Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:17 AM IST Updated On
date_range 20 Jun 2018 11:17 AM ISTശക്തമായ കാറ്റിൽ ബേപ്പൂരിൽ വ്യാപക നാശം
text_fieldsbookmark_border
ബേപ്പൂർ: മേഖലയിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശം. രാത്രി എട്ടു മണിയോടെ ബേപ്പൂരിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിൽ മരങ്ങൾ കടപുഴകി രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ബേപ്പൂർ ബി.സി റോഡിന് പടിഞ്ഞാറ് കോട്ടോളി രാധാകൃഷ്ണെൻറയും കരുവള്ളി മോഹൻദാസിെൻറയും വീടുകൾക്കാണ് നാശം സംഭവിച്ചത്. കോട്ടോളി രാധാകൃഷ്ണെൻറ പുതിയ കോൺക്രീറ്റ് വീടിന് മുകളിലേക്ക് കൂറ്റൻ പ്ലാവും തെങ്ങും കടപുഴകി ഭാഗികമായി തകർന്നു. കോൺക്രീറ്റിനും ചുമരിനും വിള്ളൽ സംഭവിച്ചിട്ടുണ്ട്. അപകടസമയം വീടിനുള്ളിലുണ്ടായിരുന്ന അഞ്ചോളംപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തുതന്നെയുള്ള കരുവള്ളി മോഹൻദാസിെൻറ ഉടമസ്ഥതയിലുള്ള ഓടുമേഞ്ഞ വീടിന് മുകളിൽ തെങ്ങുവീണ് മേൽക്കൂര തകർന്നു. കഴുക്കോലകളും വീടിെൻറ ചുറ്റുമതിലും തകർന്നിട്ടുണ്ട്. വാടകക്ക് ഇവിടെ താമസിക്കുന്ന പാണക്കാട്ട് വിജയരാഘവനും ഭാര്യയും രണ്ടു കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിനകത്തെ സാധനസാമഗ്രികൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വേങ്ങേരി പ്രേമചന്ദ്രെൻറ വീടിന് മുകളിൽ കമുങ്ങ് വീണ് മേൽഭാഗം തകർന്നു. വെള്ളപ്പാലി ഹരിദാസെൻറ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നു താഴെവീണു. അഞ്ചുമിനിറ്റ് ആഞ്ഞുവീശിയ കാറ്റിൽ മേഖലയിൽ പല ഭാഗത്തായി മരങ്ങൾവീണു. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം റോഡുകളിലെയും ഇടവഴികളിലെയും പൊട്ടിവീണ മരങ്ങൾ തൽക്കാലം മുറിച്ചുമാറ്റി. വീടിെൻറ മുകളിലുള്ള മരങ്ങൾ വെളിച്ച സംവിധാനത്തിന് കുറവ് കാരണം പിന്നീട് മാറ്റും. മീഞ്ചന്തയിൽനിന്ന് പാനോത്ത് അജിത്കുമാറിെൻറ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങളും വില്ലേജ് ഓഫിസറും വാർഡ് കൗൺസിലർമാരായ തോട്ടപ്പായിൽ അനിൽകുമാർ, നെല്ലിക്കോട്ട് സതീഷ് കുമാർ, പേരോത്ത് പ്രകാശൻ, പൊന്നത്ത് ഷൈമ, ബേപ്പൂർ എസ്.ഐ റെനീഷ്, കെ. ഹാരിസും സംഭവസ്ഥലങ്ങളിലെത്തി. ബേപ്പൂർ ആർ.എം ആശുപത്രിക്കു സമീപം വൈദ്യുതി ലൈനുകളിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ബസ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് മരം ഭാഗികമായി മുറിച്ചുമാറ്റി 9.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെ തുടർന്ന് ബേപ്പൂർ ടൗൺ, കയർ ഫാക്ടറിക്ക് സമീപം, ആർ.എം ആശുപത്രി പരിസരം തുടങ്ങി നിരവധി മേഖലയിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി തൂണുകൾ പലയിടങ്ങളിലും വീണു. വൈദ്യുതി ലൈൻ അപകടനിലയിലായതോടെ റോഡിൽ സുരക്ഷയൊരുക്കാൻ ഹൈവേ പട്രോളിങ് പൊലീസ് സംഘം സ്ഥലത്ത് നിയന്ത്രണമേർപ്പെടുത്തി. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി ബുധനാഴ്ച തുടരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story