോസ്റ്റൽ, എം.സി.എഫ് സ്കൂൾ എന്നിവിടങ്ങളിലുള്ളവരും പങ്കാളികളായി. കൽപറ്റ ടൗൺ, എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ, എച്ച്.ഐ.എം.യു.പി സ്കൂൾ, പുത്തൂർവയൽ, പെരുന്തട്ട, എൻ.എസ്.എം ഗവ. കോളജ് എന്നീ കേന്ദ്രങ്ങളിലും പരിപാടി നടന്നു. മാനന്തവാടി നഗരസഭയിൽ മാനന്തവാടി ടൗൺ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, പയ്യമ്പള്ളി സെൻറ് കാതറൻസ് ഹൈസ്കൂൾ, വള്ളിയൂർക്കാവ്, ഫാദർ ജി.കെ.എം.എച്ച്.എസ്.എസ്, പിലാക്കാവ് എന്നീ കേന്ദ്രങ്ങളിലും വൺ മില്യൺ ഗോൾ പരിപാടി നടന്നു. എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് എം.ജെ. വിജയപത്മനും മുഖ്യാതിഥികളായി പങ്കെടുത്തു. നഗരസഭ ചെയർമാൻ സി.കെ. സഹദേവൻ, മാനന്തവാടി നഗരസഭയിൽ ഒ.ആർ. കേളു എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വി.ആർ. പ്രവീജ് എന്നിവരും മുഖ്യാതിഥികളായി പങ്കെടുത്തു. ജനപങ്കാളിത്തത്താൽ പരിപാടി വിജയമാക്കിയ എല്ലാവർക്കും സംഘാടക സമിതി ചെയർമാൻ ജില്ല കലക്ടർ എസ്. സുഹാസ്, ജനറൽ കൺവീനറായ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു എന്നിവർ നന്ദി അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണിൽ ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിച്ചു. സെൻറ് മേരീസ് കോളജ് ഗ്രൗണ്ടിൽ ഡെപ്യൂട്ടി ചെയര്‍പേഴ്‌സൻ ജിഷ ഷാജി, ബീനാച്ചി ഹൈസ്‌കൂളില്‍ ടി.എൽ. സാബു, ചേനാട് ഹൈസ്‌കൂളില്‍ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹ്മാൻ, ഓടപ്പള്ളം ജി.എച്ച്.എസില്‍ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പി.കെ. സുമതി, തിരുനെല്ലി ടെക്‌നിക്കല്‍ സ്‌കൂളില്‍ എല്‍സി പൗലോസ്, സര്‍വജന ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വല്‍സ ജോസ്, മണിച്ചിറയില്‍ എൻ.എം. വിജയന്‍ എന്നിവരാണ് ഉദ്ഘാടനം ചെയ്തത്. യുവജനങ്ങൾ, ക്ലബുകള്‍, വിദ്യാലയങ്ങൾ, വ്യാപാരികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നഗരസഭ പരിധിയില്‍ 10,000 ഗോളുകള്‍ തികച്ചു. മേപ്പാടി: മേപ്പാടിയിൽ അടിച്ചുകൂട്ടിയത് 1000 ഗോളുകൾ. സമൂഹത്തിെൻറ വിവിധ തുറകളിൽപ്പെട്ടവർ ഇതിെൻറ ഭാഗമായി ബസ്സ്റ്റാൻഡ് പരിസരത്ത് സജ്ജീകരിച്ച വേദിയിലെത്തി ഗോളടിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ തമ്പി, അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story