കോഴി ക്കോട്: കോവിഡിനെ നേരിടാന്‍ ജനങ്ങളുടെ യോജിച്ച അന്തരീക്ഷം ശക്തിപ്പെടുത്തണമെന്നും ഇതിന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ചുനില്‍ക്കണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ആവശ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണനിരക്ക് രാജ്യാന്തര-ദേശീയ ശരാശരിയെക്കാള്‍ വളരെ കുറവാണ്. നാം ജാഗ്രതയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ സമ്പര്‍ക്കം കുറയ്ക്കാനും രോഗവ്യാപനം തടയാനും കഴിയൂ. സാമൂഹിക വ്യാപനത്തിന് അവസരം കൊടുക്കരുത്. കോവിഡ് ഭീഷണി എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച സന്നദ്ധസേനയെ ശക്തിപ്പെടുത്തണം. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ വേണം. ജില്ലയില്‍ ഇതിനകം 40,917 വളൻറിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് -മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ. ശശീന്ദ്രന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല കലക്ടര്‍ സാംബശിവ റാവു, എ.ഡി.എം റോഷ്നി നാരായണന്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍, ഡി.എം.ഒ ഡോ. വി. ജയശ്രീ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.