Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2018 12:08 PM IST Updated On
date_range 26 Jun 2018 12:08 PM ISTകുഞ്ഞുങ്ങൾ കരഞ്ഞു; ട്രംപ് കുനിഞ്ഞു
text_fieldsbookmark_border
കുഞ്ഞുങ്ങൾ കരഞ്ഞു; ട്രംപ് കുനിഞ്ഞു മാതാപിതാക്കളിൽനിന്നു കുഞ്ഞുങ്ങളെ പിരിച്ചു കൂട്ടിലടച്ച് ഏകാധിപത്യമുഷ്കിെൻറ പുതുചരിതം കുറിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനു ഒടുവിൽ കുരുന്നുകളുടെ ആർത്തനാദത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് അതിർത്തികൾ കടന്നുള്ള കുടിയേറ്റം തടയാൻ ഭരണഘടന ചട്ടമോ കീഴ്വഴക്കമോ നോക്കാതെ ട്രംപ് കണ്ടെത്തിയ വകതിരിവില്ലാത്ത പരിഹാരക്രിയയാണ് ലോകത്തിെൻറ മുഴുവൻ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ഉറ്റവരും ഉടയവരുമില്ലാതെ അനധികൃതമായി രാജ്യാതിർത്തി കടന്നെത്തുന്ന 18 വയസ്സ് തികയാത്ത മൈനർമാരെയും നുഴഞ്ഞുകയറ്റക്കാരായ മാതാപിതാക്കളെയും പിടികൂടി ശിക്ഷിക്കുേമ്പാൾ കൂടെയെത്തുന്ന കുഞ്ഞുങ്ങളെയും വേർപെടുത്തി താൽക്കാലികവും നിയന്ത്രണം കുറഞ്ഞതുമായ സെല്ലുകളിൽ പാർപ്പിക്കുന്ന രീതിയാണ് അമേരിക്കയിൽ നിലവിലുള്ളത്. കുടിയേറ്റനിയമം സംബന്ധിച്ച നിയമത്തിൽ ഇൗ കുഞ്ഞുങ്ങളെ എന്തു ചെയ്യണമെന്ന് വ്യക്തമായി പറയുന്നുണ്ട്. മാറിമാറിവരുന്ന ഗവൺമെൻറുകൾ മാനുഷികപരിഗണനയോടുകൂടിയ സമീപനം ഇക്കാര്യത്തിൽ സ്വീകരിച്ചുവന്നിട്ടുമുണ്ട്. നുഴഞ്ഞുകയറ്റത്തിന് പിടിയിലാകുന്നവരുടെ കൈവശമുള്ള കുഞ്ഞുങ്ങളെ ആരോഗ്യ മാനവസേവ വകുപ്പിനു കീഴിലെ അഭയാർഥി പുനരധിവാസ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഉത്തമതാൽപര്യങ്ങൾ പരിഗണിച്ചുകൊണ്ടു പരിപാലിക്കണമെന്നാണ് നിലവിലുള്ള നിയമം. അമേരിക്കയിൽ ബന്ധുക്കളുണ്ടെങ്കിൽ കുട്ടികളെ അവരെ ഏൽപിക്കണം. ഇല്ലെങ്കിൽ അവരെ തടവുകേന്ദ്രങ്ങളിൽ പരിചരിക്കാം. അവർക്ക് വൈദ്യസഹായവും മാനസികാരോഗ്യ പരിചരണവും മുതൽ വിദ്യാഭ്യാസ സഹായം വരെ ആവശ്യാനുസൃതം ലഭ്യമാക്കണം. കസ്റ്റഡിയിലുള്ള കുഞ്ഞുങ്ങൾക്കു ആഭ്യന്തരസുരക്ഷ വിഭാഗം സ്പോൺസർമാരെ കെണ്ടത്തണം. 