Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർണാടക നൽകുന്ന...

കർണാടക നൽകുന്ന രാഷ്ട്രീയ പാഠങ്ങൾ

text_fields
bookmark_border
കർണാടക നൽകുന്ന രാഷ്ട്രീയ പാഠങ്ങൾ തെരഞ്ഞെടുപ്പാനന്തരം തൂക്കുസഭയുണ്ടാകുകയെന്നത് ജനാധിപത്യചരിത്രത്തിൽ പുതുമയുള്ള കാര്യമൊന്നുമല്ല. പ്രായോഗിക ജനാധിപത്യമെന്നത് പാർട്ടി ജനാധിപത്യമായതിനാൽ തെരഞ്ഞെടുപ്പിനുമുമ്പും ശേഷവും പാർട്ടികൾ തമ്മിൽ സഖ്യവും ധാരണയുമുണ്ടാകുക, അധികാരം പങ്കിട്ടെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ ഒരു അസാധാരണത്വവുമില്ല. എന്നിട്ടും കർണാടകയിലെ രാഷ്ട്രീയം തെരഞ്ഞെടുപ്പാനന്തരം സംഭവബഹുലമായി. ജനാധിപത്യത്തെക്കുറിച്ചും ദേശത്തെക്കുറിച്ചും അശുഭാപ്തിയുയരുമാറ് അധികാര ദുർവിനിയോഗത്തി​െൻറയും രാഷ്ട്രീയ അധാർമികതയുടെയും ചക്രവ്യൂഹം സംജാതമായി. അർധരാത്രിയിലും ഒഴിവുദിനത്തിലും സുപ്രീംകോടതി ഉണർന്നിരിക്കുകയും അധികാരാരോഹണ പ്രക്രിയയിൽ നിരന്തരം ഇടെപടുകയും ഭരണകൂടസംവിധാനങ്ങളുടെ തീരുമാനങ്ങളെ തിരുത്തുകയും ചെയ്യേണ്ടിവന്നു. അന്തർദേശീയ മാധ്യമങ്ങൾവരെ കർണാടകയിലേക്ക് ഉറ്റുനോക്കുകയും രാഷ്ട്രീയ ഗതിവിഗതികൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നിടത്തോളം ഗൗരവതരമായി തെരഞ്ഞെടുപ്പിനുശേഷം അരങ്ങേറിയ നാടകങ്ങൾ. അതിലേക്ക് നയിച്ചത് നിസ്സംശയം പറയാം, അധികാരവും പണവും ആൾബലവുമുപയോഗിച്ച് ജനാധിപത്യത്തി​െൻറ ഗളച്ഛേദത്തിന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി തന്നെ മുന്നിട്ടിറങ്ങിയെന്നതാണ്. കീഴ്വഴക്കങ്ങളും രാഷ്ട്രീയ ധാർമികതകളും കാറ്റിൽപറത്തി എങ്ങനെയും അധികാരമേറുകയെന്ന ഏക അജണ്ട സഫലീകരിക്കാൻ ഏതു മാർഗവുമവലംബിക്കുമെന്ന് തീരുമാനിക്കപ്പെട്ട നിമിഷം വോട്ടർമാർ അപ്രസക്തമാകുകയും ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത പോയ്മറയുകയും ചെയ്തു. ഗവർണർ വാജുഭായി വാല വിവേചനാധികാരം പക്ഷപാതപരമായി ഉപയോഗിച്ചത് ഭരണഘടനയുടെ അന്തഃസത്ത പാലിക്കുന്നതിനുവേണ്ടിയെല്ലന്നത് സുവ്യക്തം. സുപ്രീംകോടതിയിൽ അറ്റോണി ജനറൽ രഹസ്യ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടതും നീതിക്കുവേണ്ടിയായിരുന്നില്ല. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ഭരണഘടന സ്ഥാപനങ്ങളും സംവിധാനങ്ങളും ഇങ്ങനെ വ്യാപകമായി ജനാധിപത്യ മര്യാദകൾ ൈകയൊഴിച്ച് അധികാരത്തിനുവേണ്ടി ദുരുപയോഗപ്പെടുത്തപ്പെടുന്നത് ഏറെ ഭീതിജനകമാണ്. വർഗീയ ധ്രുവീകരണവും വിദ്വേഷ പ്രചാരണവും അധികാരത്തിലേക്കുള്ള കുറുക്കുവഴികളായി മാറിയ വർത്തമാന സാഹചര്യത്തിൽ ഭരണഘടന സ്ഥാപനങ്ങളുടെ അപചയങ്ങളെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിൽ നടത്തേണ്ട പരിഷ്കരണങ്ങളെക്കുറിച്ചും ഉറച്ച ശബ്ദങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഉയരണമെന്നാണ് കർണാടക നൽകുന്ന പ്രഥമവും പ്രാധാന്യവുമുള്ള പാഠം. ബി.ജെ.പിയുടെ അധികാര കുതന്ത്രത്തെ അതിജീവിക്കാനും െയദിയൂരപ്പയെ രാജിവെപ്പിക്കാനും സാധിച്ചുവെന്നത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ ഊർജം അനന്തമായിരിക്കും. ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട് ജനതാദൾ-എസിന് നൽകിയ നിരുപാധിക പിന്തുണയിലൂടെ ചടുലമായ രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തി വിജയിപ്പിക്കാനുമുള്ള ശേഷിയുണ്ടെന്ന് സ്വയം ബോധ്യെപ്പടാനും പ്രാദേശിക കക്ഷികളെ ബോധ്യപ്പെടുത്താനും അവർക്ക് കഴിഞ്ഞിരിക്കുന്നു. മതേതര ചേരിയെ ബലെപ്പടുത്താനും പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കാനും ദേശവ്യാപകമായി കഴിയുന്ന ഏക കണ്ണിയായി കോൺഗ്രസ് രാഷ്ട്രീയമായി വികസിക്കാൻ കൂടുതൽ വിട്ടുവീഴ്ചക്കും സന്നദ്ധമാകണമെന്ന പാഠവും കർണാടക നൽകുന്നുണ്ട്. കാരണം, പ്രാദേശിക സഖ്യങ്ങളാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാനുള്ള ഏക വഴിയെന്ന സന്ദേശം കൃത്യതയോടെ പകർന്നുനൽകുന്നുണ്ട് കർണാടക. കൂടുതൽ വോട്ട് നേടിയാൽ മാത്രം പോരാ, സീറ്റുകളും അധികാരവും കരസ്ഥമാക്കണമെങ്കിൽ സഖ്യങ്ങളും ആസൂത്രണങ്ങളും ആവനാഴിയിൽ ധാരാളമായി ഉണ്ടായാലേ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനും ഒരുവേള അധികാരത്തിൽനിന്ന് നിഷ്കാസിതമാക്കാനും കഴിയൂ. ബംഗാളിൽ മമതയുമായും യു.പിയിൽ അഖിലേഷ്-മായാവതി സഖ്യത്തിലും അണിചേരാൻ കോൺഗ്രസ് തയാറാകുകയും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുമായി യാഥാർഥ്യബോധ്യത്തോടെയുള്ള കൂട്ടുകെട്ടുകൾ രൂപപ്പെടുത്തുന്നതിൽ വിജയിക്കുകയും ചെയ്താൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ വർധിത ആവേശത്തോടെ അഭിമുഖീകരിക്കാൻ കോൺഗ്രസിനാകും. അത് മതേതര ചേരിക്ക് വലിയ ആത്മവിശ്വാസം നൽകുകയും ചെയ്യും. കർണാടക നൽകുന്ന രണ്ടാമത്തെ രാഷ്ട്രീയ പാഠമിതാണ്. അധികാരാരോഹണത്തി​െൻറ പ്രഥമ ചുമതല ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രയത്നമെന്ന അടിസ്ഥാനമാണ് കർണാടകയിലെ രാഷ്ട്രീയ നാടകങ്ങളിൽ കൊലചെയ്യപ്പെട്ടിരിക്കുന്നത്. ആശ്രിത ഭരണവ്യവസ്ഥ‍യും അഴിമതിയും അവിരാമം തുടരുകയാെണങ്കിൽ ജനങ്ങൾ ഫാഷിസത്തിനെതിരെയുള്ള കാമ്പയിൻകൊണ്ടു മാത്രം പിന്തുണക്കുകയിെല്ലന്നും കർണാടക പഠിപ്പിക്കുന്നു. കുഴഞ്ഞുമറിഞ്ഞ സമ്പദ്രംഗത്തെയും കലുഷമായ സാമൂഹിക രംഗത്തെയും പുനരുജ്ജീവിപ്പിക്കുന്നതിന് കുറേക്കൂടി മൂർത്തമായ പൊതുമിനിമം രാഷ്ട്രീയ പദ്ധതി കോൺഗ്രസും പ്രാദേശിക രാഷ്ട്രീയ പാർട്ടികളും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. അധികാരത്തിൽനിന്ന് ബഹിഷ്കൃതമായിക്കൊണ്ടിരിക്കുന്ന ദലിത്, പിന്നാക്ക സമൂഹങ്ങൾക്ക് കൃത്യമായി അധികാര പങ്കാളിത്തം ഉറപ്പുവരുത്തുന്ന നടപടികളും കാലേക്കൂട്ടി തയാറാക്കാൻ കഴിയേണ്ടതുണ്ട്. കർണാടക കോൺഗ്രസിനും മതേതര സംഘങ്ങൾക്കും വലിയ സാധ്യതയും ഊർജവുമാണ് കുത്സിത രാഷ്ട്രീയത്തി​െൻറ പരാജയം പ്രദാനംചെയ്തിരിക്കുന്നത്. അത് ജനാധിപത്യ കക്ഷികൾ ശരിയാംവിധം പ്രയോജനപ്പെടുത്തുമോയെന്നാണ് ദേശം ഉറ്റുനോക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story