മീഞ്ചന്ത മേൽപാലത്തി​െൻറ താഴ്ഭാഗം: സാമൂഹിക വിരുദ്ധരുടെ താവളം

05:00 AM
03/12/2019
മീഞ്ചന്ത മേൽപാലത്തിൻെറ താഴ്ഭാഗം: സാമൂഹിക വിരുദ്ധരുടെ താവളം ബേപ്പൂർ: മീഞ്ചന്ത മേൽപാലത്തിന് താഴെ സാമൂഹികവിരുദ്ധർ താവളമാക്കിയത് പൊതുജനങ്ങൾക്ക് ദുരിതമാകുന്നു. ഇവിടെ മയക്കുമരുന്ന് വിൽപനക്കാരുടെയും നിരോധിത പുകയില ഉൽപന്നങ്ങൾ, വിദേശമദ്യ ചില്ലറ വിൽപനക്കാർ എന്നിവരുടെയും സ്ഥിരകേന്ദ്രമായിരിക്കുകയാണ്. ഒറ്റനമ്പർ ലോട്ടറിക്കാരും മൊബൈൽ ഗെയിമിൽ പണംവെച്ച് ചൂതാട്ടം നടത്തുന്നതും പതിവുകാഴ്ചയാണ്. വൈകുന്നേരങ്ങളിൽ 'സൗഹൃദം' കൂടാൻ എത്തുന്നവർ മദ്യപാനത്തിനുശേഷം കൈയാങ്കളിയിലേക്ക് നീങ്ങുകയും കേട്ടാലറക്കുന്ന തെറി പ്രയോഗങ്ങൾ നടത്തുന്നതും വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും പരിസരവാസികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇവർക്കെതിരെ പ്രതികരിച്ചാൽ ഗുണ്ടാസംഘങ്ങളെപ്പോലെ ഒന്നിച്ച് പ്രതികരിക്കുന്നതിനാൽ നാട്ടുകാർ ഭയപ്പാടിലാണ്. ഇരുളിൻെറ മറവിൽ പാഴ്വസ്തുക്കളും ഇവിടെ കൊണ്ടുവന്നു തള്ളുന്നുണ്ട്. വാഹനത്തിൽ കൊണ്ടുവന്നു തള്ളിയ കൂട്ടത്തിൽ ചാക്കിൽനിറച്ച് കുപ്പിച്ചില്ലുകളും ധാരാളമായി ഇവിടെയുണ്ട്. തൊട്ടടുത്ത കല്യാണമണ്ഡപത്തിൽനിന്ന് ഭക്ഷണം ശേഖരിച്ച് വൃദ്ധരടക്കമുള്ള യാചകരും കൂട്ടമായി തമ്പടിച്ചിട്ടുണ്ട്. സാമൂഹികദ്രോഹികൾ ഉപേക്ഷിക്കുന്ന മാലിന്യം പരിസരവാസികൾക്ക് ആരോഗ്യ ഭീഷണിയുണ്ടാക്കുന്നു. വ്യാപാരികൾ പലപ്രാവശ്യം കോർപറേഷൻ ഹെൽത്ത് വിഭാഗക്കാരോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. നിയമപാലകരുടെ അടിയന്തര ശ്രദ്ധയും നിരീക്ഷണവും അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം. നൈറ്റ് പട്രോളിങ് ശക്തിപ്പെടുത്തണമെന്നും പരിസരവാസികൾ പറഞ്ഞു.
Loading...