മായാത്ത തെരഞ്ഞെടുപ്പ് ഓർമകളുമായി മമ്മു മാസ്​റ്റർ

05:02 AM
16/03/2019
ആയഞ്ചേരി: വർഷം 42 ആയിട്ടും കടയുടെ ചുമരിൽ ലോക്സഭ സ്ഥാനാർഥിയായ കെ.പി. ഉണ്ണികൃഷ്ണന് വോട്ടഭ്യർഥിച്ചുള്ള എഴുത്തിന് ഒരു മാറ്റവുമില്ല. തെരുവിൻതാഴ കാട്ടുനുപ്പറ്റ കുടുംബത്തി​െൻറ ഉടമസ്ഥതയിലുള്ള പീടികയുടെ ചുമരിലാണ് 1977ൽ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന നുപ്പറ്റ മമ്മു മാസ്റ്റർ വോട്ടഭ്യർഥിച്ച് എഴുതിയത്. മൂർച്ചിലോട്ടുനിന്ന് പോയത്ത്താഴ വഴി വള്ള്യാട്ടേക്കുള്ള വഴിയരികിലായിരുന്നു ഈ കട. കലാകാരനായ മമ്മുവിന് അന്ന് പ്രായം 19. പശുവും കിടാവുമായിരുന്നു ഉണ്ണികൃഷ്ണ​െൻറ തെരഞ്ഞെടുപ്പ് ചിഹ്നം. ഇത് വരച്ചെടുക്കാൻ ലേശം കലയുള്ളവർക്കേ കഴിയൂ എന്ന് മനസ്സിലാക്കിയ പരേതനായ കാട്ടുനുപ്പറ്റ പക്രനായിരുന്നു ചുമരെഴുത്തിന് മമ്മുവിനെ നിയോഗിച്ചത്. ചിഹ്നത്തിന് താഴെ വോട്ട് ഫോർ കെ.പി. ഉണ്ണികൃഷ്ണൻ എന്ന് ഇംഗ്ലീഷിൽ എഴുതുകയും ചെയ്തു. ചുണ്ണാമ്പ് കലക്കിയാണ് എഴുത്ത്. വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും നിറം മങ്ങാത്ത ഓർമപോലെയാണ് ഈ എഴുത്ത്. അരങ്ങിൽ ശ്രീധരനായിരുന്നു ഉണ്ണികൃഷ്ണ​െൻറ എതിരാളി. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും അന്നുണ്ടായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് മമ്മു കോൺഗ്രസ് പ്രവർത്തകനായത്. അന്ന് ഓരോ വീട്ടിലുമായിരുന്നു പാർട്ടികളുടെ യോഗം ചേർന്നിരുന്നത്. അതുകൊണ്ടുതന്നെ എല്ലാ കുടുംബങ്ങളുമായും നല്ല ബന്ധം പുലർത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും ഗുണം ചെയ്തതായി മമ്മു ഓർക്കുന്നു. പിന്നീട് ടി.ടി.സിക്ക് പോകാൻ പാർട്ടി നേതാക്കളാണ് നിർദേശിച്ചത്. 2014ൽ അധ്യാപകനായി സർവിസിൽനിന്ന് വിരമിച്ച മമ്മു ഇപ്പോഴും സാമൂഹിക പ്രവർത്തനത്തിൽ സജീവമാണ്.
Loading...
COMMENTS