20 ദിവസത്തിൽ കൂടുതൽ നാളുകൾ അവരെ തടവിലിടാൻ പാടില്ല - എന്നൊക്കെയുണ്ട് നിയമത്തിൽ. 2000നു മുമ്പ് കുടിയേറ്റത്തിനെതിരെ നിയമം നടപ്പാക്കിയപ്പോൾ കുറേകൂടി അയവുള്ള സമീപനമായിരുന്നു പ്രസിഡൻറുമാർ സ്വീകരിച്ചുവന്നത്. കുടുംബങ്ങളെ അറസ്റ്റ് ചെയ്തു വിടുകയും എന്നാൽ, നിയമാനുസൃതമുള്ള വിചാരണയും ശിക്ഷയുമൊക്കെ നൽകുകയുമായിരുന്നു അന്ന്. ജോർജ് ഡബ്ല്യു. ബുഷ് പ്രസിഡൻറായേപ്പാൾ പൂജ്യം സഹിഷ്ണുതയിലൂന്നി കുടിയേറ്റ നിയമത്തിനു കടുപ്പം കൂട്ടി. അേപ്പാഴും കുഞ്ഞുങ്ങളെയുമായെത്തുന്ന കുടുംബയൂനിറ്റുകളെയും തനിച്ചെത്തുന്ന മൈനർമാരെയും നിയമത്തിൽനിന്നു മാറ്റിനിർത്തുകയായിരുന്നു 'ഒാപറേഷൻ സ്ട്രീം ലൈനി'ൽ. കുടിയേറ്റക്കാരുടെ വിചാരണയും നാടുകടത്തലും ധിറുതിയിലാക്കുകയാണ് അന്ന് ചെയ്തത്. ഒബാമയുടെ കാലത്ത് കുടുംബത്തിൽനിന്നു കുഞ്ഞുങ്ങളെ വേർപെടുത്താതെ തന്നെ ശിക്ഷാവിധി നടപ്പാക്കി. അധികാരമേറ്റതു മുതൽ കുടിയേറ്റത്തിനെതിരെ ആക്രോശവുമായി നടക്കുന്ന ഡോണൾഡ് ട്രംപ് ഭ്രാന്തൻ അഭിപ്രായപ്രകടനങ്ങളാണ് ഇക്കാര്യത്തിൽ ഇന്നോളം നടത്തിവന്നത്. പറഞ്ഞെതല്ലാം പ്രയോഗിക്കാൻ തന്നെയാണ് ട്രംപിെൻറ തീരുമാനമെന്ന് പിന്നീടാണ് വ്യക്തമായത്. കുടിയേറ്റക്കാരോടുള്ള പൂജ്യം സഹിഷ്ണുത കഴിഞ്ഞ ഏപ്രിലിൽ നടപ്പാക്കി ആഴ്ചകൾക്കുശേഷമാണ് അതിെൻറ പ്രത്യാഘാതം ലോകത്തിനു ബോധ്യപ്പെടുന്നത്. രണ്ടുമാസം പിന്നിടുേമ്പാൾ 2000ത്തോളം കുഞ്ഞുങ്ങളെ ട്രംപ് മാതാപിതാക്കളിൽനിന്നു അടർത്തിമാറ്റി വേറെ പാർപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ പിടികൂടുേമ്പാൾ കുഞ്ഞുങ്ങളെ വേർപെടുത്തണമെന്ന് എവിടെയും പറയുന്നില്ല. എന്നല്ല, അത് രക്ഷിതാക്കളുടെകൂടി ശിക്ഷവിധി ലഘൂകരിക്കുകയാണ് നാട്ടുനടപ്പ്. എന്നാൽ, നിയമമെന്നാൽ മനുഷ്യപ്പറ്റില്ലാത്തത് എന്ന് ഉറച്ചുവിശ്വസിക്കുന്ന ട്രംപിന് ഇക്കാര്യത്തിൽ വെട്ടിമുറിച്ച നിലപാടേ അറിയൂ. കടന്നുകയറ്റക്കാരായി എത്തുന്നവരുടെ കുട്ടികളെ വേർപെടുത്തിയും ജയിലിലിടുക, അല്ലെങ്കിൽ പിന്നെ അതിർത്തികൾ തുറന്നിടുക-മറ്റൊരു വഴിയില്ലെന്ന് അദ്ദേഹം ഉറച്ചു പറയുന്നു. അങ്ങനെ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച അഭയാർഥികളുടെ അറസ്റ്റിെൻറ കെടുതികൾ കഴിഞ്ഞ മാസത്തോടെയാണ് യഥാതഥമായി ജനങ്ങളുടെ മുന്നിെലത്തുന്നത്. യു.