ആൾക്കൂട്ടം നോക്കിനിൽക്കെ മർദനമേറ്റ യുവാവ് മരിച്ചു ഒരാൾ പിടിയിൽ
text_fields
കൊയിലാണ്ടി: ആൾക്കൂട്ടം നോക്കിനിൽക്കെ ഉത്സവപറമ്പിൽ മർദനത്തിന് ഇരയായ യുവാവ് മരിച്ചു. കൊയിലാണ്ടി ചെറിയമങ്ങാട് പുതിയപുരയിൽ പ്രമോദ് (43) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച മരിച്ചത്. സംഭവത്തിൽ ചെറിയമങ്ങാട് വേലിവളപ്പിൽ വികാസി(24) നെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് ചെറിയമങ്ങാട് ക്ഷേത്രത്തിന് സമീപം പ്രമോദ് ക്രൂരമർദനത്തിനിരയായത്. ഉത്സവത്തിന് മദ്യപിച്ചെത്തിയെന്ന് ആരോപിച്ചായിരുന്നുവത്രെ മർദനം.
ആൾക്കൂട്ടം നോക്കിനിന്നെങ്കിലും ആരും തടഞ്ഞില്ല. മാത്രമല്ല, അവശനായി വീണുകിടന്നപ്പോൾ ആശുപത്രിയിൽ എത്തിക്കാനും തയാറായില്ല. പൊലീസെത്തിയാണ് കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയാണ് പ്രമോദ്. ഭാര്യ: സോന. മക്കൾ: സൂര്യ, ദൃശ്യ. മരുമകൻ: വൈശാഖ്. പിതാവ്: നാണു. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: പ്രവീൺ, പ്രസാദ്, അമ്പിളി.
പിടിയിലായ വികാസും മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
