Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 5:50 AM GMT Updated On
date_range 2018-09-07T11:20:55+05:30തൊണ്ടയാട്, രാമനാട്ടുകര മേൽപാലങ്ങളുടെ പണി അവസാനഘട്ടത്തിൽ
text_fieldsകോഴിക്കോട്: നഗരത്തിലെയും കോഴിക്കോട്-മലപ്പുറം ജില്ലാതിർത്തിയിലെയും രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാനായി നിർമിക്കുന്ന മേൽപാലങ്ങളുടെ പണി പൂർത്തിയാവുന്നു. 90 ശതമാനത്തിലേറെ പ്രവൃത്തി പൂർത്തിയായ തൊണ്ടയാട്, രാമനാട്ടുകര മേൽപാലങ്ങൾ ഒരു മാസത്തിനുള്ളിൽ തുറന്നുകൊടുക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഈ മാസം തന്നെ ചെയ്യേണ്ടിയിരുന്ന മേൽപാലങ്ങളുടെ കമീഷനിങ് പ്രളയദുരന്തത്തെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. കെടുതിയെത്തുടർന്ന് നിർമാണം തടസ്സപ്പെട്ടതിനാൽ കൂടുതൽ സമയം കരാറുകാർ ആവശ്യപ്പെട്ടിരുന്നുവെന്ന് പൊതുമരാമത്ത് (റോഡ്സ് ഡിവിഷൻ) എക്സി.എൻജിനീയർ ടി.എസ്. സിന്ധു അറിയിച്ചു. ജില്ല കേരള റോഡ് ഫണ്ട് ബോർഡ് അനുവദിച്ച 143 കോടി രൂപക്കാണ് ഇരു മേൽപാലങ്ങളും നിർമിക്കുന്നത്. 480 മീറ്റർ ദൈർഘ്യമുള്ള തൊണ്ടയാട് ഫ്ലൈ ഓവറിന് 54 കോടിയും 420 മീറ്റർ ദൈർഘ്യമുള്ള രാമനാട്ടുകരയിലെ ഫ്ലൈഓവറിന് 89 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ജില്ല ഫ്ലാഗ്ഷിപ്പ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമാണം. 2016 മാർച്ചിലാണ് മേൽപാലങ്ങളുടെ പണി തുടങ്ങിയത്. യു.എൽ.സി.സി.എസിനാണ് നിർമാണ ചുമതല. ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും രണ്ടുവർഷത്തിലധികം നീണ്ടുപോവുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകളും ജല അതോറിറ്റിയുടെ പൈപ് ലൈനുകളും മാറ്റാനുള്ള കാലതാമസമാണ് പദ്ധതി ഏറെ വൈകിച്ചത്. മേയിൽ തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നീണ്ടുപോയി. പിന്നീട് ജൂണിലേക്കും തുടർന്ന് സെപ്റ്റംബറിലേക്കും നീട്ടുകയായിരുന്നു. പാലങ്ങൾ ഗതാഗത യോഗ്യമാവുന്നതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് ആശ്വാസമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതരും നാട്ടുകാരും.
Next Story