Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:54 AM IST Updated On
date_range 25 May 2018 10:54 AM ISTസാമൂഹിക ജലസേചന പദ്ധതി: കൺവീനർമാർക്ക് കെ.എസ്.ഇ.ബിയുടെ ഷോക്ക് ട്രീറ്റ്മെൻറ്
text_fieldsbookmark_border
നന്മണ്ട: കർഷക കൂട്ടായ്മയിൽ കൃഷിഭവനുകൾക്ക് കീഴിൽ ആരംഭിച്ച സാമൂഹിക ജലസേചന പദ്ധതി ജില്ലയിൽ നിലച്ചിട്ട് വർഷങ്ങളായെങ്കിലും പദ്ധതി കൺവീനർമാർക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. കർഷകർ അവരവരുടെ ഭൂമിയിൽ ജലസേചനത്തിന് ഉപയോഗിച്ചതാണെങ്കിലും അതിെൻറ വൈദ്യുതി ചാർജിെൻറ കുടിശ്ശിക അപ്പാടെ വീണത് പദ്ധതിയേറ്റെടുത്ത് നടത്തിയ കൺവീനർമാരുടെ തലയിലാണ്. ജില്ലയിൽ ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നടത്തിയ നിരവധി കൺവീനർമാർ കെ.എസ്.ഇ.ബി.യുടെ ജപ്തി നടപടി നേരിടുകയാണ്. അഞ്ചിന പദ്ധതിയിൽ 1994 ലാണ് കൃഷിവകുപ്പ് കർഷകരിൽനിന്ന് സാമൂഹിക ജലസേചന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചത്. പദ്ധതിക്കായി രണ്ടുലക്ഷം രൂപയും അനുവദിച്ചു. 40 ശതമാനം ചെലവും കർഷകരാണ് കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ, ഇരട്ടിയിലേറെ തുക ചെലവിട്ട ശേഷമാണ് ഇവർക്ക് പദ്ധതി പൂർത്തീകരിക്കാനായത്. നന്മണ്ട പഞ്ചായത്തിലെ ചീക്കിലോട്ട് താഴെക്കോട്ടുമല സാമൂഹിക ജലസേചന പദ്ധതി 25 ഏക്കർ തെങ്ങിൻ തോപ്പ് നനക്കാനായിരുന്നു ലക്ഷ്യംവെച്ചിരുന്നത്. 10 സെൻറ് മുതൽ രണ്ടേക്കർ വരെ ഭൂമിയുള്ള 55 നാളികേര കർഷകരുണ്ടായിരുന്നു ഈ കൂട്ടായ്മയിൽ. വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥർ കർഷകരെ ബോധ്യപ്പെടുത്തിയിരുന്നത്. എന്നാൽ, ജലസേചനം തുടങ്ങി അഞ്ച് വർഷം കഴിഞ്ഞപ്പോൾ വൈദ്യുതിചാർജ് അടക്കാൻ കെ.എസ്.ഇ.ബി നോട്ടീസ് നൽകി. 12,215 രൂപയായിരുന്നു വൈദ്യുതി ബിൽ. ഇതിൽ സെസായി ചുമത്തിയ 4248 രൂപ കർഷകർ പിരിവെടുത്ത് അടച്ചെങ്കിലും വൈദ്യുതി കുടിശ്ശികയുടെ കാര്യത്തിൽ ഇളവുണ്ടായില്ല. ഇതോടെ ഭൂരിപക്ഷം കർഷകരും പദ്ധതി ഉപേക്ഷിച്ചുവെങ്കിലും ബാധ്യത മുഴുവൻ പദ്ധതിയുടെ കൺവീനർമാരുടെ തലയിലാവുകയായിരുന്നു. കെ.എസ്.ഇ.ബിയാവട്ടെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. മുഖ്യമന്ത്രിമാരായിരുന്ന വി.എസ്. അച്യുതാനന്ദെൻറയും ഉമ്മൻ ചാണ്ടിയുടെയും മുന്നിൽ കർഷകർ കണ്ണീർ വാർത്തെങ്കിലും കുടിശ്ശിക തവണകളാക്കി അടക്കാൻ സൗകര്യം ചെയ്തതല്ലാതെ ഇളവ് അനുവദിക്കുകപോലും ചെയ്തില്ല. ഇതിൽ പലിശയടക്കം 40,000 രൂപയുടെ ജപ്തി നടപടിയാണ് ചീക്കിലോട്ടെ താഴേക്കോട്ടുമല സാമൂഹിക ജലസേചന പദ്ധതിയുടെ കൺവീനറായ റിട്ട. അധ്യാപകൻ ഇപ്പോൾ നേരിടുന്നത്. പദ്ധതിയുടെ പമ്പ് സെറ്റുകൾ, ഭൂമി തുടങ്ങിയ ആസ്തികൾ മുഴുവൻ കൃഷി വകുപ്പിെൻറ അധീനതയിലാണ്. ഉയർന്ന എച്ച്.പി.യിലുള്ള മോട്ടോർപമ്പുകൾ ഉൾെപ്പടെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും കർഷകർ പറയുന്നു. നന്മണ്ട കൃഷിഭവനിലെ മറ്റൊരു പദ്ധതിയായിരുന്നു ഒളയിമ്മൽ പദ്ധതി, എല്ലാ പ്രവൃത്തികളും പൂർത്തിയായിട്ടും തുടങ്ങാനാവാതെ ഉപേക്ഷിച്ച സാമൂഹിക ജലസേചന പദ്ധതിയാണിത്. തുറന്നുകിടക്കുന്ന പമ്പ് ഹൗസിൽ 10 എച്ച്.പി മോട്ടോർ തുരുമ്പെടുക്കുകയാണ്. മുടങ്ങിക്കിടക്കുന്ന എല്ലാ സാമൂഹിക ജലസേചന പദ്ധതികളും പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story