എസ് കോൺഗ്രസിൽ നിരന്തരം ആവശ്യമുയർന്നിട്ടും രക്ഷിതാക്കളിൽനിന്നു എത്ര മക്കൾ വേർപെടുത്തപ്പെട്ടു എന്ന വിവരം സർക്കാർ പുറത്തുവിട്ടില്ല. ഒടുവിൽ മാധ്യമപ്രവർത്തകരാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ദയനീയ സ്ഥിതി കണ്ടെത്തിയത്. അതോടെ ഗവൺമെൻറിനു സമ്മതിക്കാതെ തരമില്ലെന്നായി. വിവിധ സംഘടനകൾ വ്യത്യസ്ത പ്രതിഷേധരീതികളിലൂടെ ലോകത്തിനു മുന്നിൽ പ്രശ്നം കൊണ്ടുവന്നു. താൽക്കാലിക തടങ്കൽ പാളയങ്ങളിൽ തടവിൽ കഴിയുന്ന കുഞ്ഞുങ്ങൾ വാവിട്ടു കരയുന്ന ഒാഡിയോടേപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ലോകമെങ്ങും പ്രതിഷേധം അലയടിച്ചു. വൈറ്റ്ഹൗസിൽ തന്നെ അഭിപ്രായവ്യത്യാസമായി. എന്തിന്, ട്രംപിെൻറ ഭാര്യ മെലാനിയ തന്നെ കുഞ്ഞുങ്ങളെ പിഴുതുമാറ്റുന്ന നിയമത്തെ പരസ്യമായി എതിർത്തു. കുടിയേറ്റക്കാരെ പിടികൂടിക്കൊള്ളെട്ട, കുട്ടികളെ വിേട്ട തീരൂ എന്ന അവരുടെ പക്ഷം തെന്നയാണ് റിപ്പബ്ലിക്കൻ തന്നെയായ മുൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷിെൻറ ഭാര്യ ലാറക്കും. അനുകമ്പയും അന്തസ്സും വികാരമായുള്ള മനുഷ്യജീവിക്കു സഹിക്കാനാവാത്തതാണ് ഇതെന്നാണ് ഹിലരി ക്ലിൻറൺ അഭിപ്രായപ്പെട്ടത്. ഇക്കണ്ട കാർക്കശ്യമൊക്കെ പുലർത്തിയിട്ടും കുടിയേറ്റത്തിൽ കുറവൊന്നുമുണ്ടായിട്ടില്ലെന്ന കഴിഞ്ഞ മാസത്തെ കണക്കുകളും പ്രസിഡൻറിനു തിരിച്ചടിയായി. അകത്തും പുറത്തും സമ്മർദം ശക്തമായതോടെ നിയമത്തിൽ അയവുവരുത്താൻ ട്രംപ് നിർബന്ധിതനായി. നിയമത്തെ അക്ഷരാർഥത്തിലെടുക്കുക ഏകാധിപതിക്കു ചേരുമെങ്കിലും ഭരണാധികാരിക്ക് പറ്റില്ല എന്നു ട്രംപിനെ ബോധിപ്പിക്കുന്നതിൽ പ്രതിഷേധം വിജയിച്ചെന്നു പറയാം. എന്നാൽ, ഇത്രടം കൊണ്ടു ട്രംപ് നിർത്തുമോ എന്നറിയുക അദ്ദേഹത്തിനു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story