Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 10:41 AM IST Updated On
date_range 21 March 2018 10:41 AM ISTകാർഷിക മേഖലക്ക് പ്രാധാന്യം; വിവിധ പദ്ധതികൾക്ക് ജില്ല പഞ്ചായത്തിെൻറ അംഗീകാരം
text_fieldsbookmark_border
കോഴിക്കോട്: 2018-19 വർഷം 130 കോടിയോളം രൂപ ചെലവിടുന്ന വിവിധ പദ്ധതികൾക്ക് ജില്ല പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയതായി പ്രസിഡൻറ് ബാബു പറശ്ശേരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൃഷിക്ക് മുന്തിയ പരിഗണന നൽകി ഉൽപാദനം വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. കാര്‍ഷിക മേഖലക്ക് 4.68 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയത്. പരമാവധി ഉൽപാദന വർധന കരസ്ഥമാക്കുകയാണ് ലക്ഷ്യം. നെല്‍കൃഷി പദ്ധതി, ജൈവപച്ചക്കറി കൃഷി, വാഴകൃഷി എന്നിവക്ക് േപ്രാത്സാഹനം നൽകും. നെൽകൃഷിക്കാർക്ക് 17,000 രൂപ ധനസഹായം നൽകും. ജലസംരക്ഷണത്തിന് പ്രഖ്യാപിച്ചത് 17 പദ്ധതികളാണ്. പാൽ ഉൽപാദനത്തിന് പ്രാധാന്യം നൽകും. താമരശ്ശേരി ചുരത്തിൽ സി.സി.ടി.വി കാമറയും സോളാർ ലൈറ്റും അടക്കം സ്ഥാപിക്കും. ഭവന നിർമാണം, വിദ്യാഭ്യാസം, മൃഗസംരക്ഷണം എന്നിങ്ങനെ വിവിധ രംഗത്തെ വികസനം മുൻനിർത്തിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. വിദ്യാഭ്യാസ രംഗത്ത് 6.67 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തിനു കീഴിലുള്ള 44 സ്കൂളുകൾക്ക് വേണ്ടി നാലുകോടി 40 ലക്ഷം രൂപയാണ് ചെലവഴിക്കുക. സിവിൽ സർവിസ് മേഖലയിൽ എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകും. കോഴിമാലിന്യ സംസ്‌കരണത്തിന് താമരശ്ശേരിയില്‍ കേന്ദ്രമൊരുക്കും. കോഴി അറവ് ശാലകളിലെ തൂവലടക്കമുള്ള മുഴുവന്‍ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കാനാണ് പദ്ധതിയൊരുക്കുന്നത്. മാലിന്യം കൊണ്ടുപോവുന്നതിന് അറവുശാല ഉടമകള്‍ കിലോക്ക് ഏഴു രൂപ നല്‍കണം. ബന്ധപ്പെട്ടവരുമായി ഇതിനകം കരാറുണ്ടാക്കിയതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. കുടിവെള്ളത്തിന് പ്രഖ്യാപിച്ചത് 4.96 കോടി രൂപയുടെ പദ്ധതികളാണ്. ജില്ല പഞ്ചായത്തിെൻറ കീഴിലുള്ള എല്ലാ സ്കൂളുകളിലും കുടിവെള്ളം എത്തിക്കും. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പട്ടികജാതി-വർഗ കോളനികളിൽ കുടിവെള്ളം എത്തിക്കാനും പദ്ധതിയുണ്ട്. കുറ്റ്യാടിപ്പുഴയും പൂനൂർ പുഴയുമടക്കം ശുചീകരിക്കും. കൂടാതെ റോഡ് വികസനത്തിനും വനിത ക്ഷേമത്തിനും ഭിന്നശേഷിക്കാർ, വയോധികർ തുടങ്ങിയവരുടെ ക്ഷേമത്തിനും പദ്ധതികളുണ്ട്. വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്, സുജാത മനക്കൽ, പി.കെ. സജിത എന്നിവരും സംബന്ധിച്ചു. box nws സി.സി.ടി.വി കാമറയും വെളിച്ചവും; ചുരം വെടിപ്പാകുമെന്ന് പ്രതീക്ഷ കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സി.സി.ടി.വിയും തെരുവുവിളക്കും വരുന്നതോടെ ചുരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ. 58 ലക്ഷം രൂപ ചെലവിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനാണ് ജില്ല പഞ്ചായത്ത് അനുമതി നൽകിയത്. സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപ ചെലവഴിക്കും. ചുരത്തിൽ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. രാത്രിയിൽ ചുരത്തിൽ മദ്യപരുടെ ശല്യവും പതിവാണ്. റോഡിെൻറ ഇരുവശങ്ങളിലും നിരവധി മദ്യക്കുപ്പികളും ഒഴിഞ്ഞ പ്ലാസ്റ്റിക് കപ്പുകളും കാണാം. മാലിന്യം തള്ളുന്നതിനെതിരെ ചുരം സംരക്ഷണ സമിതിയടക്കമുള്ളവർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. സോളാർ ലൈറ്റ് സ്ഥാപിതമായാൽ ഇത്തരം പരാതികൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story