Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_righteditorial

editorial

text_fields
bookmark_border
ബംഗളൂരു വഴി 2019ലേക്ക് കർണാടക മുഖ്യമന്ത്രിയായി ജനതാദൾ-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത മേയ് 23ലെ ചടങ്ങ് സമകാലിക ഇന്ത്യയിലെ അത്യപൂർവമായ ഒരു രാഷ്ട്രീയ ചിത്രത്തിനാണ് വേദിയായത്. പ്രധാന പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു എന്നതാണ് ആ ചടങ്ങിനെ പ്രസക്തമാക്കുന്നത്. കേരളം, ഡൽഹി, പുതുച്ചേരി, ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ, ജനതാദൾ-യു നേതാവ് ശരദ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, നാഷനൽ കോൺഫറൻസ് നേതാവ് മുബാറക് ഗുൽ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ഐ നേതാവ് ഡി. രാജ, രാഷ്ട്രീയ ലോക്ദൾ അധ്യക്ഷൻ അജിത് സിങ് തുടങ്ങിയവരും സത്യപ്രതിജ്ഞ വേദിയിൽ സന്നിഹിതരായിരുന്നു. ഇത്രയധികം പ്രതിപക്ഷ കക്ഷി നേതാക്കൾ ഒന്നിച്ച് ഒരു വേദിയിൽ അണിനിരക്കുന്നത് അടുത്ത കാലത്ത് ഇതാദ്യമാണ്. വലിയ രാഷ്ട്രീയ സന്ദേശങ്ങൾ നൽകുന്ന വേദിയായിരുന്നു അത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റ് നാലുവർഷം കഴിയുമ്പോൾ വ്യക്തമാവുന്ന കാര്യമിതാണ്. നമ്മുടെ രാജ്യം രണ്ട് രാഷ്ട്രീയ ധാരകളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ, മതേതര മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തി രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നതാണ് ഒരു ധാര. വിശദാംശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും നമ്മുടെ ഭരണഘടന മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾ തന്നെയാണ് അടിസ്ഥാനപരമായി ഈ രാഷ്ട്രീയവും മുന്നോട്ട് വെക്കുന്നത്. എന്നാൽ, ഇതിന് നേർവിപരീതമായ രാഷ്ട്രീയ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നവരാണ് സംഘ്പരിവാർ. സംഘ്പരിവാറിലെ ഒരു ഘടകകക്ഷി മാത്രമാണ് ബി.ജെ.പി. ഭരണഘടന മൂല്യങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും അട്ടിമറിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചു പോരുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ, ജുഡീഷ്യറി തുടങ്ങിയ ഭരണഘടന സംവിധാനങ്ങളെപ്പോലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു എന്ന വിമർശനങ്ങൾ ഗൗരവപ്പെട്ടതാണ്. ഒടുവിൽ കർണാടകയിൽ തങ്ങളുടെ വിലകുറഞ്ഞ രാഷ്ട്രീയം പ്രാവർത്തികമാക്കാനുള്ള ഉപകരണമായി ഗവർണറെ ഉപയോഗിക്കുകയായിരുന്നു ബി.ജെ.പി. കാര്യങ്ങൾ ഇങ്ങനെ പോയാൽ ഇന്ത്യ വേറെ ഒരു രാജ്യമായി പരിവർത്തിക്കപ്പെടും എന്ന ആശങ്ക ജനാധിപത്യവാദികൾ പരക്കെ പങ്കുവെക്കാൻ തുടങ്ങി. ഭരണഘടന തന്നെ തിരുത്തുക എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കാണ് ബി.