വന്യമൃഗശല്യം: സമരം പ്രഖ്യാപിച്ച് വടക്കനാട് ഗ്രാമ സംരക്ഷണ സമിതി

05:42 AM
14/03/2018
*17ന് നിരാഹാര സമരം ആരംഭിക്കും സുല്‍ത്താന്‍ ബത്തേരി: കാട്ടാനകളടക്കമുള്ള വന്യജീവികൾ നിരന്തരമായി ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷിനാശം വരുത്തുന്നതിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് പ്രത്യക്ഷ സമരവുമായി വടക്കനാട് ഗ്രാമ സംരക്ഷണ സമിതി. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ കർഷകർ യോഗം ചേർന്ന് ഗ്രാമ സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. വൈൽഡ് ലൈഫ് വാർഡ‍​െൻറ ഒാഫിസിലേക്ക് മാർച്ചും തുടർന്ന് നിരാഹാര സമരവും ആരംഭിക്കാനാണ് തീരുമാനം. മാസങ്ങളായി വടക്കനാട് മേഖലയില്‍ കാട്ടാന പ്രശ്‌നം രൂക്ഷമായിട്ട്. കുറിച്യാട് കോളനിയിലെ കരിയനെ കാട്ടാന കൊന്നതോടെ പ്രശ്നം വീണ്ടും രൂക്ഷമാകുകയായിരുന്നു. വടക്കനാട് പ്രദേശത്തെ കൃഷിസ്ഥലങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാകുന്നത് പതിവാണ്. കാട്ടാനക്കൊപ്പം മറ്റു വന്യമൃഗങ്ങളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. പ്രശ്നം രൂക്ഷമായതോടെ വനം വകുപ്പ് ഓഫിസിലേക്ക് സമരങ്ങളും പതിവായിരുന്നു. വടക്കനാട് എത്തപാടത്ത് പീറ്ററി​െൻറ മൂന്ന് ഏക്കര്‍ കൃഷിയിടത്തിലെ നെല്‍കൃഷി മുഴുവന്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചു. സ്വന്തം കൈയില്‍നിന്ന് 68,000 രൂപ മുടക്കി സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടും രക്ഷയുണ്ടായില്ലെന്ന് ഈ കര്‍ഷകന്‍ പറയുന്നു. വടക്കനാട് മേഖലയിലെ മൂന്ന് വാര്‍ഡുകളെയാണ് കാട്ടാന പ്രശ്നം രൂക്ഷമായി ബാധിച്ചത്. നിരവധി ഗോത്രകോളനികളും ഈ മേഖലയിലുണ്ട്. കാട്ടാന പ്രശ്‌നത്തില്‍ പരിഹാരമാവശ്യപ്പെട്ട് ഈ മാസം 17 മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് ഗ്രാമ സംരക്ഷണ സമിതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച വടക്കനാട് സ​െൻറ് ജോസഫ്സ് പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആവശ്യങ്ങളും സമരരീതികളും പ്രഖ്യാപിച്ചത്. 17ന് രാവിലെ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാർഡ​െൻറ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിക്കൊണ്ടാണ് സമരങ്ങള്‍ക്ക് തുടക്കമിടുക. തുടര്‍ന്ന് ഡി.എഫ്.ഒ ഓഫിസി​െൻറ മുന്നില്‍ നിരാഹാരം തുടങ്ങും. കാടും നാടും ആര്‍ക്കും ദോഷമില്ലാതെ വേര്‍തിരിക്കുക, വന്യമൃഗശല്യം രൂക്ഷമായ ഭാഗങ്ങളില്‍ കന്മതില്‍ പണിയുക, വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ചെയര്‍മാന്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ അറിയിച്ചു.
Loading...
COMMENTS