കലികയറി കടല്‍; തീരത്ത് ഭീതിയുടെ കാറ്റ്
text_fieldsവടകര: വ്യാഴാഴ്ച മഴ ശക്തി പ്രാപിച്ചതോടെ കടൽക്ഷോഭം രൂക്ഷമായി. തീരദേശവാസികൾ ഭീതിയിൽ കഴിയുകയാണ്. അടുത്ത കാലത്തൊന്നും ഇതിന് സമാന സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അഴിത്തലയില്‍നിന്ന് ബുധനാഴ്ച കടലിൽ പോയ രണ്ടുപേരെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതും നാടിനെ ആശങ്കയിലാഴ്ത്തി. വര്ഷകാലത്തിന് സമാനമായ അന്തരീക്ഷമാണിപ്പോള്‍ തീരപ്രദേശത്തുള്ളത്. കടല്‍ക്ഷോഭം ശക്തമായ വടകര സാന്‍ഡ്ബാങ്ക്സ്, ആവിക്കല്‍, മുഖച്ചേരി ഭാഗം, കുരിയാടി, ചോറോട്, അഴിയൂര്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവര്‍ പ്രദേശങ്ങളിലെത്തി. വടകരയില്‍ തീരദേശ പൊലീസ് സ്റ്റേഷന് വന്നെങ്കിലും നാടിെൻറ ആശങ്ക പരിഹരിക്കാന്‍ സഹായകമല്ലെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് കടലില്‍ പോകരുതെന്നും മറ്റുമുള്ള വിവരങ്ങള്‍ നല്‍കുന്നത്.
ഈ രീതി സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്കും മറ്റും കാര്യങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നില്ലെന്നാണ് ആക്ഷേപം. മുന്‍കാലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെൻറും മറ്റും നടത്താറുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രമായ സാൻറ്ബാങ്ക്സിലേക്കുള്പ്പെടെയുള്ള യാത്ര നിര്‍ത്തിവെക്കണമെന്നാണ് അധികൃതര്‍ നല്കുന്ന നിര്‍ദേശം. വടകരയുടെ തീരങ്ങളില്‍ കടല്‍ഭിത്തി പൂര്‍ണമല്ല. കടല്‍ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. മിക്ക തീരദേശ റോഡുകളുടെയും അവസ്ഥ നേരേത്തതന്നെ ദയനീയമാണ്. ഇക്കഴിഞ്ഞ മഴയില്‍തന്നെ റോഡുകള്‍ പലതും തകര്‍ന്നുകഴിഞ്ഞു. മഴ കനത്തുപെയ്യുന്നത് തുടരുകയാണെങ്കില്‍ തീരദേശ ഗതാഗത സംവിധാനം പൂര്‍ണമായും നിലക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
