Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:01 AM IST Updated On
date_range 1 Aug 2019 5:01 AM ISTഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിലെ കീമോ തെറപ്പി യൂനിറ്റ് നാടിന് സമര്‍പ്പിച്ചു
text_fieldsbookmark_border
ഫറോക്ക്: സംസ്ഥാനത്തെ ഇ.എസ്.ഐ ആശുപത്രികളില്‍ ആദ്യത്തെ കീമോ തെറപ്പി യൂനിറ്റ് ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രിയില്‍ തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം ചെലവഴിച്ചാണ് നാല് കിടക്കകളുള്ള പ്രത്യേക കീമോ തെറപ്പി വാര്‍ഡ് നിർമിച്ചത്. കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല. മെഡിക്കല്‍ കോളജില്‍നിന്ന് പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റ്, രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് യൂനിറ്റിന് നേതൃത്വം നല്‍കുക. വാര്‍ഡ് യാഥാര്‍ഥ്യമായത് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നുള്ള ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് ആശ്വാസമാകും. മാസത്തില്‍ 40ലധികം രോഗികള്‍ക്ക് ഇവിടെനിന്ന് ചികിത്സ നല്‍കാന്‍ കഴിയും. ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രി ശിപാര്‍ശ ചെയ്യുന്നവര്‍ കീമോ തെറപ്പി നടത്തുന്നതിന് നഗരത്തിലെ സ്വകാര്യ ആശുപത്രികളെയായിരുന്നു സമീപിച്ചിരുന്നത്. ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ.സി. മമ്മദ് കോയ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഇ.എസ്.ഐ റീജനല്‍ ഡയറക്ടര്‍ സി.വി. ജോസഫ്, റീജനല്‍ ബോര്‍ഡ് അംഗം എം.എ. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഐ.എം.എസ് ഡോ. അജിതനായര്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ഇ.എസ്.ഐ പദ്ധതി ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ ഫറോക്ക്: ഇ.എസ്.ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറപ്പി യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എസ്.ഐ പദ്ധതി വിപുലപ്പെടുത്തി തൊഴിലാളികള്‍ക്കും കുടുംബത്തിനും കൂടുതല്‍ ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കീമോ തെറപ്പി, ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ഒമ്പത് ഇ.എസ്.ഐ ആശുപത്രികളിലും തീവ്രപരിചരണ യൂനിറ്റുകള്‍ ആരംഭിക്കും. ഇ.എസ്.ഐ പദ്ധതിയില്‍ അംഗമാകുന്ന ദിവസം മുതല്‍ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സ്‌പെഷാലിറ്റി ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയില്‍ അംഗമാകുന്ന ദിവസം മുതല്‍തന്നെ റീസണബിള്‍ മെഡിക്കല്‍ കെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സ്‌പെഷാലിറ്റി ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. നിലവില്‍ ഒമ്പത് ഇ.എസ്.ഐ ആശുപത്രികളില്‍ മാത്രം ലഭിച്ചിരുന്ന ഈ സേവനം എംപാനല്‍ ചെയ്ത 40ഓളം ആശുപത്രികളില്‍ കൂടി രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ ലഭിക്കും. തൊഴിലാളികളുടെ ആശ്രയമായ ഇ.എസ്.ഐ പദ്ധതി ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story