ജെ.പി സർക്കാർ സഞ്ചരിക്കുന്നതെന്ന സംശയം വ്യാപകമായി. സംഘ്പരിവാറി​െൻറ സമഗ്രാധിപത്യ പ്രവണതകളെ ചെറുക്കാൻ ജനാധിപത്യ, മതേതര കക്ഷികൾ യോജിക്കണമെന്ന ആവശ്യം പരക്കെ ഉയർന്നുവരുന്നുണ്ടായിരുന്നു. ഈ ആശയത്തോട് തത്ത്വത്തിൽ ആർക്കും വിയോജിപ്പുമുണ്ടായിരുന്നില്ല. എന്നാൽ, അത് പ്രയോഗത്തിൽ കൊണ്ടുവരാൻ ആർക്കു സാധിക്കുമെന്നതായിരുന്നു പ്രശ്നം. അതിനിടെയാണ് ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭ സീറ്റുകളിലേക്ക് കഴിഞ്ഞ മാർച്ചിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.എസ്.പി, എസ്.പി എന്നീ കക്ഷികൾ ബി.ജെ.പിക്കെതിരെ ഒന്നിച്ച് നിന്നപ്പോൾ മികച്ച വിജയമാണ് നേടിയെടുക്കാനായത്. ബി.ജെ.പിക്കെതിരെ സംയോജിത മുന്നേറ്റം എന്ന ആശയത്തിന് കരുത്തുപകർന്ന തെരഞ്ഞെടുപ്പ് ഫലങ്ങളായിരുന്നു അത്. അതി​െൻറ തുടർച്ചയായിട്ടാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ വേദിയെ കാണേണ്ടത്. 2014ലെ ഒന്നാം യു.പി.എ കാലത്തെ ഓർമിപ്പിക്കുന്ന വേദിയായിരുന്നു അത്. ഒരു സത്യപ്രതിജ്ഞ ചടങ്ങിൽ നേതാക്കൾ വേദി പങ്കിട്ടതുകൊണ്ടു മാത്രം വലിയ ഐക്യം രൂപപ്പെട്ടു എന്ന് വിലയിരുത്താൻ പറ്റില്ല. അവിടെ വേദി പങ്കിട്ട കക്ഷികൾ പലതും അവരവരുടെ ശക്തികേന്ദ്രങ്ങളിൽ പരസ്പരം പോരടിക്കുന്നവരാണ്. അതിനാൽതന്നെ ഒരു സംയോജിത മുന്നണിയിൽ ഇവരെ അണിനിരത്തുകയെന്നത് സാഹസികമായ ജോലിയാണ്. പക്ഷേ, ഒരു കാര്യത്തിൽ ഇവരെല്ലാം യോജിക്കുന്നുണ്ട്; ബി.ജെ.പിയെ ഈ നിലക്ക് വിട്ടാൽ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ് തന്നെ അവതാളത്തിലാകും. അതിനാൽ രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും സംരക്ഷിക്കുക എന്ന പൊതുമിനിമം പരിപാടിയിൽ യോജിക്കുകയല്ലാതെ നിവൃത്തിയില്ല എന്നതാണ് ഈ കക്ഷികളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഘടകം. അതിൽ യോജിക്കാൻ സാധിച്ചാൽതന്നെ അത് വലിയ കാര്യമാണ്. ആ അർഥത്തിൽ സന്ദർഭത്തിനൊത്ത് ഉയരാൻ രാഷ്ട്രീയ പാർട്ടികൾക്കും സാധിക്കും എന്നതി​െൻറ ലക്ഷണങ്ങൾ കാണാനുണ്ട്. ഈ മാസം 28ന് ഉത്തർപ്രദേശിലെ കൈരാന ലോക്സഭ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥിയെ പിന്തുണക്കാൻ സമാജ്വാദി പാർട്ടി, ബി.എസ്.പി, കോൺഗ്രസ് കക്ഷികൾ തീരുമാനിച്ചതാണത്. കൈരാനയിലെ സഖ്യവും ബംഗളൂരുവിലെ സത്യപ്രതിജ്ഞ വേദിയും ശുഭ സൂചനകളാണ് നൽകുന്നത്. മഹാ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്ന ഐക്യമാണത്. അത് മനസ്സിലാക്കി ഗൗരവപ്പെട്ട പ്രായോഗിക ചുവടുകൾ വെക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story