Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 11:15 AM IST Updated On
date_range 20 March 2018 11:15 AM ISTമാറ്റത്തിനായി കോൺഗ്രസ്
text_fieldsbookmark_border
ഇന്ത്യൻ ദേശീയതയിൽ ഉൾച്ചേർന്ന ബഹുത്വങ്ങളേയും വൈരുധ്യങ്ങളേയും ഏറ്റവും കൂടുതൽ സ്വാംശീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് തയാറാക്കുന്ന ആകർഷക മുദ്രാവാക്യങ്ങൾക്കുപരി രാജ്യത്തിെൻറ ദിശ നിർണയിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളോ അജണ്ടകളോ കോൺഗ്രസിെൻറ പാർട്ടി പരിപാടികളിൽ വലിയ സ്ഥാനമൊന്നും പൊതുവിൽ ഇടംപിടിക്കാറില്ല. എന്നാൽ, പതിവിൽനിന്ന് ഭിന്നമായി രാഹുൽ ഗാന്ധി അധ്യക്ഷത ഏെറ്റടുത്തതിനുശേഷം ചേർന്ന പ്രഥമ പാർട്ടി പ്ലീനറി സമ്മേളനത്തിൽ മാറ്റത്തിെൻറ ചില ശുഭലക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഹ്രസ്വവും ദീർഘവുമായ പരിപാടികൾ അവതരിപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. വേദിയുടെ സജ്ജീകരണം മുതൽ പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിൽവരെ ആസൂത്രണ വൈഭവം പ്രകടമായ പ്ലീനറി സമ്മേളനം അതുകൊണ്ടുതന്നെ നിരാശഭരിതരായ അനുയായികൾക്ക് കർമാവേശവും ബി.ജെ.പി വിരുദ്ധ പാർട്ടികളിൽ പ്രത്യാശയും പകരുന്നതിൽ വിജയം വരിച്ചിരിക്കുന്നു. കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകളും തെറ്റായ പ്രവണതകളും എടുത്തുപറഞ്ഞുകൊണ്ടും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറുന്നതിനുള്ള പദ്ധതികൾ വിശദീകരിച്ചുകൊണ്ടുമുള്ള രാഹുൽ ഗാന്ധിയുടെ രണ്ട് പ്രഭാഷണങ്ങളും നിലവാരമുള്ളവയായിരുന്നു. മോദി സർക്കാറിെൻറ വീഴ്ചകളെ തുറന്നുകാണിക്കുന്നതിലും ഭാവിസ്വപ്നങ്ങൾ ബോധ്യപ്പെടുത്തുന്നതിലും അത് മികവുള്ളതായി മാറുകയും ചെയ്തു. പക്ഷേ, പ്രസംഗത്തിൽ പ്രകടിപ്പിക്കുന്ന ആവേശം പ്രാവർത്തികമാക്കാനുള്ള കെൽപും ദൃഢനിശ്ചയവും അദ്ദേഹത്തിനും കോൺഗ്രസിനുമുണ്ടോ എന്നതിലാണ് അവയിൽ പ്രതീക്ഷയർപ്പിച്ചവർക്കുപോലുമുള്ള ആശങ്ക. തീർച്ചയായും, ദേശീയതലത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരത്തിൽനിന്ന് നിഷ്കാസിതമായ കോൺഗ്രസ് തിരിച്ചുവരവിനുള്ള തീവ്രശ്രമത്തിലാണ്. മാറ്റത്തിെൻറ കാഹളം മുഴക്കാനുള്ള തീവ്രയത്നങ്ങളാണ് 84ാമത് പാർട്ടി പ്ലീനറി സമ്മേളനത്തിൽ ആപാദചൂഡം പ്രകടമായതും. 'മാറ്റത്തിന് സമയമായി' എന്നതായിരുന്നു സമ്മേളനത്തിെൻറ മുദ്രാവാക്യം തന്നെ. കോൺഗ്രസിെൻറ ഭാവി വളർച്ചക്കും അടിത്തറ വികസിപ്പിക്കുന്നതിനുമുള്ള വിഷൻ 2030 മുതൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറുന്നതിനുള്ള വിശാല രാഷ്ട്രീയ സഖ്യങ്ങൾക്ക് മുൻകൈ വരെയുള്ള പാർട്ടി പരിപാടികൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞുവെന്ന് തീർച്ചപ്പെടുത്തുന്നതായിരുന്നു സമ്മേളനത്തിലെ ഒാരോ പ്രസംഗവും. അധ്യക്ഷപദവി ഏെറ്റടുത്ത രാഹുലിെൻറ ടീം യുവത്വവും പരിചയസമ്പത്തും ഉൾച്ചേർന്നതായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോൺഗ്രസിൽ തലമുറമാറ്റം തന്നെയാണ് സമ്മേളനത്തിലൂടെ നടന്നിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ്, മുകുൾ വാസ്നിക് തുടങ്ങിയവരായിരിക്കും ഇനി കോൺഗ്രസ് നിലപാടുകൾ രൂപപ്പെടുത്തുകയെന്ന് സമ്മേളനം വിളിച്ചോതുന്നുണ്ട് . മതനിരപേക്ഷത, സാമൂഹിക ഐക്യം, ഭരണഘടനാപരമായ ജനാധിപത്യം, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും തുല്യമായി കണക്കാക്കി ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കും തുടങ്ങിയ ആശയങ്ങൾ പ്രമേയങ്ങളായി അവതരിപ്പിക്കപ്പെട്ടത് ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയ പോർമുഖങ്ങളിലെ പ്രധാന അജണ്ടകൾ ഉറപ്പിച്ചതിെൻറ സൂചനകൾതന്നെ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിന് വോട്ടുയന്ത്രങ്ങൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്ന പ്രമേയത്തിൽ ചർച്ചയാകാമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ് സമ്മതിച്ചത് പ്രമേയങ്ങൾ സജീവ സംവാദമാക്കാനുള്ള അസുലഭ സന്ദർഭമാണ് കോൺഗ്രസിന് നൽകുന്നത്. പക്ഷേ, അവ രാഷ്ട്രീയ പരിപാടികളായി വികസിപ്പിക്കുന്നതിൽ രാഹുലും ടീമും വിജയിച്ചാൽ മാത്രമേ സഖ്യകക്ഷികളെ ആകർഷിക്കാനാകൂ. വിശേഷിച്ച് മമത, മായവതി, അഖിലേഷ് യാദവ് തുടങ്ങിയവർ നേതൃത്വം വഹിക്കുന്ന ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തോടുള്ള സമീപനം കൃത്യപ്പെടുത്താൻ കോൺഗ്രസിന് ഇനിയും നല്ല ഗൃഹപാഠം വേണ്ടിവരുമെന്നാണ് യു.പി ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അമളി ബോധ്യപ്പെടുത്തുന്നത്. 14 കോടി ജനങ്ങളെ ദാരിദ്രത്തിൽനിന്ന് കരകയറ്റി ദരിദ്രരുടെ എണ്ണം പെരുകുന്ന രാജ്യത്തിെൻറ രക്ഷക്കെത്താൻ ഇനിയും ഞങ്ങൾക്കാകുമെന്ന പി. ചിദംബരത്തിെൻറ പ്രഖ്യാപനം പാർട്ടി അണികളിൽ വർധിത ആവേശമുണ്ടാക്കാൻ സഹായകരമാകും. എന്നാൽ, യു.പി.എ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കരണങ്ങളും കർഷകരുടെ നടുവൊടിക്കുന്നതായിരുന്നുവെന്ന സത്യത്തെ അതുകൊണ്ട് മൂടിവെക്കാനാകില്ല. കോർപറേറ്റുകൾക്ക് അവ ഏറെ പ്രിയംകരം തന്നെയായിരുന്നുവെന്നത് പെെട്ടന്ന് മറന്നുപോകാനും ഇടയില്ല. അധികാരത്തിലിരുന്നപ്പോൾ ന്യൂനപക്ഷ, ആദിവാസിന്മുഖ സമീപനമുള്ള പാർട്ടി ആയിരുന്നില്ല േകാൺഗ്രസ്. ബി.ജെ.പി സൃഷ്ടിച്ച ഭയാനകമായ വർഗീയ ധ്രുവീകരണത്തോടും അധികാര ദുർവിനിയോഗത്തോടും താരതമ്യപ്പെടുത്തുമ്പോൾ അവ ചെറുതായിപ്പോയതാണ്. അതുകൊണ്ടുതന്നെ, രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ കൃത്യതയില്ലാതെ, താൽക്കാലിക സഖ്യസമവാക്യങ്ങൾകൊണ്ട് പിന്നാക്ക സമൂഹങ്ങളുടെയും ദരിദ്രജനതയുടെയും വിശ്വാസ്യത തിരിച്ചുപിടിക്കാനാകുമെന്നത് അമിത പ്രതീക്ഷയാണ്. പുതിയ മാറ്റം പ്രത്യാശയോടെ കോൺഗ്രസിലേക്ക് നോക്കുവാൻ ഏവരേയും പ്രേരിപ്പിക്കും. പക്ഷേ, അവ നിലനിർത്താനും വളർത്താനും നേതൃനിരയിലെത്തുന്ന പുതിയ ചെറുപ്പക്കാർക്ക് നന്നായി അധ്വാനിക്കേണ്ടിവരും. പ്ലീനറിയിലെ പ്രഭാഷണങ്ങളിലെ ആശയങ്ങളെ കർമമാർഗങ്ങളായി വികസിപ്പിക്കാനുള്ള ശേഷിക്കനുസരിച്ചായിരിക്കും കോൺഗ്രസിെൻറ ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story