Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 7:14 AM GMT Updated On
date_range 2018-09-19T12:44:58+05:30ജപ്പാൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ധാരണ; കുന്ദമംഗലം മണ്ഡലത്തിൽ റോഡുകളുടെ പ്രവൃത്തി ഉടൻ തുടങ്ങും
text_fieldsപന്തീരാങ്കാവ്: പൂളക്കടവ്-മാത്തറ-പാലാഴി-കോവൂര്‍ റോഡ് ഉൾപ്പെടെ കുന്ദമംഗലം മണ്ഡലത്തിലെ പ്രധാന റോഡുകളുടെ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് ജപ്പാൻ പൈപ്പ്ലൈൻ പ്രവൃത്തികൾ പൂർത്തിയാക്കാൻ ധാരണ. പി.ടി.എ. റഹീം എം.എല്‍.എ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് പ്രസിഡൻറുമാരുടെയും പൊതുമരാമത്ത്, ജിക്ക ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള പ്രവര്‍ത്തനപദ്ധതിയാണ് തീരുമാനിച്ചത്. പൈപ്പ്ലൈനുകള്‍ സ്ഥാപിക്കാന്‍ ബാക്കിയുള്ള ഇടങ്ങളില്‍ പ്രവൃത്തി നടത്തുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് ടെൻഡര്‍ ചെയ്ത റോഡുകളിലെ പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കുക. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ടെൻഡര്‍ ചെയ്ത പൂളക്കടവ്-മാത്തറ-പാലാഴി-കോവൂർ റോഡുകളിൽ ഒക്ടോബർ 17ഓടെ പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. ഒക്ടോബർ ഒന്നു മുതൽ റോഡ് പ്രവൃത്തി തുടങ്ങും. എൻ.എച്ച് ബൈപാസില്‍ പൈപ്പ്ലൈന്‍ ക്രോസിങ്ങിനുള്ള അനുമതിയും കാലതാമസമില്ലാതെ ലഭ്യമാക്കും. മാങ്കാവ്-കണ്ണിപറമ്പ റോഡില്‍ ബാക്കിയുള്ള ഭാഗങ്ങളിലെ പ്രവൃത്തിയും ഉടൻ പൂര്‍ത്തീകരിക്കുമെന്നും ജിക്ക അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. മാങ്കാവ്-കണ്ണിപറമ്പ റോഡിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഭാഗത്ത് ഒക്ടോബറിലും പാലാഴി-പുത്തൂര്‍മഠം റോഡില്‍ നവംബർ 15ഓടെയും പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് നാഷനൽ ഹൈവേ അധികൃതരുടെ അനുമതി ലഭ്യമാക്കിയിട്ടുണ്ട്. താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആർ.ഡി.എം റോഡില്‍ പൈപ്പ്ലൈന്‍ ക്രോസിങ്, പടനിലം കളരിക്കണ്ടി റോഡിലും പന്തീര്‍പാഠം തേവര്‍കണ്ടി റോഡിലും കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡിലും മെഡിക്കല്‍ കോളജ് മാവൂര്‍ റോഡിലും പൈപ്പ്ലൈന്‍ പ്രവൃത്തികൾ എന്നിവക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കും. കളന്‍തോട്-കൂളിമാട് റോഡില്‍ എൻ.സി.പി.സി പദ്ധതിയുടെ പൈപ്പ്ലൈനുകള്‍ മാറ്റുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് എസ്റ്റിമേറ്റിനനുസരിച്ച് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. അജിത, കെ. തങ്കമണി, ഷൈജ വളപ്പിൽ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍.വി. ബാലന്‍ നായർ, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
Next Story