Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 11:02 AM IST Updated On
date_range 25 Jun 2018 11:02 AM ISTpage6 മാധ്യമങ്ങളുടെ മുനയൊടിയുേമ്പാൾ
text_fieldsbookmark_border
മാധ്യമങ്ങളുടെ മുനയൊടിയുേമ്പാൾ 2016 നവംബർ എട്ടിന് അസാധാരണവും നിയമബാഹ്യവുമായ ഇടപെടലുകളിലൂടെ 1000, 500 രൂപ നോട്ട് നിരോധനം മോദി സർക്കാർ പ്രഖ്യാപിച്ചതിെൻറ യഥാർഥ താൽപര്യങ്ങളെന്തായിരുന്നുവെന്ന് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെടുന്നതാണ് വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ എസ്. റോയ് പുറത്തുകൊണ്ടുവന്ന കണക്കുകൾ. സമ്പദ്രംഗത്തിെൻറ ശുദ്ധീകരണമോ കള്ളപ്പണം തടയലോ തീവ്രവാദമില്ലാതാക്കലോ ഒന്നുമായിരുന്നില്ല, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ അഴിമതിയും കള്ളനോട്ട് വെളുപ്പിക്കലുമായിരുന്നു അതെന്ന നിഗമനങ്ങളെ സാധൂകരിക്കുന്നതാണ് നബാഡിൽനിന്ന് ശേഖരിക്കപ്പെട്ട വിവരങ്ങൾ. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ അഹ്മദാബാദ് ജില്ല സഹകരണ ബാങ്കാണ് (എ.ഡി.സി.ബി) രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ട് നിക്ഷേപം (745.59 കോടി രൂപ) അഞ്ചുദിവസത്തിനുള്ളിൽ നടത്തിയിരിക്കുന്നത്. ഗുജറാത്ത് മന്ത്രി ജയേഷ്ഭായ് വിത്തൽ ഭായ് റഡാഡിയ ചെയർമാനായ രാജ്കോട്ട് ജില്ല സഹകരണ ബാങ്കാണ് (693.19 കോടി) രണ്ടാം സ്ഥാനത്ത്. 370 ജില്ല സഹകരണ ബാങ്കുകൾ വഴി വന്ന 22,271 കോടി രൂപയിൽ 14,293.70 കോടി രൂപയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നായിരുന്നു. അതിൽതന്നെ 3118 കോടി രൂപ ഗുജറാത്തിലെ 11 സഹകരണ ബാങ്കുകളിലൂടെയും. എ.ഡി.സി ബാങ്കിെൻറ മൊത്തം നിക്ഷേപകരുടെ 15 ശതമാനം മാത്രമാണ് അഞ്ചുദിവസത്തിനുള്ളിൽ 746 കോടി നിക്ഷേപിക്കുകയോ നോട്ട് മാറിയെടുക്കുകയോ ചെയ്ത ഉപഭോക്താക്കളെന്നും അത് സ്വാഭാവികമാണെന്നുമാണ് നബാർഡിെൻറ ന്യായീകരണം. എന്നാൽ, ബാങ്കിെൻറ 190 ബ്രാഞ്ചുകളിലും ഒാരോരുത്തർക്കും 10 മിനിറ്റ് കൊണ്ട് നിക്ഷേപം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് വാദിച്ചാൽ പോലും (ആ ദിവസങ്ങളിൽ നിക്ഷേപകർ ബാങ്കുകൾക്ക് മുന്നിൽ ഒരു ഇടപാടിന് ചെലവഴിച്ചത് മണിക്കൂറുകളാണ്) 1.60 ലക്ഷം പേർക്ക് ഇത്രയും കോടി രൂപ കൈമാറാൻ അഞ്ചു ദിവസംകൊണ്ട് സാധ്യമല്ല. മുഴുവൻ ബ്രാഞ്ചുകളിലും കൂടി 500ലധികം കാഷ് കൗണ്ടറുകൾ സ്ഥാപിക്കുകയും ( അത്രയും കൗണ്ടറുകളില്ലെന്നാണ് പുറത്തുവന്ന വിവരം) 24 മണിക്കൂർ പ്രവർത്തിക്കുകയും ചെയ്താലും ബാങ്കിൽ വന്ന 746 കോടി നിക്ഷേപത്തുക എണ്ണിത്തിട്ടപ്പെടുത്തുക അസാധ്യം. അതിനു പുറമേയാണ് 39 പോസ്റ്റ് ഒാഫിസുകളിലൂടെ വന്ന അസാധു നോട്ട് 4408 കോടി രൂപയുടെ കഥയും. കള്ളപ്പണം സഹകരണ ബാങ്കുകളിലൂടെ വെളുപ്പിക്കുമെന്ന് പറഞ്ഞ് ആറാം ദിനം രാജ്യവ്യാപകമായി സഹകരണ ബാങ്കുകളിലെ ഇടപാടുകൾ റദ്ദാക്കി കേന്ദ്രം ഉത്തരവിറക്കുന്നതിനിടയിൽ ഇത്രയും വലിയ തുകയുടെ വിനിമയം നടന്നതിൽ അധികാര ദുർവിനിയോഗത്തിെൻറയും കള്ളപ്പണം വെളുപ്പിക്കലിെൻറയും അധോ രാഷ്ട്രീയം പ്രവർത്തിച്ചിട്ടുണ്ടെന്നത് നിസ്സംശയം ബോധ്യപ്പെടുന്നതാണ്. ഔദ്യോഗിക ഡാറ്റകളുടെ പിൻബലത്തോടെ പുറത്തുവന്ന ഗുരുതരവും വ്യക്തതയുള്ളതുമായ ഒരു അഴിമതിയാരോപണത്തോട് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങൾ സ്വീകരിച്ച സമീപനമാണ് സാമ്പത്തിക തട്ടിപ്പിനെക്കാൾ നടുക്കുന്ന സംഗതി. 