Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:20 AM IST Updated On
date_range 15 Jun 2018 11:20 AM ISTമുത്തലിബിനും ഉമ്മക്കും ഇത് സങ്കടപ്പെരുന്നാൾ
text_fieldsbookmark_border
വി.വി. ജിനീഷ് പേരാമ്പ്ര: കഴിഞ്ഞ പെരുന്നാളിന് ഞങ്ങൾ മൂന്നുപേരും കൂടി സാബിത്ത്ക്കാെൻറ വണ്ടിയിലാണ് ബന്ധുവീടുകളിൽ പോയത്. പെരുന്നാളിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ മുത്തലിബ് ആദ്യം ഒാർത്തത് ഇതാണ്. ഈ പെരുന്നാളിന് ഇക്കാക്കമാരായ സാബിത്തും സ്വാലിഹും ഉപ്പ മൂസ മുസ്ലിയാരും കൂടെയില്ല. എല്ലാവരും സന്തോഷത്തോടെ പെരുന്നാൾ ആഘോഷിച്ചിരുന്ന പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി വീട് അനാഥാവസ്ഥയിലാണ്. നിപ വൈറസ് ബാധിച്ച് രണ്ടാഴ്ചക്കുള്ളിൽ രണ്ട് സഹോദരങ്ങളെയും ഉപ്പയെയും നഷ്ടപ്പെട്ട മുത്തലിബിനും ഉമ്മ മറിയത്തിനും ഇൗ പെരുന്നാൾ സങ്കടത്തിേൻറതാണ്. സഹോദരങ്ങളും ഉപ്പയും യാത്രയായതോടെ മുത്തലിബ് ഉമ്മക്കൊപ്പം അമ്മാവൻ മുനീറിെൻറ ആവടുക്കയിലെ വീട്ടിലാണ് താമസം. കഴിഞ്ഞ പെരുന്നാളുകളുടെ നല്ല ഓർമകൾ മാത്രമാണ് ഇത്തവണ മുത്തലിബിനുള്ളത്. റമദാൻ വ്രതം തുടങ്ങിക്കഴിഞ്ഞാൽ ഉപ്പ മിക്ക സമയങ്ങളിലും പള്ളിയിലായിരിക്കും. ഈ റമദാനിൽ മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു. സ്വാലിഹും സാബിത്തും സഹോദരങ്ങൾ എന്നതിനേക്കാൾ സുഹൃത്തുക്കളായിരുന്നു. വീട്ടിൽ എന്ത് ആഘോഷമുണ്ടെങ്കിലും കൂടപ്പിറപ്പുകൾ ഒരുമിച്ചുണ്ടാവും. ഏറ്റവും ഇളയവനായതുകൊണ്ട് എല്ലാവർക്കും എന്നോട് പ്രത്യേക സ്നേഹമായിരുന്നു. മുത്തലിബ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 2013 മാർച്ച് ഒമ്പതിനാണ് കുടുംബത്തിൽ ആദ്യ ദുരന്തമെത്തിയത്. മുത്തലിബിെൻറ തൊട്ടടുത്ത ജ്യേഷ്ഠൻ മുഹമ്മദ് സാലിം ബൈക്കപകടത്തിൽ മരിച്ചത് അന്നാണ്. ആ മരണമുണ്ടാക്കിയ വേദന മാറിവരുമ്പോഴാണ് മഹാമാരിയെത്തി പിതാവിനെയും രണ്ട് സഹോദരങ്ങളെയും കൂടി വേർപിരിച്ചത്. പേരാമ്പ്ര ജബലന്നൂർ കോളജിൽ ബി.എ സോഷ്യോളജി രണ്ടാംവർഷ വിദ്യാർഥിയാണ് മുത്തലിബ്. സാബിത്തിെൻറ മരണവാർത്ത ഹോസ്റ്റലിൽ കഴിയുേമ്പാഴാണ് അറിഞ്ഞത്. പിന്നീട്, മൂത്ത ജ്യേഷ്ഠൻ സ്വാലിഹിന് പനി വന്ന് ആദ്യം കുറ്റ്യാടി ആശുപത്രിയിലും പിന്നീട് പേരാമ്പ്ര സഹകരണാശുപത്രിയിലും അതിനുശേഷം ബേബി മെമ്മോറിയൽ ആശുപത്രിയിലും ചികിത്സക്ക് കൊണ്ടുവന്നപ്പോൾ മുത്തലിബും കൂടെയുണ്ടായിരുന്നു. മേയ് 18ന് സ്വാലിഹിെൻറ മയ്യിത്തുമായാണ് വീട്ടിലെത്തിയത്. പിന്നീട് ഉപ്പയുടെ മയ്യിത്ത് ഖബറടക്കുന്ന കണ്ണൻപറമ്പിലും അവനെത്തിയിരുന്നു. 18 വയസ്സിനുള്ളിൽ ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ട വേദന മുത്തലിബ് അനുഭവിച്ചുകഴിഞ്ഞു. മരണം സമ്മാനിച്ച വേദന കൂടാതെ, വ്യാജ വാർത്തകളും ചിലരുടെയെല്ലാം ഒറ്റപ്പെടുത്തലുകളും പറഞ്ഞറിയിക്കാൻ കഴിയാത്ത സങ്കടമാണ് നൽകിയത്. പിടിച്ചുനിൽക്കാൻ കഴിഞ്ഞത് ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ ആത്മബലവും ദൈവാനുഗ്രഹവും കൊണ്ട് മാത്രമാണ്. ഉമ്മയെ ഇനിയും വേദനിപ്പിക്കാതെ സംരക്ഷിക്കുകയാണ് തെൻറ പ്രഥമ ലക്ഷ്യമെന്ന് ഈ 18കാരൻ പറയുന്നു. പഠനം തുടരണം. നിലവിലെ വീട് വിറ്റ് വാങ്ങിയ പുതിയ വീട്ടിൽ കുറച്ചു പണികൾ നടത്താനുണ്ട്. അത് നടത്തിക്കഴിഞ്ഞാൽ ഉമ്മയോടൊപ്പം അവിടേക്ക് മാറാനാണ് ആഗ്രഹമെന്നും മുത്തലിബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story