Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2020 5:00 AM IST Updated On
date_range 28 March 2020 5:00 AM ISTകോവിഡ് ഭീതി: മാക്കൂട്ടം ചുരംപാത കർണാടക മണ്ണിട്ടു മൂടി; ആശങ്കയറിയിച്ച് കേരളം
text_fieldsbookmark_border
ചരക്കു ഗതാഗതം പൂർണമായും തടസ്സപ്പെട്ടു ഇരിട്ടി: മാക്കൂട്ടം ചുരംപാതയിൽ കർണാടക മണ്ണിട്ടുനിറച്ച് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. കർണാടക അധികൃതരുടെ നടപടിയിൽ കേരളം ആശങ്ക അറിയിച്ചു. കേരളത്തിൻെറ ഭൂമിയിൽതന്നെയാണ് കർണാടക മണ്ണിട്ട് റോഡ് തടസ്സപ്പെടുത്തിയത്. വിവരമറിഞ്ഞ് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. അദ്ദേഹം കുടക് എസ്.പിയുമായി ചർച്ച നടത്തി. കലക്ടറുടെ നിർദേശപ്രകാരമാണ് മണ്ണിട്ടതെന്ന് പൊലീസ് സംഘം എസ്.പിയോട് പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ അദ്ദേഹം കുടക് ജില്ല കലക്റെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, കലക്ടർ ഫോണെടുക്കാൻ തയാറായില്ല. ഇതോടെ കലക്ടറുടെ നിർദേശപ്രകാരമാണെന്ന് പറഞ്ഞ് റോഡ് പൂർണമായും മണ്ണിട്ട് തടസ്സപ്പെടുത്തുകയായിരുന്നു. കൂട്ടുപുഴയിൽ പുതിയ പാലം നിർമിക്കുന്നതിന് സമീപമാണ് ഇപ്പോൾ മണ്ണിട്ടത്. ഈ പ്രദേശം കേരളത്തിൻെറ അധീനതയിൽപെട്ട സ്ഥലമാണ്. ഇതോടെ ഇതുവഴിയുള്ള ചരക്കു ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര കർണാടക ഐ.ജി വിപിൽ കുമാർ, എസ്.പി സുമൻ പലേക്കർ എന്നിവരുമായാണ് ചർച്ച നടത്തിയത്. തഹസിൽദാർ കെ.കെ. ദിവാകരൻ, ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, സി.ഐ എ. കുട്ടികൃഷ്ണൻ, പായം പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു. അതിർത്തി അടച്ചതോടെ അരി, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യ ചരക്കുനീക്കം നിശ്ചലമായി. കർണാടകയിൽനിന്ന് വയനാട് മുത്തങ്ങ വഴിയുള്ള അതിർത്തി ചെക്ക്പോസ്റ്റ് നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന നിലപാടാണ് കർണാടക്ക്. ഈ വഴിയുള്ള ചരക്കുനീക്കം 100 കിലോമീറ്ററിലധികം ദൂരം കൂടുതലുള്ളതിനാൽ ഉത്തരമലബാറിൽ അവശ്യവസ്തുക്കൾക്ക് വില വർധിക്കാൻ സാഹചര്യമുണ്ടാകും. വിഷയത്തിൽ മുഖ്യമന്ത്രിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് സന്ദേശം അയച്ചതായി സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. വിരാജ്പേട്ട എം.എൽ.എ കെ.ജി. ബാപ്പയ്യയെ ബന്ധപ്പെട്ടപ്പോൾ അതിർത്തി അടക്കാതെ നിർവാഹമിെല്ലന്നും കോവിഡ് രോഗികളുടെ എണ്ണം കണ്ണൂരിൽ കൂടുതൽ ഉണ്ടെന്നും അദ്ദേഹം മറുപടി നൽകിയതായും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story