'ടൈംസ് നൗ', മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിെൻറ ഉടമസ്ഥതയിലുള്ള 'ന്യൂസ് 18', 'ഫസ്റ്റ് പോസ്റ്റ്' എന്നിവ വാർത്ത സമ്പൂർണമായി തമസ്കരിച്ചു. 'ന്യൂ ഇന്ത്യൻ എക്സ്പ്രസ്' വാർത്ത പ്രസിദ്ധീകരിച്ച ശേഷം പിന്നീട് നീക്കം ചെയ്തു. ഭൂരിഭാഗം ചാനലുകൾക്കും അത് അന്തിച്ചർച്ച വിഷയമായി തോന്നുകപോലും ചെയ്തില്ല. നബാർഡിൽനിന്ന് ശേഖരിച്ച ഡാറ്റ ബാങ്കുകളുടെ സ്വാഭാവിക നടപടിക്രമം മാത്രമായതിനാൽ വാർത്തപ്രാധാന്യമില്ലാത്തതും അമിത് ഷാക്കെതിരെയുള്ള മഞ്ഞ പത്രപ്രവർത്തനമായതിനാൽ പ്രസിദ്ധീകരണ യോഗ്യമല്ലെന്നുമായിരുന്നു മഖ്യധാര മാധ്യമ മുതലാളിമാരുടെ വ്യാഖ്യാനം. നോട്ട് നിരോധനാനന്തരം എത്ര തുക തിരിച്ചുവന്നുവെന്ന പ്രാഥമികമായ കണക്ക് റിസർവ് ബാങ്ക് ഇപ്പോഴും പൂഴ്ത്തിവെച്ചിരിക്കെയാണ് ഇത്രയും വ്യക്തതയുള്ള ഡാറ്റ പുറത്തുവരുന്നതെന്ന് അവെരല്ലാവരും സൗകര്യപൂർവം വിസ്മരിച്ചു. ഇന്ത്യയിലെ മുഖ്യധാര മാധ്യമ പ്രവർത്തനം കേന്ദ്ര സർക്കാറിെൻറ പബ്ലിക് റിലേഷൻ പണിയായി ചുരുങ്ങിയിരിക്കുന്നു. സർക്കാറിനും സംഘ്പരിവാറിനും അനിഷ്ടകരമായ വാർത്തകൾ െഡസ്കുകളിൽ അസ്വാഭാവിക മരണത്തിന് വിധേയമാകുന്നത് അധികരിച്ചുകൊണ്ടിരിക്കുന്നു. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ 'ദ വീക്ക്' വിസമ്മതിച്ചതിനാലാണ് ജോലി രാജിവെച്ച ശേഷം 'കാരവന്' നൽകിയതെന്ന് പത്രപ്രവർത്തകൻ നിരഞ്ജൻ ടാക്ലെ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ചില നിയന്ത്രണങ്ങൾ പാലിച്ചാൽ നിങ്ങൾക്ക് കൊള്ളാമെന്ന് വാർത്തസമ്മേളനത്തിൽ പത്രക്കാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു ജമ്മു-കശ്മീരിലെ സമുന്നത ബി.ജെ.പി നേതാവ് ചൗധരി ലാൽ സിങ്. ഭീതിദമായ പെരുമാറ്റങ്ങളിൽനിന്നും ആത്മഹത്യപരമായ സെൻസർഷിപ്പുകളിൽനിന്നും മാധ്യമങ്ങൾക്ക് പുറത്തുകടക്കാനാകുന്നില്ലെങ്കിൽ സത്യത്തെ കുഴിച്ചുമൂടി വെക്കാൻ ഭരണകൂടത്തിന് എളുപ്പമാകും. ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളെ സ്വതന്ത്രബോധത്തോടെ വിശകലനം ചെയ്യാനുള്ള ജാഗ്രതയോടൊപ്പം പേനയുടെ മുനയൊടിക്കാനുള്ള സർക്കാറിെൻറ ശേഷിക്കുനേരെ കരുത്ത് പ്രകടിപ്പിക്കാനുള്ള ആർജവവും ഇനിമുതൽ മാധ്യമങ്ങൾക്ക് വേണ്ടിവരുമെന്നാണ് നിരഞ്ജൻ ടാക്ലെയുടെയും മനോരഞ്ജൻ റോയിയുടെയും അനുഭവങ്ങൾ പഠിപ്പിക്കുന്നത്. Blurb ഇന്ത്യയിലെ മുഖ്യധാര മാധ്യമപ്രവർത്തനം കേന്ദ്ര സർക്കാറിെൻറ പബ്ലിക് റിലേഷൻ പണിയായി ചുരുങ്ങിയിരിക്കുന്നു. സർക്കാറിനും സംഘ്പരിവാറിനും അനിഷ്ടകരമായ വാർത്തകൾ െഡസ്കുകളിൽ അസ്വാഭാവികമരണത്തിന് വിധേയമാകുന്നത് അധികരിച്ചുകൊണ്ടിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story